ദേശാടനക്കിളികളുടെ പറുദീസയിലേക്ക് !! (മംഗളജോതി ചില്‍ക യാത്ര)

mangalajodi_inner

യാത്രകള്‍ എല്ലായിപ്പോഴും അങ്ങനെയാണു. മനസിനെ കുളിരണിയിച്ച് കാഴ്ച്ചയുടെ നിറവസന്തമൊരുക്കി നമ്മളെ ആനന്ദലഹരിയില്‍ ആറാടിക്കും. ഇന്ത്യയിലെ ഏറ്റവും വിസ്തൃതമായ ലവണഭൂമിയായ മംഗളജോതിയിലേക്കുള്ള യാത്ര അപ്രതീക്ഷിതവും അവിശ്വസനീയവുമായ അനുഭവമാണു പകര്‍ന്നു നല്‍കിയത്. കാഴ്ച്ചയുടെ പുത്തന്‍ ഭാവങ്ങളുമായി സഞ്ചാരികളെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുന്ന ചില്‍ക പരിസ്ഥിതി ടൂറിസത്തിനു ഏറെ പ്രാധാന്യമുള്ള മേഖലയാണ്. വര്‍ഷാവര്‍ഷം പരിസ്ഥിതിപ്രേമികളായ സഞ്ചാരികളുടെ വലിയ നിരതന്നെ ഇവിടേക്ക് എത്താറുണ്ട്.

എന്നും മനോഹരമായ വനയാത്രകളാണു ട്രാവലോണ്‍ ഒരുക്കി തരാറുള്ളത്. അതുകൊണ്ട് തന്നെ മംഗലജോതിയിലേക്ക് ഒരു യാത്ര എന്ന് കേട്ടപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ചാടിപ്പുറപ്പെട്ടു. ഭുവനേശ്വര്‍ വരെ ട്രെയിനില്‍. മുന്‍ കാഴ്ച്ചകളെ അപേക്ഷിച്ച് ജാലക കാഴ്ച്ചകള്‍ വ്യത്യസ്തമാണ്. കാലാവസ്ഥയ്‌ക്കൊപ്പം ഒരോ ദേശത്തിന്റെയും മുഖഛായ തന്നെ മാറുന്നു. കൊയ്ത്ത് കഴിഞ്ഞ പാടങ്ങള്‍ , വേനല്‍ച്ചൂടില്‍ ഉണങ്ങി വാടി വാര്‍ദ്ധക്യഭാവത്തിലെത്തി നില്‍ക്കുന്ന കാര്‍ഷിക വിളകള്‍.ഇടയ്ക്കിടെ മിന്നിമറയുന്ന പച്ചപ്പ് .തീവണ്ടിപ്പാളത്തിനകലെ നിരയൊത്ത് നിലം പൊത്തി പണിതിരിക്കുന്ന ചെറു കൂരകള്‍.വേറിട്ട സംസ്‌കാരങ്ങള്‍ വേഗജീവിതങ്ങള്‍ അങ്ങനെ അങ്ങനെ തീവണ്ടി വേഗത്തിനൊപ്പം കാഴ്ചകളും നൊടിയിടയില്‍ മിന്നി മറയുന്നു.ഇടയ്‌ക്കെപ്പോഴോ കുഞ്ഞു കുട്ടി പരാദീനങ്ങളുമായി കൂട്ടത്തോടെ കയറി വന്ന് സീറ്റു കയ്യടക്കി സായന്തനം ആഘോഷിച്ച ഒഢിഷന്‍ ഗ്രാമീണര്‍ അല്‍പ്പം അലോസരപ്പെടുത്തി. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തില്‍ കടന്നുകയറി ആധിപത്യം സ്ഥാപിക്കുന്ന പ്രതീതി. ദീര്‍ഘദൂര യാത്രകള്‍ ചിലപ്പോഴൊക്കെ അങ്ങനെയാണു. അതൃപ്തിയോടെ വീണ്ടും വഴിയോരക്കാഴ്ച്ചകളിലേക്കായി ശ്രദ്ധ.
mangalajodi1

ഇടയ്ക്കിടെ നിര്‍ത്തിയിടുന്ന തീവണ്ടിയെ പഴിച്ചും ട്രെയിന്‍ യാത്രയുടെ വിരസതകളില്‍ നിന്ന് ഓടിയൊളിച്ചും ഭുവനേശ്വര്‍ എത്തിയത് അറിഞ്ഞില്ല. ഇനിയുള്ള യാത്ര കാറിലാണു. ഭുവനേശ്വറില്‍ നിന്നും ഏകദേശം ഒരു മണിക്കൂറോളം യാത്രയുണ്ട് ഗ്രാമീണതയുടെ നൈര്‍മ്മല്യം വിളിച്ചോതുന്ന മംഗലജോതിയിലേക്ക്. ഇടയ്ക്ക് വിശപ്പിന്റെ കാഠിന്യം കൂടിയപ്പോള്‍ വഴിയില്‍ ധാബയില്‍ കയറി. റൊട്ടിയും പനീര്‍ മസാലയുമൊക്കെയായി നല്ല സ്വാദേറിയ ഭക്ഷണവും കഴിച്ച് യാത്ര തുടര്‍ന്നു.

ഒഡിഷയിലെ ഹോര്‍ദ്ദ ജില്ലയിലെ ഒരു ചെറിയ ഗ്രാമം ആണു മംഗലജോതി. വഴിയരുകില്‍ നിരയൊത്ത് നില്‍ക്കുന്ന മുളങ്കാടുകളാണു സഞ്ചാരികളെ ഗ്രാമത്തിലേക്ക് സ്വാഗതമോതുന്നത്. അങ്ങിങ്ങായി കൃഷിയിടങ്ങള്‍. ചെറു വീടുകള്‍.വഴിയരികിലൂടെ കുടവും തലയിലേന്തി പോകുന്ന ഗ്രാമീണവനിതകള്‍ വേനല്‍ക്കാലയാത്രയിലെ നിത്യ കാഴ്ച്ചകളാണ്. വര്‍ണ്ണാഭമായ വേഷവിധാനങ്ങളും നിറയെ ആഭരണങ്ങളുമണിഞ്ഞു ഇരു കൈയ്യിലും കുടവുമേന്തി പോകുന്ന കാഴ്ച്ചയില്‍ കൗതുകം തോന്നി അല്‍പദൂരം പിന്തുടര്‍ന്നു. ആരോ പിന്നാലെയുണ്ടെന്ന തോന്നലാവാം ഒന്നു തിരിഞ്ഞു നോക്കുകപോലും ചെയ്യാതെ അവര്‍ നടത്തത്തിനു വേഗം കൂട്ടി , അവസാനം ഓട്ടത്തില്‍ കലാശിച്ചു. കിലോമീറ്ററുകള്‍ താണ്ടി കുടിവെള്ളം ശേഖരിക്കേണ്ടിവരുന്ന ദുരവസ്ഥ ദയനീയം തന്നെ !

mangalajodiii

മംഗലജോതി എത്തിയപ്പോളേക്ക് കാഴ്ച്ചയുടെ രൂപവും ഭാവവും പാടെ മാറി. പരമ്പരാഗത കൃഷിരീതികള്‍ പിന്തുടരുന്ന ഗ്രാമീണരുടെ പ്രധാന കുടില്‍ വ്യവസായം മുളകൊണ്ടുള്ള കരകൗശല വസ്തുക്കളുടെ നിര്‍മ്മാണവും വിപണനവുമാണു.പ്രായഭേദമന്യേ കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ വഴിയോരക്കച്ചവടത്തില്‍ സജീവമായിരിക്കുന്നു. മുഷിഞ്ഞ വസ്ത്രവും ദയനീയഭാവവുമായി ഇരിക്കുന്ന കുട്ടികളിലേക്ക് അറിയാതെ ശ്രദ്ധനീണ്ടു. അവരെയാണു നോക്കുന്നത് എന്നു മനസിലായപ്പോഴേക്കും പ്രതീക്ഷ നിറഞ്ഞ കണ്ണുകളുമായി പിന്നാലെ കൂടി. ഇന്ത്യയുടെ നഷ്ട ബാല്യങ്ങള്‍. ഒന്നുരണ്ട് സ്തൂപങ്ങളും വാങ്ങി വഴിയും വിശദമായി ചോദിച്ച് മനസിലാക്കിയതിനും ശേഷം ഇക്കോ കോട്ടേജിലേക്ക് യാത്ര തുടര്‍ന്നു. അവിടെ ഇന്നൊരു ദിവസം വിശ്രമം അതിനു ശേഷം യാത്ര തുടരാം എന്നതാണു പ്ലാന്‍.

