ദില്ലിയില്‍ ഡീസല്‍ കാറുകളുടെ നിരോധനം തുടരുമെന്ന് സുപ്രീംകോടതി

delhi-vehicle

ദില്ലി: ദില്ലിയില്‍ 2000 സിസിക്ക് എഞ്ചിന്‍ ശേഷിയുള്ള ഡീസല്‍ കാറുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയ ഉത്തരവ് സ്‌റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ഡീസല്‍ ടാക്‌സികള്‍ക്ക് സിഎന്‍ജിയിലേക്ക് മാറാന്‍ അനുവദിച്ചിരുന്ന സമയം നീട്ടി നല്‍കണമെന്ന ആവശ്യവും ചീഫ് ജസ്റ്റിസ് ടിഎസ് താക്കൂര്‍ അദ്ധ്യക്ഷനായ ബെഞ്ച് നിരാകരിച്ചു. നിലവില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഏപ്രില്‍ 30ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് കോടതി വീണ്ടും കേസ് പരിഗണിച്ചത്.
അന്തരീക്ഷ മലിനീകരണം കുറയ്ക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഡീസല്‍ കാറുകളുടെ നിരോധനം കൊണ്ടുവന്നത്.

നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച ടൊയോട്ട, മഹീന്ദ്ര, മെര്‍സിഡസ് തുടങ്ങിയ കമ്പനികളുടെ വാദം കേള്‍ക്കാമെന്നും കോടതി പറഞ്ഞു. എന്നാല്‍ പെട്രോളിനെ അപേക്ഷിച്ച് ഡീസല്‍ വാഹനങ്ങള്‍ അന്തരീക്ഷ മലിനീകരണം നടത്തുന്നതിന്റെ തോത് വ്യക്തമാക്കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

നേരത്തേ ദില്ലിയിലെ ഡീസല്‍ കാറുകളുടെ രജിസ്‌ട്രേഷന്‍ നിര്‍ത്തലാക്കിയതിനെതിരെ പ്രമുഖ കാര്‍ കമ്പനികള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ടൊയോട്ട, മഹീന്ദ്ര, മെര്‍സിഡസ് തുടങ്ങിയ കമ്പനികളാണ് ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ദില്ലിയിലെ വര്‍ദ്ധിച്ച അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഡീസല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന് താല്‍ക്കാലിക നിരോധനം സുപ്രീം കോടതി ഏര്‍പ്പെടുത്തിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top