ദേവികുളം റെയ്ഞ്ച് ഓഫീസിന് മുന്നില്‍ കര്‍ഷകനും രണ്ടു മക്കളും ആത്മഹത്യക്ക് ശ്രമിച്ചു
ദേവികുളം: മകളുടെ വിദ്യാഭ്യാസത്തിന് പണം കണ്ടെത്താനാകാത്തതില്‍ മനംനൊന്ത് കര്‍ഷകനും കുടുംബവും ആത്മഹത്യക്ക് ശ്രമിച്ചു. ചിന്നക്കനാല്‍ സ്വദേശി മോഹനനും രണ്ടുമക്കളുമാണ് ദേവികുളം റെയ്ഞ്ച് ഓഫീസിന് മുന്നില്‍വെച്ച് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചത്. പുരയിടത്തിലെ മരംവെട്ടാന്‍ വനംവകുപ്പ് അനുമതി നല്‍കാത്തതില്‍ മനംനൊന്തായിരുന്നു ഇവരുടെ ആത്മഹത്യാശ്രമം.
ചിന്നക്കനാല്‍ സ്വദേശിയായ കാഞ്ഞിരമറ്റത്തില്‍ മോഹനന്, മക്കളായ പതിനാറുവയസുകാരി മേഘ, ഒമ്പതുവയസുകാരന് മേഘനാഥന് എന്നിവരാണ് ദേവികുളം റേഞ്ചോഫീസിനു മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നുരാവിലെ പത്തരയോടെയായിരുന്നു സംഭവം. മൂന്നാര്‍ മൗണ് ഫോര്‍ട്ട് സ്കൂള്‍ വിദ്യാര്‍ത്ഥിയായ മേഘ എല്ലാ വിഷയത്തിലും എ പ്ലസ് നേടി എസ്എസ്എല്‍സി പാസായിരുന്നു.

എന്നാല്‍ ഉപരിപഠനത്തിന് ചേര്‍ക്കാന്‍ പിതാവ് മോഹനന്റെ കൈവശം പണമുണ്ടായിരുന്നില്ല. ഒരേക്കര്‍ പട്ടയഭൂമിയിലെ പതിനഞ്ചുവര്‍ഷം പഴക്കമുള്ള മരങ്ങള്‍ വെട്ടിവിറ്റ് മകളുടെ വിദ്യാഭ്യാസത്തിന് പണം കണ്ടെത്താനായിരുന്നു ഇവരുടെ പദ്ധതി. ഇതിനായി വനംവകുപ്പില്‍ അപേക്ഷ നല്‍കിയെങ്കിലും റെയ്ഞ്ച് ഓഫീസര്‍ ഇത് സ്വീകരിക്കാന്‍ തയ്യാറായില്ലെന്ന് മോഹനന് പറയുന്നു.
ഇതേത്തുടര്‍ന്നാണ് മക്കളെയും കൂട്ടി റെയ്ഞ്ച് ഓഫീസിന് മുന്നിലെത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചെങ്കിലും പോലീസെത്തി ഇവരെ പിടിച്ചുമാറ്റുകയായിരുന്നു. മൂന്ന് ബാങ്കുകളിലായി അമ്പതുലക്ഷത്തോളം രൂപ കടമുള്ള മോഹനന് കടം തിരിച്ചടക്കാനാകാതെ നെട്ടോട്ടത്തിലാണ്. രോഗബാധിതയായ ഭാര്യയാകട്ടെ ശസ്ത്രക്രിയ കഴിഞ്ഞ് കിടപ്പിലുമാണ്. മകളുടെ ഉപരിപഠനത്തിന് എന്തുചെയ്യുമെന്ന ആശങ്കയിലാണ് ഈ പിതാവ്.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക