കത്തിയുമായി ഭീഷണി മുഴക്കിയ അക്രമിയെ വനിതാ പൊലീസ് ഉദ്യോഗസ്ഥ തന്ത്രപരമായി കീഴടക്കി

AMERICA
വാഷിംഗ്ടണ്‍: കത്തി കാണിച്ച് ആത്മഹത്യാഭീഷണി മുഴക്കിയ യുവാവിനെ വനിതാ പൊലീസ് ഉദ്യോഗസ്ഥ തന്ത്രപരമായി കീഴടക്കി. അമേരിക്കയിലാണ് സംഭവം. സുരക്ഷാസേനയായ സ്വാറ്റിന്റെ ഓപ്പറേഷനിടെയാണ് അക്രമിയെ ചടുല മെയ് വഴക്കത്തോടെ വനിതാ ഉദ്യോഗസ്ഥ തറ പറ്റിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങളില്‍ കത്തിയുമായി നടുറോഡില്‍ നില്‍ക്കുന്ന അക്രമിയേയും സമീപത്തായി നില്‍ക്കുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥരേയും കാണാം. ഭീഷണി മുഴക്കി നിന്ന അക്രമിയുടെ ശ്രദ്ധ തെറ്റിയ നിമിഷത്തിലാണ് ഉദ്യോഗസ്ഥ ഇടപെട്ടത്. അക്രമിയുടെ പിന്നിലേക്ക് ചുവടുവെച്ച ഇവര്‍ ഇയാളുടെ കൈ പിന്നിലേക്ക് വളച്ചൊടിച്ച് കത്തി തട്ടിത്തെറിപ്പിച്ചു. പിന്നീട് ഇയാളെ നിലത്തേക്ക് തള്ളിയിട്ട് കീഴടക്കുകയായിരുന്നു. ഉടന്‍തന്നെ മറ്റ് പൊലീസുകാരും ഇടപെട്ട് ഇയാളെ വിലങ്ങണിയിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയയില്‍ പ്രചരിച്ചതോടെ നിരവധി പേരാണ് ഉദ്യോഗസ്ഥയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് രംഗത്ത് വന്നത്.

DONT MISS