ബ്രെഡിലും ബിസ്‌കറ്റിലും കാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കള്‍ അടങ്ങിയിട്ടുണെന്ന് കണ്ടെത്തല്‍

bun

ദില്ലി: ആളുകളുടെ ഇഷ്ട ആഹാരപദാര്‍ത്ഥങ്ങളായ ബ്രെഡ്, ബണ്‍, ബിസ്‌കറ്റ്, പിസ്സ തുടങ്ങിയവയില്‍ മാരകമായ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തല്‍. ഇവയില്‍ പൊട്ടാസ്യം ബ്രോമേറ്റ്, പൊട്ടാസ്യം അയോഡേറ്റ് തുടങ്ങി മനുഷ്യരില്‍ കാന്‍സറിന് തന്നെ കാരണമാകുന്ന രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റാണ് (സി എസ് ഇ) ഞെട്ടിപ്പിക്കുന്ന ഈ വിവരം വെളിപ്പെടുത്തിയിരിക്കുന്നത്.

ദില്ലിയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച ഭക്ഷണപദാര്‍ത്ഥങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഈ വിവരം ലഭിച്ചത്. ഇവയില്‍ 84 ശതമാനം സാംപിളിലും പൊട്ടാസ്യം ബ്രോമേറ്റ്, പൊട്ടാസ്യം അയോഡേറ്റ് എന്നിവയുടെ സാന്നിധ്യം കണ്ടെത്തി. പൊട്ടാസ്യം ബ്രോമേറ്റ് മനുഷ്യരില്‍ കാന്‍സറിന് കാരണമാകുമെന്നാണ് ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസേര്‍ച്ച് ഓണ്‍ കാന്‍സര്‍ കണ്ടെത്തിയിരിക്കുന്നത്. ഉപ്പിന്റെ അധികമായ തോത് തൈറോയിഡിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നതിനാല്‍ പൊട്ടാസ്യം അയൊഡേറ്റിന്റെ ഉപയോഗം നിരവധി രാജ്യങ്ങളില്‍ നിരോധിച്ചിട്ടുണ്ട്. പക്ഷെ ഇന്ത്യയില്‍ ഇവ രണ്ടും ഉപയോഗിക്കുന്നതിന് വിലക്കില്ല.

നിറമോ മണമോ രുചിയോ ഇല്ലാത്ത പൊട്ടാസ്യം ബ്രോമേറ്റ് വയറുവേദന, അതിസാരം, ഛര്‍ദ്ദി, വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാക്കല്‍, ബധിരത, വെര്‍ട്ടിഗോ, നാഡീസംവിധാനങ്ങള്‍ക്ക് തകരാര്‍ തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്‍, കാനഡ, നൈജീരിയ, ബ്രസീല്‍, ദക്ഷിണ കൊറിയ, പെറു തുടങ്ങിയ രാജ്യങ്ങളിലാണ് ഇതിന്റെ ഉപയോഗത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ശ്രീലങ്കയില്‍ 2001 ലും കാനഡയില്‍ 2005 ലും പൊട്ടാസ്യം ബ്രോമേറ്റ് നിരോധിച്ചു.

അതേസമയം ബേക്കറി വിഭൃവങ്ങളിലും ബ്രെഡിലും പൊട്ടാസ്യം ബ്രോമേറ്റ്, പൊട്ടാസ്യം അയൊഡേറ്റ് എന്നിവ ഉപയോഗിക്കുന്നതിന് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ അനുവാദം നല്‍കിയിട്ടുണ്ട്. 2011 ലെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ബ്രെഡില്‍ ഇവയുടെ അളവ് ഒരു കിലോഗ്രാമിന് 50 മില്ലി ഗ്രാം എന്ന തോതില്‍ ആയിരിക്കണമെന്ന് വ്യക്തമാക്കുന്നുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top