ജിഷയുടെ കൊലപാതകം: അന്വേഷണം സഹോദരിയുടെ സുഹൃത്തിലേക്കും
പെരുമ്പാവൂര്‍: നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം സഹോദരിയുടെ സുഹൃത്തിലേക്കും നീളുന്നു. കഞ്ചാവ് വില്‍പ്പനക്കാരനായ ഇയാള്‍ ജിഷ കൊല്ലപ്പെട്ടതിനു ശേഷം ഒളിവിലാണ്. അന്വേഷണ സംഘം തയ്യാറാക്കിയ രേഖാചിത്രവുമായി ഇയാള്‍ക്കു സാമ്യമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പെണ്‍വാണിഭ സംഘവുമായും ഇയാള്‍ക്കു ബന്ധമുണ്ടെന്നാണ് സൂചനകള്‍. ക്രിമിനല്‍ പശ്ചാത്തലമുള്ള ഇയാള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
ദീപയുടെ കോള്‍ ലിസ്റ്റും പോലീസ് പരിശോധിക്കുന്നുണ്ട്. പ്രതി, ജിഷയ്ക്കും വീട്ടുകാര്‍ക്കും പരിചിതനായതിനാല്‍ വീട്ടില്‍ കയറ്റിയിരുത്തിയതാകാമെന്ന് പോലീസ് നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ അമ്മയ്ക്കൊപ്പമാണ് ദീപ ഇപ്പോഴുള്ളത്. ഇന്നലെ ഇവരുടെ മൊഴിയെടുക്കാന്‍ പൊലീസ് ശ്രമിച്ചിരുന്നുവെങ്കിലും ദീപ പൂര്‍ണമായി സഹകരിച്ചില്ലെന്നാണ് പോലീസ് പറയുന്നത്. ദീപ ആരെയോ ഭയക്കുന്നതായി സംശയമുണ്ടെന്ന് വനിതാ കമ്മീഷന് അധ്യക്ഷ കെ.സി റോസക്കുട്ടിയും സൂചിപ്പിച്ചിട്ടുണ്ട്.

ദീപയുടെ മൊഴി ഉച്ചയ്ക്ക് ശേഷം വനിതാ കമ്മീഷന് രേഖപ്പെടുത്തും. അതേസമയം അന്വേഷണവുമായി ബന്ധപ്പെട്ട് ടി.പി സെന്‍കുമാര്‍ ഫോറന്‍സിക് വിഭാഗം മുന്‍ തലവന്‍ ഡോ.ബി ഉമാദത്തനുമായി കൂടിക്കാഴ്ച നടത്തി. ഉമാദത്തന്റെ കൊച്ചിയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച.
ജിഷയുടെ വീട്ടില്‍ നിന്ന് ലഭിച്ച വിരലടയാളങ്ങളും ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുള്ളവരുടെ വിരലടയാളങ്ങളും തമ്മില്‍ സാമ്യമില്ലെന്നാണ് റിപ്പോര്‍ട്ട്. പ്രതി ഉപയോഗിച്ചത് ഈ ആയുധങ്ങളല്ലെന്ന നിഗമനത്തിലാണ് ഇപ്പോള്‍ പോലീസ്. ജിഷയുടെ വീട്ടില്‍ നിന്ന് തെളിവായി എടുത്തിരുന്ന വസ്തുക്കള്‍, കോടതിയില്‍ സമര്‍പ്പിച്ചിരുന്നത് പോലീസ് കഴിഞ്ഞ ദിവസം തിരികെ വാങ്ങിയിരുന്നു. പ്രതി ഉപയോഗിച്ചതെന്നു കരുതുന്ന ചെരിപ്പ്, കൊലപാതകത്തിന് ഉപയോഗിച്ചുവെന്ന് സംശയിക്കുന്ന ആയുധങ്ങള്‍ എന്നിവയാണ് തിരിച്ചുവാങ്ങി പരിശോധന നടത്തിയത്.
ഇതിനകം 200-ഓളം പേരെ പോലീസ് ചോദ്യം ചെയ്തു. അന്വേഷണം മറ്റേതെങ്കിലും ഏജന്‍സികളെ ഏല്പിക്കുന്നത് സര്‍ക്കാറിനും പോലീസിനും നാണക്കേടാവുമെന്ന ധാരണയില്‍, എങ്ങനെയും കേസ് തെളിയിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിലുള്ള 15 ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് അന്വേഷണം.
ജിഷയെ ‘ബര്‍ക്കിങ്’ രീതിയില്‍ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയെന്നാണു ഫൊറന്‍സിക് നിഗമനം. ഇരകള്‍ ദുര്‍ബലരും കൊലയാളി കരുത്തനുമാവുമ്പോഴാണ് ഈ രീതി പ്രയോഗിക്കുന്നതെന്നു പറയുന്നു. ഇരയെ കീഴ്പ്പെടുത്തിയ ശേഷം നെഞ്ചില്‍ കയറി ഇരുന്ന് ഇരയുടെ കൈകള്‍ രണ്ടും കൊലയാളി കാലുകള്‍കൊണ്ടു ചവിട്ടിപ്പിടിച്ചു ചലനരഹിതമാക്കും. പിന്നീടു കഴുത്തു ഞെരിച്ചു കൊലപ്പെടുത്തും. ശ്വാസനാളിയിലെ അസ്ഥിയും (ഹയോയ്ഡ്) തൈറോയ്ഡ് ഗ്രന്ഥിയും തകരും. ജിഷയുടെ മൃതദേഹത്തില്‍ ഈ പരുക്കുകള്‍ കണ്ടിരുന്നു. മരണം ഉറപ്പാക്കാന്‍ അക്രമം തുടര്‍ന്നതിനാലാണു ജിഷയുടെ ഷാള്‍ വീണ്ടും കഴുത്തില്‍ മുറുക്കിയത്. പീഡനവും ക്രൂരമായ മുറിപ്പെടുത്തലും നടന്നത് ശേഷമാണെന്നാണു നിഗമനം.
അതേസമയം ജിഷയുടെ ആന്തരികാവയവങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചതിലും പൊലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തി. അടിയന്തിര പ്രാധാന്യമുള്ള കേസില്‍ പുരുഷ ബീജമുണ്ടോ എന്ന് പരിശോധിച്ച റിപ്പോര്‍ട്ട് നല്കണമെന്നുള്ള കത്ത് പൊലീസ് ഇത് വരെയും കെമിക്കല്‍ ഡിപ്പാര്‍ട്ട്മെന്റിന് നല്‍കിയിട്ടില്ല. കത്ത് ലഭ്യമാകാതെ പരിശോധന ആരംഭിക്കാനാവില്ലെന്ന് ചീഫ് കെമിക്കല്‍ എക്സാമിനര്‍ റിപ്പോര്‍ട്ടറോട് പറഞ്ഞു. പുരുഷ ബീജത്തിന്റെ സാന്നിദ്ധ്യമുണ്ടോ എന്ന നിര്‍ണായകമായ തെളിവ് ലഭിക്കുക ഈ പരിശോധനയിലൂടെ മാത്രമാണ്.
ഇത്രയും ദിവസം കാത്തിരുന്നിട്ടും പൊലീസിന്റെ കത്ത് ലഭിക്കാത്തതിനെ തുടര്‍ന്ന് അവയവ പരിശോധന ആരംഭിക്കുന്നത് ഇന്നലെ മാത്രം. കേസിന്റെ പൊതുസമൂഹത്തിലെ പ്രാധാന്യം കണക്കിലെടുത്ത് നിയമം മറികടന്ന് തങ്ങള്‍ സ്വമേധയാ പരിശോധനയ്ക്ക് മുതിരുകയായിരുന്നെന്ന് കെമിക്കല്‍ എക്സാമിനര്‍ അറിയിച്ചു. മുപ്പതാം തീയതിയാണ് ആന്തരികാവയവങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് തിരുവനന്തപുരം കെമിക്കല്‍ ലാബിലേക്ക് അയച്ചത്.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക