ബംഗ്ലാദേശില്‍ നിന്നും സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന വേലക്കാരികളില്‍ പകുതിയും പ്രബേഷന്‍ കാലയളവില്‍ മടങ്ങിപ്പോകുന്നു

saudi-ser

ദുബൈ: ബംഗ്ലാദേശില്‍ നിന്നും സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന വേലക്കാരികളില്‍ പകുതിയും പ്രബേഷന്‍ കാലയളവില്‍ മടങ്ങിപ്പോകുന്നതായി റിപ്പോര്ട്ട്. സൗദി അറേബ്യയിലെയും ബംഗ്ലാദേശിലെയും ആചാരം, പാരമ്പര്യം, ഭാഷ എന്നിവ വ്യത്യസ്തമായതാണ് വേലക്കാരികളുടെ തിരിച്ചുപോക്കിന് കാരണം.

ജീവനക്കാരുടെ പരീക്ഷണ കാലഘട്ടത്തില്‍ തന്നെ മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്ന ബംഗ്ലാദേശ് വീട്ടുവേലക്കാരുടെ എണ്ണം കൂടിവരികയാണെന്ന് റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളാണ് വെളിപ്പെടുത്തിയത്. തൊഴിലാളികള്‍ പ്രാപ്തരാണോ എന്നറിയാന്‍ തൊഴിലുടമകള്‍ക്ക് മൂന്ന് മാസം സമയം അനുവദിക്കുന്നുണ്ട്. എന്നാല്‍ ഈ കാലയളവില്‍ മടങ്ങിപ്പോകാനാണ് ബംഗ്ലാദേശ് വീട്ടുവേലക്കാരികള്‍ ആഗ്രഹിക്കുന്നത്. മടങ്ങിപ്പോകണമെന്ന് ആവശ്യപ്പെടുന്ന വേലക്കാരികളെ റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങള്‍ ബംഗ്ലാദേശ് എംബസിക്ക് കൈമാറും.എംബസിയാണ് ഇവരെ മടക്കി അയക്കുന്നത്.

ബംഗ്ലാദേശില്‍ നിന്ന് ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ആരംഭിച്ച ശേഷം നാല്‍പതിനായിരം വേലക്കാരികളെ സൗദിയിലേക്ക് റിക്രൂട്ട് ചെയ്തതായാണ് കണക്കാക്കപ്പെടുന്നത്. ആറു മാസത്തിനിടെ ഇവരില്‍ പകുതിയും മടങ്ങിപ്പോയി.

അതേസമയം, ബംഗ്ലാദേശില്‍ നിന്ന് വേലക്കാരികളെ റിക്രൂട്ട് ചെയ്യുന്നതിന് ഒന്നര ലക്ഷം വിസകള്‍ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ മടങ്ങിപ്പോക്ക് വര്‍ധിച്ചതോടെ റി്ര്രകൂട്ട്‌മെന്റ് രംഗത്തുളളവര്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ബംഗ്ലാദേശ് വേലക്കാരികളുടെ റിക്രൂട്ട്‌മെന്റ് രാജ്യത്തെ ഗാര്‍ഹിക തൊഴില്‍ വിപണിയിലെ പ്രതിസന്ധി പരിഹരിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ മടങ്ങിപ്പോക്ക് വര്‍ധിച്ചതോടെ പരിഹാരം കാണാനുളള ശ്രമത്തിലാണ് തൊഴില്‍ മന്ത്രാലയവും റിക്രൂട്ട്‌മെന്റ് ഏജന്‍സികളും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top