അഞ്ച് വര്‍ഷത്തിനകം ബംഗളുരു വാസയോഗ്യമല്ലാതായി മാറുമെന്ന് റിപ്പോര്‍ട്ട്

bengaluru1

ബംഗളുരു: അടുത്ത അഞ്ച് വര്‍ഷത്തിനകം ഇന്ത്യയുടെ സിലിക്കണ്‍ വാലി എന്നറിയപ്പെടുന്ന ബംഗളുരു വാസയോഗ്യമല്ലാതായി തീരുമെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെ മുന്നറിയിപ്പ്. തങ്ങള്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഐഐഎസ് സി ഇത്തരമൊരു റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി നഗരത്തില്‍ കെട്ടിട നിര്‍മാണത്തില്‍ ഞെട്ടിപ്പിക്കുന്ന വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

നഗരത്തിലെ കഴിഞ്ഞ 40 വര്‍ഷത്തെ കെട്ടിട നിര്‍മാണ വളര്‍ച്ച 525 ശതമാനമാണ്. മാത്രവുമല്ല ഒരിക്കല്‍ ഗ്രീന്‍ സിറ്റി എന്നറിയപ്പെട്ടിരുന്ന നഗരത്തിലെ പച്ചപ്പില്‍ 78 ശതമാനത്തോളം ഇടിവ് വന്നിരിക്കുകയാണെന്നും ഇതില്‍ പറയുന്നു. തടാക നഗരം എന്ന വിശേഷണത്തിനും ഇപ്പോള്‍ മങ്ങലേറ്റിരിക്കുകയാണ്. ഇക്കാലയളവില്‍ 79 ശതമാനത്തോളം ജലസ്രോതസ്സുകളാണ് ഇല്ലാതായിരിക്കുന്നത്.

bengaluru

ഇത് വെറും കണക്കുകള്‍ മാത്രമല്ലെന്നും നഗരവത്കരണത്തിന്റെ ഫലമായി ചുറ്റുമുണ്ടായിരുന്ന തടാകങ്ങളും വൃക്ഷങ്ങളും എല്ലാം പൂര്‍ണമായും അപ്രത്യക്ഷമായിരിക്കുകയാണെന്ന് ഐഐഎസ് സി യുടെ പഠനത്തില്‍ വ്യക്തമാക്കുന്നു. നഗരം ഇപ്പോള്‍ ഭ്രാന്തവും ബുദ്ധിശൂന്യവുമായ വളര്‍ച്ചയിലാണെന്നും ഇതിന്റെ പരിണിത ഫലം വരുംവര്‍ഷങ്ങളില്‍ ഗുരുതരമായിരിക്കുമെന്നും ഐഐഎസ് സി യിലെ പ്രൊഫസര്‍ ടി. വി രാമചന്ദ്ര അഭിപ്രായപ്പെട്ടു. കുറച്ച് കാലം മുന്‍പ് വരെ ഏവരും ആഗ്രഹിച്ചിരുന്ന നഗരമായ ബംഗളുരു അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ജീവിതം സാധ്യമല്ലാത്ത മരണപ്പെട്ട ഒരു നഗരമായി മാറുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

ഓരോവര്‍ഷത്തേയും ശാന്തസുന്ദരമായ കാലാവസ്ഥ കാരണം ഇന്ത്യയിലെ ഏക സ്വാഭാവിക വാതാനുകൂല നഗരമെന്ന വിശേഷണം അടുത്തകാലം വരെ ബംഗളുരുവിന് ഉണ്ടായിരുന്നു. സമുദ്രനിരപ്പില്‍ നിന്നും 3,000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ബംഗളുരുവില്‍ ഒരു നദിപോലും ഇല്ല. 600 ഓളം ചെറുതും വലുതുമായ തടാകങ്ങളാണ് ഇവിടെയുള്ളത്. ഇതാണ് നഗരത്തിലെ പച്ചപ്പും തെളിമയും നിലനിര്‍ത്തുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top