സാമാന്യം നല്ല വൃത്തിയുള്ള അന്തരീക്ഷം. മുളകൊണ്ടാണു മിക്ക കോട്ടേജുകളും നിര്‍മ്മിച്ചിരിക്കുന്നത്. മുളകൊണ്ടുള്ള കോട്ടേജിലെ വാസം ചൈനയിലെ ഗോത്രവംശജരുടെ പൗരാണിക ഗ്രാമത്തിന്റെ പ്രതീതിയുളവാക്കി. പുലര്‍ച്ചെ ഉദയസൂര്യ കിരണങ്ങള്‍ ഭൂമിയില്‍ പതിക്കും മുന്‍പേ തന്നെ യാത്ര ആരംഭിച്ചു. കനത്ത നിശബ്ദത വിതയ്ക്കുന്ന ഗ്രാമീണ വഴികള്‍ പിന്നിട്ടാല്‍ പിന്നെ യാത്രയുടെ ലഹരിയില്‍ നമ്മളറിയാതെ ലയിച്ചുപോകും. മുളങ്കാടുകളില്‍ ഉല്ലാസത്തോടെ സംഗീതമോതുന്ന കാട്ടു പറവകള്‍.അതിനു താളം പിടിച്ചുകൊണ്ടുള്ള ഇലയനക്കങ്ങള്‍. മുന്‍പോട്ട് പോകുംതോറും കാഴ്ച്ചയുടെ വിസ്മയ ലോകം തന്നെയാണു പ്രകൃതി ഞങ്ങള്‍ക്കായി കാത്ത് വെച്ചിരുന്നത്.

ചുറ്റിനും വെള്ളത്താല്‍ പരന്നു കിടക്കുന്ന പ്രദേശം. ചതുപ്പ് നിലങ്ങള്‍, അങ്ങിങ്ങായി ഉയര്‍ന്നു നില്‍ക്കുന്ന ചെറിയ പുല്‍ച്ചെടികള്‍ . വെള്ളത്തില്‍ ആര്‍ത്തുല്ലസിക്കുന്ന വിവിധയിനം പക്ഷികള്‍. കാഴ്ച്ചകളും ആസ്വദിച്ച് മംഗലജ്യോതിയുടെ അപൂര്‍വ്വതകള്‍ തേടിയുള്ള യാത്ര അവസാനിച്ചത് ചില്‍ക ലേയ്കിലാണു.
chilika-lakeകോടമഞ്ഞിന്റെ ആലസ്യത്തില്‍ അമര്‍ന്നുകിടക്കുന്ന ചില്‍കയ്ക്ക് സമാനതകളില്ലാത്തൊരു സുന്ദരിയുടെ ഭാവമാണു. സഞ്ചാരികളെ ചില്‍കയുടെ സുന്ദരദൃശ്യങ്ങളിലേയ്ക്ക് കൂടുതല്‍ ആഴത്തിലെത്തിക്കാന്‍ കെട്ടുവള്ളങ്ങളും ചെറിയ ബോട്ടുകളും തീരത്ത് കാത്തു കിടക്കുന്നു. കാല്‍പനികമായ ഓര്‍മ്മകളുണര്‍ത്തിയ കെട്ടുവള്ളത്തിലെ യാത്രയില്‍ അല്‍പസമയം കിളികളുടെ സംഗീതങ്ങള്‍ക്കായി മനസ്സ് തുറന്നുകൊടുത്തു.പരദൂഷണം പറയാന്‍ പക്ഷികളും മോശക്കാരല്ല ! ചുറ്റിനും കാതടപ്പിക്കുന്ന കിളികളുടെ കളകളാരവങ്ങള്‍ മാത്രം. ഒറ്റയ്ക്കും കൂട്ടമായും ചുറ്റുപാടുകളെ ശ്രദ്ധിക്കാതെ അവ ആസ്വദിച്ച് ഇരതേടലില്‍ വ്യാപൃതരായിരിക്കുന്നു. പായല്‍ പരപ്പുകളോട് ചേര്‍ന്ന് നില്‍ക്കുന്ന ചെറു പുല്‍നാമ്പുകള്‍, ചെറു പ്രാണികള്‍, ചെറു മീനുകള്‍, ഇവയൊക്കെയാണു ഇഷ്ട ഭക്ഷണം.

