തെരുവില്‍ ഭിക്ഷയെടുക്കുന്നതിനേക്കാള്‍ നല്ലതാണ് ബാര്‍ ഡാന്‍സെന്ന് സുപ്രീം കോടതി

bar-dance

ദില്ലി: ഡാന്‍സ് ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കാത്ത മഹാരാഷ്ട്ര സര്‍ക്കാരിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. സുപ്രീംകോടതി ഉത്തരവ് മറികടന്നുകൊണ്ട് സര്‍ക്കാര്‍ അധികാരപരിധി കടക്കരുതെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. തെരുവില്‍ ഭിക്ഷ യാചിച്ച് ജീവിക്കുന്നതിനേക്കാള്‍ ഭേദമാണ് ബാറുകളിലെ ഡാന്‍സെന്ന് കോടതി അഭിപ്രായപ്പെട്ടു.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഡാന്‍സ് ബാറുകള്‍ നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെയും കോടതി വിമര്‍ശിച്ചു. ഡാന്‍സ് ഒരു പ്രൊഫഷനാണ്. അത് അശ്ലീലമായാല്‍ അതിന്റെ നിയമപരമായ പവിത്രത നഷ്ടമാകും. എന്നിരുന്നാലും സര്‍ക്കാരിന്റെ നിയന്ത്രണ സംവിധാനങ്ങള്‍ക്ക് അവ നിരോധിക്കാനാകില്ല. കോടതി വ്യക്തമാക്കി. സ്ത്രീകളെ സംബന്ധിച്ച് തെരുവുകളില്‍ ഭിക്ഷയാചിച്ചും സ്വീകാര്യമല്ലാത്ത മറ്റ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടും ജീവിക്കുന്നതിനേക്കാള്‍ നല്ലത് ബാറുകളിലെ ഡാന്‍സ് തന്നെയാണ് കോടതി ചൂണ്ടിക്കാട്ടി.

ഈ മാസം പന്ത്രണ്ടിനാണ് നിയമലംഘകര്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉറപ്പുവരുത്തുന്ന ഡാന്‍സ് ബാര്‍ റെഗുലേഷന്‍ ബില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പാസാക്കിയത്. ബാറുകളില്‍ നിയമലംഘനം, വനിതാ ജീവനക്കാരെ ദുരുപയോഗം ചെയ്യല്‍, അശ്ലീല പ്രവൃത്തികള്‍ എന്നിവ ഉണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം ഉടമകളില്‍ ചുമത്തപ്പെടുന്നതാണ് ബില്‍. കുറ്റം തെളിയിക്കപ്പെട്ടാല്‍ അഞ്ച് വര്‍ഷം വരെ ജയില്‍ ശിക്ഷയും 25,000 രൂപ വരെ പിഴയുമാണ് ശിക്ഷയായി ലഭിക്കുക.

നിയമപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരാധനാലയങ്ങള്‍ എന്നിവയ്ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഡാന്‍സ് ബാറുകള്‍ തുടങ്ങാന്‍ സാധ്യമല്ല. ഇവയുടെ സമയം വൈകിട്ട് 6 മുതല്‍ 11.30 വരെ നിജപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മാത്രവുമല്ല, ഡാന്‍സ് മേഖലയില്‍ മദ്യനിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നേരത്തെ ഇതുമായി ബന്ധപ്പെട്ട കേസില്‍ വാദം കേള്‍ക്കവെ സുപ്രീംകോടതി ഡാന്‍സ് ബാറുകള്‍ നിരോധിക്കുന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ രണ്ട് ഭേദഗതികള്‍ റദ്ദാക്കിയിരുന്നു. അതേസമയം ബാറുകളിലെ അശ്ലീലങ്ങള്‍ നിയന്ത്രിക്കുന്നതിനും സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും സംസ്ഥാന സര്‍ക്കാരിന് അധികാരം ഉണ്ടായിരിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top