റംസാന്‍ വ്രതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ ചൈനയ്ക്ക് രൂക്ഷ വിമര്‍ശനം

china

ബീജിംഗ്: ലോകമെമ്പാടുമുള്ള ഇസ്ലാം മത വിശ്വാസികള്‍ റംസാന്‍ വ്രതം അനുഷ്ഠിക്കുമ്പോള്‍ വ്രതത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയ ചൈനീസ് സര്‍ക്കാരിന് വ്യാപക വിമര്‍ശനം. രാജ്യത്തിനകത്ത് നിന്നു തന്നെയുള്ള ചില സ്‌കൂളുകളും സര്‍ക്കാര്‍ ഏജന്‍സികളും നടപടിയില്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്.

മുസ്‌ലിം ന്യൂനപക്ഷമായ ഉയ്ഗൂര്‍ വിഭാഗത്തിനെതിരാണ് ചൈന സര്‍ക്കാരിന്റെ നടപടിയെന്ന് വിമര്‍ശിച്ച് തുര്‍ക്കിയും രംഗത്ത് വന്നു. പ്രദേശത്ത് വ്രതമനുഷ്ഠിക്കുന്നത് പോലും തടഞ്ഞ ചൈനയുടെ നടപടിയില്‍ തുര്‍ക്കി അതൃപ്തി അറിയിച്ചു. തുര്‍ക്കിയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും ആരോപണങ്ങളില്‍ വ്യക്തതയില്ലെന്നും ചൈന പ്രതികരിച്ചു. ഹാന്‍ വംശജര്‍ക്കാണ് ചൈനയിലെ സിന്‍ജിംങ് മേഖലയില്‍ ജനസംഖ്യാനുപാതികമായി ആധിപത്യം. ഇവിടെ ന്യൂനപക്ഷമായ ഉയ്ഗൂര്‍ മുസ്‌ലിം വിഭാഗക്കാരും പൊലീസും തമ്മില്‍ പല തവണ ഏറ്റുമുട്ടിയിരുന്നു.

ഉയ്ഗൂര്‍ വിഭാഗമനുഭവിക്കുന്ന വിവേചനമാണിതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യം വിവിധ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മേഖലയിലെ ഭൂരിപക്ഷത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി റമദാന്‍ വ്രതത്തിന് പ്രദേശത്ത് നേരത്തേയും സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വ്രതമനുഷ്ഠിച്ചെന്ന പേരില്‍ പൊലീസ് നടത്തിയ നടപടികള്‍ പലപ്പോഴായി സംഘര്‍ഷത്തിലെത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് തുര്‍ക്കി വിഷയത്തില്‍ അതൃപ്തി രേഖപ്പെടുത്തുകയും ചൈനീസ് അംബാസിഡറെ വിളിച്ചു വരുത്തി വിഷയത്തില്‍ നടപടി ആവശ്യപ്പെടുകയും ചെയ്തത്. മുസ്ലിം ജനസംഖ്യ കൂടുതലുള്ള മലേഷ്യയും സംഭവത്തില്‍ അതൃപ്തി അറിയിച്ച് രംഗത്ത് വന്നു. നേരത്തെ മുസ്ലീം അധീന പ്രദേശങ്ങളില്‍ വ്രതാനുഷ്ഠാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് ആദ്യമായാണ് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ കടുത്ത നിയന്ത്രണവുമായി രംഗത്തു വന്നത്.

പാര്‍ട്ടി അംഗങ്ങള്‍, നേതാക്കള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍, കുട്ടികള്‍ തുടങ്ങിയവര്‍ യാതൊരു കാരണവശാലും റംസാന്‍ വ്രതം എടുക്കരുതെന്നും മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കരുതെന്നും പ്രാദേശിക ഭരണകൂടങ്ങളുടെ നിര്‍ദ്ദേശമുണ്ട്. റംസാന്‍ മാസത്തില്‍ ഹോട്ടലുകള്‍ അടച്ചിടാന്‍ പാടില്ലെന്നും ഭക്ഷണവും പാനീയവും എപ്പോഴും ലഭ്യമായിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. മുസ്‌ലിം ഭൂരിപക്ഷപ്രദേശങ്ങളായ സിന്‍ജിയാങ്ങിലും മറ്റും കര്‍ശന നിയന്ത്രണമാണ് റംസാന്‍ വ്രതനുഷ്ഠാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. റംസാന്‍ വ്രതങ്ങള്‍ക്കുള്ള നിയന്ത്രണവും നിരോധനവും സംബന്ധിച്ച ഉത്തരവുകള്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകളിലും പൊതു ഇടങ്ങളിലും പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട് .

വിദ്യാര്‍ത്ഥികളും കുട്ടികളും പള്ളികളില്‍ പോകുന്നില്ലെന്നും മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കുന്നില്ലെന്നും ഉറപ്പാക്കാനും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. മതവിശ്വാസത്തിന് രാജ്യത്ത് കൂടുതല്‍ പ്രചാരം ലഭിക്കുന്നതില്‍ വലിയ ആശങ്കയാണ് ചൈനീസ് ഭരണകൂടത്തിനുള്ളത്. നിരീശ്വവാദത്തില്‍ അടിയുറച്ച് നില്‍ക്കുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സിന്‍ജിയാങ്ങ് അടക്കമുള്ള പ്രദേശങ്ങളില്‍ ഇസ്‌ലാം മതം ശക്തിപ്രാപിക്കുന്നതില്‍ അതൃപ്തരാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top