bird1

ചില്‍ക ലേയ്ക്കും ബെ ഓഫ് ബംഗാളും തമ്മില്‍ അറുപത് മീറ്ററോളം നീളമുള്ള ഒരു ചാലുമായി ബന്ധിപ്പിച്ചിരിക്കുന്നത്രേ. പക്ഷികളെ ചൂണ്ടിക്കാണിച്ചു തരുന്നതിനിടയ്ക്ക് ദൂരേയ്ക്ക് കൈ ചൂണ്ടി സംവദ് പറഞ്ഞു.ദയാ നദി ബംഗാള്‍ ഉള്‍ക്കടലിനോട് ചേരുന്ന ഭാഗത്തെക്കുറിച്ച് മുന്‍പെപ്പോഴോ വായിച്ചത് ഓര്‍മ്മയിലുണ്ട്. സംവദ് ആണു കെട്ടുവള്ളത്തിന്റെ സാരഥി. മത്സ്യബന്ധനമാണു പ്രധാന തൊഴില്‍. കാശ് അല്‍പ്പം കൂടുതല്‍ കിട്ടുമെങ്കില്‍ ഇടയ്ക്ക് സഞ്ചാരികളുമായി സവാരിക്കിറങ്ങും. ചില്‍കയെക്കുറിച്ചും വിരുന്നുകാരായ പക്ഷികളെക്കുറിച്ചുമൊക്കെ നല്ല ഗ്രാഹ്യമാണു . അതുകൊണ്ട് തന്നെ ഈ മേഖലയില്‍ പിടിച്ചുനില്‍ക്കുന്നു എന്നാണു സംവദിന്റെ വാദം.

ചെറുദ്വീപുകളും കടല്‍ത്തീരവും ചേര്‍ന്ന ചില്‍ക പുരി ,ഖുര്‍ദ്ദ ,ഗഞ്ജാം എന്നീ തീരദേശ ജില്ലകളിലായി വ്യാപിച്ച് കിടക്കുന്നു. വൈവിധ്യമാര്‍ന്ന പ്രകൃതി സമ്പത്തിനാല്‍ സമ്പന്നമാണു ഇവിടം.രംഭബേ , ബേക്കണ്‍ ,ബ്രേക്ഫാസ്റ്റ് ,ഹണിമൂണ്‍ ,എന്നിങ്ങനെ അറിയപ്പെടുന്ന ചുറു ദ്വീപുകള്‍ ചില്‍കയിലുണ്ട്.ഡോള്‍ഫിനുകളുടെ കലവറയായിരുന്ന സത്പദ ആയിരുന്നു അതിലേറ്റവും പ്രസിദ്ധവും മനോഹരവും.ഇന്ത്യയിലെ ഏറ്റവും വലിയ ലവണഭൂമിയായ ചില്‍ക ലേയ്ക്ക് 740 കിലോമീറ്ററോളം വിസ്തീര്‍ണ്ണത്തില്‍ വ്യാപിച്ച് കിടക്കുന്നു. വാട്ടര്‍ ലഗൂണ്‍ ടൂറിസത്തിന്റെ അനന്ത സാധ്യതകളിലേയ്ക്ക് വാതായനങ്ങള്‍ തുറക്കുന്ന ചില്‍ക ദേശാടനക്കിളികളുടെ പറുദീസ കൂടിയാണു. വര്‍ഷാ വര്‍ഷം അനവധി ദേശാടനക്കിളികള്‍ ഇവിടേക്ക് വിരുന്നിനെത്തുന്നു. ശൈത്യകാല ശീതളിമയിലാണു അവയില്‍ കൂടുതലെണ്ണവും ഇവിടെ കാണാറുള്ളത് .അര്‍ദ്ധ ദ്വീപിന്റെ സ്വഭാവമുള്ള ചില്‍കയില്‍ സ്ഥിരവാസികളും ദേശാടനക്കിളികളുമുള്‍പ്പടെ ഏകദേശം 200 ഓളം വിഭാഗത്തില്‍ പെട്ട പക്ഷികളെ കാണാറുണ്ട് ഞാരപക്ഷി ,തൂവെള്ളയും ചാരയും നിറമുള്ള കൊക്കുകള്‍ കിംഗ് ഫിഷര്‍ ,ഗള്‍ എന്നിങ്ങനെ തുടങ്ങി പേരറിയാത്ത അനവധി പക്ഷികള്‍..

