ജയില്‍വാസം ഛഗന്‍ ഭുജ്ബലിന്റെ കോലം മാറ്റി, ഫോട്ടോ വൈറലാകുന്നു

bhujbal

മുംബൈ: അഴിമതിക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മുന്‍മന്ത്രി ഛഗന്‍ ഭുജ്ബലിന്റെ ആരോഗ്യ സ്ഥിതി  മോശമായി. ഇത് വ്യക്തമാക്കുന്ന ഒരു ഫോട്ടോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിക്കുകയാണ്. ജയില്‍ വാസം ഭുജ്ബലിനെ ശരിക്കും മാറ്റിമറിച്ചിരിക്കുകയാണ്. ജയില്‍ ജീവിതം ആരംഭിക്കുന്നതിന് മുന്‍പും ശേഷവുമുള്ള അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വെളിപ്പെടുത്തുന്നതാണ് ചിത്രം.

ഭുജ്ബല്‍ ഇപ്പോള്‍ മുംബൈയിലെ സെന്റ് ജോര്‍ജ്ജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവിടെ വെച്ചാണ് ഫോട്ടോ പകര്‍ത്തിയിരിക്കുന്നത്. ശനിയാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജയിലില്‍ പ്രവേശിപ്പിക്കുന്നതിന് മുന്‍പ് പൂര്‍ണ ആരോഗ്യവാനായിരുന്ന 68 കാരനായ ഭുജ്ബല്‍ ഇപ്പോള്‍ ശരിക്കും ക്ഷീണിതനായ നിലയിലാണ്. വീല്‍ചെയറില്‍ കണ്ണുകളടച്ച് ജയില്‍ വേഷത്തില്‍ ഇരിക്കുന്ന ഫോട്ടോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. താടിയും മീശയും നരച്ച് ഷേവ് ചെയ്യാത്ത നിലയിലാണ് അദ്ദേഹം.

ഒരുകാലത്ത് മഹാരാഷ്ട്രാ രാഷ്ട്രീയത്തിലെ അതികായനായിരുന്നു ഭുജ്ബല്‍. അദ്ദേഹത്തിന്റെ ശരീരഭാരത്തില്‍ കാര്യമായ കുറവ് സംഭവിച്ചിട്ടുണ്ട്. ആദ്യം പല്ലുവേദനയുണ്ടെന്ന് പരാതിപ്പെട്ട ഭുജ്ബലിനെ ദന്താശുപത്രിയിലേക്ക് കൊണ്ടുപോകും വഴി നെഞ്ചുവേദന അനുഭവപ്പെടുന്നതായി പറഞ്ഞു. തുടര്‍ന്ന് അദ്ദേഹത്തെ ദന്താശുപത്രിയില്‍ പ്രവേശിപ്പിക്കാതെ സെന്റ് ജോര്‍ജ്ജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അതേസമയം, ഭുജ്ബലിനെ ആശുപത്രിമാറ്റി പ്രവേശിപ്പിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈ വര്‍ഷം മാര്‍ച്ച് പതിനഞ്ചിനാണ് അഴിമതിക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഭുജ്ബലിനെ അറസ്റ്റ് ചെയ്യുന്നത്. സര്‍ക്കാര്‍ കരാറുകള്‍ അനുവദിച്ചു നല്‍കുന്നതിന് മന്ത്രിയായിരിക്കെ ഭുജ്ബലും അദ്ദേഹത്തിന്റെ ബന്ധുക്കളും കൈക്കൂലി വാങ്ങിയെന്നാണ് കേസ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top