ഹൃദയ വിശാലത; വിശാലിന്റെ ഹൃദയം ഇനി സ്പന്ദിക്കുക സന്ധ്യയില്‍

കൊച്ചി: പേരുപോലെ തന്നെ ജീവിതം പൂര്‍ണമായും ഇരുളിന് വഴിമാറിയ ഘട്ടത്തിലായിരുന്നു തൃശൂര്‍ സ്വദേശിനി സന്ധ്യ. ഹൃദ്രോഗത്തെ തുടര്‍ന്ന് ജീവിതം ഇനിയെന്ത് എന്ന ചോദ്യത്തിന് മുന്നില്‍ പകച്ചു നില്‍ക്കുകയായിരുന്നു സന്ധ്യയെന്ന വീട്ടമ്മ. പക്ഷെ, അങ്ങ് തെക്ക് അനന്തപുരിയുടെ നഗരത്തില്‍ നിന്നും ഒരു ഹൃദയം സിന്ധുവിനായി മിടിക്കുന്നുണ്ടായിരുന്നു. 15 കാരന് വിശാലിന്റെ ജീവിതത്തിന് അപ്രതീക്ഷിതമായി തിരശ്ശീല വീണപ്പോള്‍ അത് സന്ധ്യയുടെ പുതുജീവനായി പരിണമിക്കുകയായിരുന്നു. മനുഷ്യത്വത്തിന്റെ കണങ്ങള്‍ ഇവിടെ ഇനിയും അവശേഷിക്കുന്നു എന്നതിന്റെ തെളിവുകളാവുകയാണ് ഇത്തരം സംഭവങ്ങള്‍.

ജീവിതം വിടരും മുന്‍പ് മരണത്തെ പുല്കിയെങ്കിലും വിശാല്‍ ഇനി സന്ധ്യയിലൂടെ ജീവിക്കും. തിരുവനന്തപുരത്ത് മസ്തിഷ്കമരണം സംഭവിച്ച വിശാലിന്റെ ഹൃദയം വിമാന മാര്‍ഗം കൊച്ചിയിലെത്തിച്ചാണ് ശസ്ത്രക്രിയ നടത്തിയത്. മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശ പ്രകാരം നേവിയുടെ ഡോണിയര്‍ എയര്‍ ക്രാഫ്റ്റ് വഴി ഹൃദയം എത്തിച്ചത്.
കൊച്ചി എയര്‍ ആംബുലന്‍സ് ഉപയോഗപ്പെടുത്തി തിരുവനന്തപുരത്ത് നിന്നും കൊച്ചിയില്‍ ഹൃദയമെത്തിച്ചായിരുന്നു ശസ്ത്രക്രിയ നടത്തിയത്. കൊച്ചിയിലെ ലിസി ആശുപത്രിയിലായിരുന്നു 27 കാരിയായ സന്ധ്യയുടെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നത്. ഇത് രണ്ടാം തവണയാണ് എയര്‍ ആംബുലന്‍സ് ഉപയോഗപ്പെടുത്തി സംസ്ഥാനത്ത് ഹൃദയമാറ്റ ശസ്ത്രക്രീയ നടക്കുന്നത്.
വിശാലിന്റെ ഹൃദയത്തിന് പുറമെ കരളും വൃക്കകളും മൂന്ന് പേര്‍ക്ക്കൂടി പുതുജീവന്‍ നല്‍കും. സംസ്ഥാന സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയില്‍ പേര് രജിസ്റ്റര്‍ ചെയ്തിരുന്ന നാലുപേര്‍ക്കാണ് വിശാലിന്റെ അവയവങ്ങള്‍ ദാനം ചെയ്തിരിക്കുന്നത്.
കാറപകടത്തിലാണ് തിരുവനന്തപുരം കോരാണി സ്വദേശിയായ വിശാലിന് മസ്തിഷ്ക മരണം സംഭവിച്ചത്. സ്കൂളില്‍ നിന്നും വീട്ടിലേക്ക് വരുമ്പോള്‍ വിശാലിനെ കാറിടിക്കുകയായിരുന്നു. ആ മാസം 16 നായിരുന്നു സംഭവം. തലയ്ക്ക് ഗുരുതര പരിക്കേറ്റ നിലയിലായിരുന്നു വിശാലിനെ അആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് വിശാലിന്റെ മസ്തിഷ്ക മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്.
കഴിഞ്ഞ വര്‍ഷവും സമാനമായ രീതിയില്‍ തിരുവനന്തപുരത്തു നിന്ന് എയര്‍ ആംബുലന്‍സില്‍ ഹൃദയം എത്തിച്ച് കൊച്ചിയില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ മസ്തിഷ്ക മരണം സംഭവിച്ച പാറശ്ശാല സ്വദേശി അഡ്വക്കേറ്റ് നീലകണ്ഠശര്‍മ്മ എന്നയാളുടെ ഹൃദയമാണ് കൊച്ചി ലിസ്സി ആശുപത്രിയിലുള്ള രോഗിക്കായി എത്തിച്ചത്. 2015 ജൂലൈ 24 നായിരുന്നു കേരളത്തിന്റെ ചരിത്രത്തില്‍ത്തന്നെ ആദ്യമായി ഇത്തരമൊരു സംഭവം നടന്നത്.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക