ഒളിമ്പിക്‌സ് യോഗ്യത: ഫെഡറേഷനുമായി സുശീല്‍ കുമാര്‍ ഇന്ന് ചര്‍ച്ച നടത്തും

susheel

ദില്ലി: ഒളിമ്പിക്‌സ് യോഗ്യതയുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യുന്നതിനായി റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ നിര്‍ണ്ണായക യോഗം ദില്ലിയില്‍ ചേരും. ദില്ലി ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇന്ന് യോഗം ചേരുന്നത്. 74 കിലോഗ്രാം വിഭാഗത്തില്‍ യോഗ്യത നേടിയ നര്‍സിംഗ് യാദവും താനുമായി ട്രയല്‍സ് നടത്തി വിജയിയെ ഒളിംപിക്‌സിന് അയക്കണമെന്നാണ് സുശീല്‍ കുമാറിന്റെ ആവശ്യം.

എന്നാല്‍ ഈ വിഷയത്തില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. സുഷീലും ഫെഡറേഷനും തമ്മില്‍ ചര്‍ച്ച നടത്തി തീരുമാനമെടുക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്.സുശീല്‍ കുമാര്‍ രാജ്യത്തിന് നിരവധി നേട്ടങ്ങള്‍ സമ്മാനിച്ചിട്ടുണ്ടെന്ന് കരുതി നര്‍സിംഗ് യാദവിന്റെ സംഭാവനകളെ കുറച്ചുകാണാനാകില്ലെന്ന് ജഡ്ജി അഭിപ്രായപ്പെട്ടു. അദ്ദേഹത്തിലൂടെയാണ് രാജ്യത്തിന് ഒളിമ്പിക്‌സ് ക്വാട്ട ലഭിച്ചിരിക്കുന്നതെന്നും ജഡ്ജി നിരീക്ഷിച്ചു. ഗുസ്തി താരങ്ങള്‍ കോടതിയില്‍ സമയം ചിലവഴിക്കുകയല്ല പരിശീലനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടതെന്നും താന്‍ ഇക്കാര്യത്തില്‍ അവസാന ശ്രമമെന്ന നിലയിലെ ഇടപെടൂ എന്നും അദ്ദേഹം പറഞ്ഞു.

സുശീല്‍ കുമാര്‍ രാജ്യത്തിന് വേണ്ടി മികച്ച പ്രകടനങ്ങളാണ് നടത്തിയിരിക്കുന്നത്. പക്ഷെ സ്വതന്ത്ര അധികാരമുള്ള ഫെഡറേഷന്‍ അതിന്റെ അടിസ്ഥാനത്തില്‍ മാത്രമാകില്ല തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്. ജഡ്ജി ചൂണ്ടിക്കാട്ടി.
ഗുസ്തിയില്‍ 74 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ വിഭാഗം താരങ്ങളാണ് സുശീല്‍ കുമാറും നര്‍സിംഗ് യാദവും. ഇത്തവണ റിയൊ ഒളിമ്പിക്‌സിന് നര്‍സിംഗ് യാദവ് യോഗ്യത നേടിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ലോക ചാമ്പ്യന്‍ഷിപ്പ് പ്രകടനമാണ് യാദവിന് യോഗ്യത നേടിക്കൊടുത്തത്. പരിക്ക് കാരണമാണ് യോഗ്യതാ മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതെന്നും അതിനാല്‍ തനിക്കും യാദവിനും ഇടയില്‍ ട്രയല്‍സ് നടത്തി മത്സരാര്‍ത്ഥിയെ കണ്ടെത്തണമെന്നുമാണ് സുശീല്‍ ആവശ്യപ്പെടുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് സുശീല്‍ നേരത്തെ പ്രധാനമന്ത്രിയേയും കേന്ദ്ര കായികമന്ത്രാലയത്തെയും സമീപിച്ചിരുന്നു. ഇക്കാര്യത്തില്‍ ഫെഡറേഷന് സ്വതന്ത്ര തീരുമാനമെടുക്കാന്‍ അധികാരമുണ്ടെന്നാണ് കായികമന്ത്രാലയത്തിന്റെ നിലപാട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top