birdss

സമൃദ്ധിക്കൊപ്പം മനോഹാരീതയും നിറഞ്ഞു നില്‍ക്കുന്ന ചില്‍ക കാഴ്ച്ചയിലങ്ങനെ നിറഞ്ഞു നില്‍ക്കുന്നു. പക്ഷികള്‍ക്ക് മാത്രമായൊരു ലോകം. അത് പൂര്‍ണ്ണമായി വരികളില്‍ ,വാക്കുകളില്‍ വരച്ചുകാട്ടുക അപ്രാപ്യമാണു. ഹൃദയതാളത്തിന്റെ ഈണത്തില്‍ പറന്നുയരുന്ന പക്ഷികള്‍ , ആകാശത്ത് ചടുലതയോടെ നൃത്തം ചെയ്യുന്നു. ചിറകുകള്‍ വീശി ചിത്രം വരയ്ക്കുന്നു. കാഴ്ചകളില്‍ ലയിച്ച് സമയം പോയതറിഞ്ഞില്ല. സുവര്‍ണ്ണ പ്രഭയില്‍ ജ്വലിച്ച് നില്‍ക്കുന്ന ചില്‍കയോട് യാത്രപറയാന്‍ സമയമായി. തിരികെ മംഗലജോതിയില്‍ എത്തിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട് സംവദ്.ഗ്രാമത്തില്‍ ഉത്സവ സീസണ്‍ ആയതിനാല്‍ അവിടെയ്ക്ക് ഒരു ക്ഷണവും കിട്ടി സംവദ് ന്റെ വക. അങ്ങനെ മനസ്സില്ലാ മനസ്സോടെ അവിടെ നിന്നു മടങ്ങി .മംഗലജോതിയില്‍ എത്തി അല്‍പം വിശ്രമത്തിനു ശേഷം ഭക്ഷണവും കഴിച്ച് ദന്ധയാത്ര നടക്കുന്നിടത്തേക്ക് യാത്രതിരിച്ചു. സംവദിന്റെ മകന്‍ അമന്‍ എന്ന പത്തുവയസ്സുകാരന്‍ മിടുക്കനാണു വഴികാട്ടി. യാത്രക്കിടയില്‍ ഇടയ്ക്ക് രാവിലെ വെള്ളവുമായി പോയ സ്ത്രീകളുടെ കൂട്ടത്തെ വീണ്ടും കാണുവാനിടയായി. അപരിചിതരോടുള്ള ആശങ്കയോ, ഭയമോ എന്താന്നറിയില്ല അവരെ വീണ്ടും ഞങ്ങളില്‍ നിന്ന് മറഞ്ഞു നില്‍ക്കുവാന്‍ പ്രേരിപ്പിച്ചത് എന്നില്‍ നേരിയ സംശയമുണ്ടാക്കി. മനുഷ്യരോട് നേരെനിന്നു മിണ്ടാന്‍ പോലും മടിയുള്ളത്ര സങ്കുചിത മനോഭാവം എങ്ങനെയാണീ ഗ്രാമീണസ്ത്രീകള്‍ക്ക് കൈവന്നത് .

