മൊഹ്ന അന്‍സാരി: നേപ്പാളില്‍ നിയമബിരുദം നേടുന്ന ആദ്യ മുസ്ലീം വനിത

mohna-ansari

കാഠ്മണ്ഡു: നേപ്പാളില്‍ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന അനീതിയോട് പൊരുതി നിയമബിരുദം നേടുന്ന ആദ്യ മുസ്‌ലിം യുവതിയെന്ന പദവി മൊഹ്ന അന്‍സാരിയെന്ന 39കാരിക്ക്. നേപ്പാളിലെ ന്യൂനപക്ഷമായ മുസ്ലീം ശക്തമായ അടിച്ചമര്‍ത്തലുകളാണ് നേരിടുന്നത്. കടുത്ത വിവേചനവും സാമൂഹ്യ സാമ്പത്തിക അവകാശങ്ങളുടെ നിഷേധത്തിനും വിദ്യാഭ്യാസ നിഷേധത്തിനും ഇരകളാണ് ഇവിടുത്തെ മുസ്‌ലിം ന്യൂനപക്ഷം. എന്നാല്‍ ഈ പ്രതിബന്ധങ്ങളൊന്നും മൊഹ്നയ്ക്ക് തടസമായില്ല.

നേപ്പാള്‍ ഖുഞ്ച് സ്വദേശിയായ മൊഹ്ന ഇപ്പോള്‍ നേപ്പാള്‍ മനുഷ്യാവകാശ കമ്മീഷന്റെ വക്താവായി പ്രവര്‍ത്തിക്കുകയാണ്. കോളജ് വിദ്യാഭ്യാസം കഴിഞ്ഞ് ഒരു ഇടവേളയ്ക്കുശേഷമാണ് നിയമബിരുദം തെരഞ്ഞെടുത്തത്. കുറഞ്ഞ വരുമാനമുള്ള തന്റെ അയല്‍വാസികളായിരുന്നു അവരുടെ ക്ലൈന്റില്‍ ഏറെയും. മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനും അവര്‍ സമയം കണ്ടെത്തി. നേപ്പാള്‍ ജനസംഖ്യയില്‍ 5%ത്തിലും കുറവാണ് മുസ്‌ലീങ്ങള്‍. ദേശീയ തലത്തില്‍ ഇവരുടെ സാക്ഷരതാ നിരക്ക് താരതമ്യേന വളരെക്കുറവാണ്. മുസ്‌ലിം സമുദായത്തിനിടയിലുള്ള സാക്ഷരതാ നിരക്ക് തന്നെ വളരെ കുറവാണ്. ഇതിനിടയില്‍ ലിംഗവിവേചനം കൂടി വരുമ്പോള്‍ മുസ്‌ലിം യുവതിക്ക് മുമ്പില്‍ തടസങ്ങളേറെയാണ്. ഇത്തരമൊരു അവസ്ഥയില്‍ നിന്നും മുന്നേറി വന്നപ്പോഴും സ്ത്രീകളുടെ അവകാശത്തിനു വേണ്ടി പോരാടുന്നതിനാണ് മൊഹ്ന പ്രാധാന്യം നല്‍കുന്നത്.

മനുഷ്യാവകാശം, സാമൂഹ്യനീതി, അസസമത്വം തുടങ്ങിയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ട്വീറ്റുകള്‍ നിറഞ്ഞതാണ് അവരുടെ ട്വിറ്റര്‍ അക്കൗണ്ട്. സോഷ്യല്‍ മീഡിയയില്‍ മാത്രം ഒതുങ്ങുന്നതല്ല മൊഹ്നയുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍. അനീതിക്കെതിരായ ചില പോരാട്ടങ്ങളെ മുന്‍നിരയില്‍ നിന്നു നയിച്ചിട്ടുമുണ്ട് ഇവര്‍. ജനീവയില്‍ നടന്ന യുഎന്‍ കൗണ്‍സില്‍ കോണ്‍ഫറന്‍സില്‍ നേപ്പാളിലെ മനുഷ്യാവാകാശ പ്രശ്‌നങ്ങള്‍ സംബന്ധിച്ച യഥാര്‍ത്ഥ ചിത്രം നല്‍കിയത് മൊഹ്നയായിരുന്നു. ഇത് പ്രധാനമന്ത്രി ശര്‍മ്മ ഒലിയെ ചൊടിപ്പിക്കുകയും മൊഹ്ന വാര്‍ത്തകളില്‍ നിറയുകയും ചെയ്തു. ജനീവയില്‍ സ്വന്തം നിലപാടില്‍ ഉറച്ചുനിന്ന അവര്‍ ഓണ്‍ലൈന്‍ കാമ്പെയ്‌നിലൂടെ നേപ്പാളില്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ ലോകജനതയ്ക്കു മുമ്പില്‍ തുറന്നുകാട്ടുകയും ചെയ്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top