ലോറസ് പുരസ്‌കാരം സെറീനയ്ക്കും ദ്യോക്കോവിച്ചിനും

serene-djokovic

ഇത്തവണത്തെ മികച്ച പുരുഷ-വനിതാ താരങ്ങള്‍ക്കുള്ള ലോറസ് പുരസ്‌കാരത്തിന് പ്രശസ്ത ടെന്നീസ് താരങ്ങളായ നൊവാക് ദ്യോക്കോവിച്ചും സെറീന വില്യംസും അര്‍ഹരായി. കഴിഞ്ഞ വര്‍ഷം ടെന്നീസ് കോര്‍ട്ടില്‍ നടത്തിയ മികച്ച പ്രകടനങ്ങളാണ് ഇരുവരേയും പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്. ഇത് മൂന്നാം തവണയാണ് സെറീന മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കുന്നത്.

കഴിഞ്ഞ ദിവസം 500 കരിയര്‍ ഗോളുകള്‍ എന്ന നേട്ടം സ്വന്തമാക്കിയ ലെയണല്‍ മെസ്സി മികച്ച ടീം അത്‌ലറ്റിനുള്ള പുരസ്‌കാരം നേടി. ന്യൂസിലന്‍ഡിന്റെ ലോകകപ്പ് ജേതാക്കളായ റഗ്ബി ടീം മികച്ച ടീമായും ബ്രസീലിന്റെ പാരാലിമ്പിക്‌സ് നീന്തല്‍ത്താരം ഡാനിയേല്‍ ഡിയസ് മികച്ച ഭിന്നശേഷി കായികതാരമായും തിരഞ്ഞെടുക്കപ്പെട്ടു. മൂന്ന് തവണ എഫ് വണ്‍ കിരീടം സ്വന്തമാക്കിയിട്ടുള്ള നിക്കി ലൗഡയെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നല്‍കി ആദരിച്ചു.

കഴിഞ്ഞ വര്‍ഷം നാല് ഗ്രാന്‍ഡ് സ്ലാമുകളുടേയും ഫൈനലിലെത്തിയ 28 കാരനായ ദ്യോക്കോവിച്ച് മൂന്നെണ്ണത്തില്‍ കിരീടം നേടി. മുപ്പത്തിനാലുകാരിയായ സെറീനയും മൂന്ന് കിരീടങ്ങള്‍ സ്വന്തമാക്കിയിരുന്നു. ഇരുവരും നിലവില്‍ ലോക ഒന്നാം നമ്പര്‍ താരങ്ങളാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top