ഗ്രാമീണതയുടെ ചരിത്രവും പൈതൃകവും കാത്ത് സൂക്ഷിക്കുന്ന മംഗലജോതി വിരുന്നുകാരായെത്തുന്ന ദേശാടനക്കിളികളുടെ മാത്രമല്ല , അനവധി കലാസാംസ്‌കാരിക തനിമയുടെ ഇടം കൂടിയാണു. ചൈത്രമാസത്തില്‍ അരങ്ങേറുന്ന ദന്ധയാത്ര ആണു അതില്‍ പ്രസിദ്ധം. കലിംഗ സാമ്രാജ്യത്തിന്റെ പ്രാചീന ഉത്സവം കൂടിയാണു ഇത്. ഒഡിഷന്‍ ഗോത്രവിഭാഗക്കാര്‍ ഇപ്പോഴും ഒരു ആചാരമായി ഈ ഉത്സവം പിന്തുടര്‍ന്നു പോരുന്നു. ചൈത്ര വൈശാഖമാശങ്ങളിലായി നീണ്ടു നില്‍ക്കുന്ന ഈ ഉത്സവത്തിന്റെ ആദ്യപകുതി ശിവപ്രസാദവും രണ്ടും മൂന്നും പകുതിയില്‍ ദേവീ ഭക്തിയും അലി പൂജയും പ്രതിനിധാനം ചെയ്യുന്നു.

chilikka

ചടുലതയാര്‍ന്ന നൃത്തച്ചുവടുകളോടെ ആരംഭിക്കുന്ന ദന്ധയാത്രയില്‍ ഗ്രാമീണര്‍ എല്ലാം മറന്നു ആര്‍ത്തുല്ലസിക്കുന്നു. നര്‍ത്തകരെ ദന്ധാസ് എന്നാണു വിളിക്കുന്നത്. പെറുമ്പറകൊട്ടുന്ന ഒച്ചയിലുള്ള വാദ്യമേളങ്ങളോടെ ശിവനായും കലിയായുമെല്ലാം രൂപ ഭാവ വേഷവിധാനങ്ങളോടെ താന്ധവ നൃത്ത ലഹരിയിലാണു എല്ലാവരും. ദന്ധാസ് വ്രതം എടുത്തിട്ടാണു നൃത്തം ചെയ്യാറുള്ളതത്രെ. 13 ,18,21 എന്നിങ്ങനെയാണു ഉത്സവ കാലയളവ്. ഇഷ്ടദേവി തരാതരിണിയെ സന്തുഷ്ട ആക്കാന്‍ വേണ്ടിയാണു കലിംഗാ രാജവംശം ഈ ഉത്സവം ആരംഭിച്ചത് എന്നും വിശ്വാസമുണ്ട്. വ്യത്യസ്തവും വിശിഷ്ടവുമായ ആചാരാനുഷ്ടാനങ്ങളുടെ സംയോജന രീതിയായ ദന്ധയാത്ര ആ ജനതയുടെ സംസ്‌കാരത്തിലേക്കും പൈതൃകത്തിലേക്കും സഞ്ചാരികളെ കൈപിടിച്ചാനയിക്കുന്നു.

അതെ , യാത്ര എപ്പോഴും അങ്ങനെയാണു. ഒരു ദേശത്തെത്തുമ്പോള്‍ നാം പോലും അറിയാതെ ആ പ്രദേശത്തിന്റെ തനിമയും ജീവിതരീതികളും നമ്മിലേക്കും ആവാഹിക്കപ്പെടും. അല്‍പ നേരമെങ്കിലും ഭാഷയുടെയും ദേശത്തിന്റെയും അതിര്‍ വരമ്പുകളെ ഭേദിച്ച് നമ്മളും ആ നാട്ടുകാരാവും.
ചിത്രങ്ങള്‍ക്കു കടപ്പാട് Travelon Expeditions & Photography

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top