സുശീല്‍ കുമാറിന് തിരിച്ചടി; ട്രയല്‍സ് നടത്തണമെന്ന ആവശ്യം ദില്ലി ഹൈക്കോടതി തള്ളി

susheel

ദില്ലി: ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാറിന്റെ റിയോ ഒളിമ്പികിസ് മോഹങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തി ഹൈക്കോടതി വിധി. റിയോ ഒളിമ്പിക്‌സ് ഗുസ്തിയിലെ മത്സരാര്‍ത്ഥിയെ കണ്ടെത്താന്‍ തനിക്കും നര്‍സിംഗ് യാദവിനുമിടയില്‍ ട്രയല്‍സ് നടത്തണമെന്ന് ആവശ്യപ്പെട്ട് സുശീല്‍ കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഇതോടെ റിയോ ഒളിമ്പിക്‌സ് 74 കിലോ വിഭാഗം ഗുസ്തിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുക നര്‍സിംഗ് യാദവാണെന്ന് ഉറപ്പായിക്കഴിഞ്ഞു.

ഒളിമ്പിക്‌സ് അടുത്തിരിക്കെ ട്രയല്‍സ് നടത്തുന്നത് ഒരു കായികതാരത്തെ മാനസികമായി തളര്‍ത്തുകയും പരിക്കിന് കാരണമായേക്കുമെന്നും കോടതി നിരീക്ഷിച്ചു. കഴിഞ്ഞ മാസമാണ് സുശീല്‍ ട്രയല്‍സ് ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. ട്രയല്‍സ് നടത്താന്‍ ഗുസ്തി ഫെഡറേഷന് നിര്‍ദ്ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.

narsingh

ഇത്തവണ റിയൊ ഒളിമ്പിക്‌സിന് നര്‍സിംഗ് യാദവ് യോഗ്യത നേടിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ലോക ചാമ്പ്യന്‍ഷിപ്പ് പ്രകടനമാണ് യാദവിന് യോഗ്യത നേടിക്കൊടുത്തത്. പരിക്ക് കാരണമാണ് യോഗ്യതാ മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതെന്ന് സുശീല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനാല്‍ തനിക്കും യാദവിനും ഇടയില്‍ ട്രയല്‍സ് നടത്തി മത്സരാര്‍ത്ഥിയെ കണ്ടെത്തണമെന്നാണ് സുശീല്‍ ആവശ്യപ്പെട്ടത്. ഇക്കാര്യം ആവശ്യപ്പെട്ട് സുശീല്‍ നേരത്തെ പ്രധാനമന്ത്രിയേയും കേന്ദ്ര കായികമന്ത്രാലയത്തെയും സമീപിച്ചിരുന്നു. ഇക്കാര്യത്തില്‍ ഫെഡറേഷന് സ്വതന്ത്ര തീരുമാനമെടുക്കാന്‍ അധികാരമുണ്ടെന്നാണ് കായികമന്ത്രാലയത്തിന്റെ നിലപാട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top