അന്നും ഇന്നും എന്നും ഇന്ത്യയ്ക്ക് ഒരേ ദൈവം ഒരേ വിളി; ഈദന്‍ ഗാര്‍ഡനിലും ഉറക്കെ മുഴങ്ങിയത് ‘സച്ചിന്‍..സച്ചിന്‍’ വിളികള്‍

SACHIN

കൊല്‍ക്കത്ത: ലോകക്രിക്കറ്റില്‍ നിന്ന് ആ ഇതിഹാസതാരം വിട വാങ്ങിയിട്ട് മൂന്ന് വര്‍ഷമായി. ഇന്നും ഇന്ത്യക്കാരന് ക്രിക്കറ്റെന്നാല്‍ ആ കുറിയ മനുഷ്യനാണ്. നൂറുകോടി മനുഷ്യരുടെ ക്രിക്കറ്റ് ദൈവം, ലോകമാകെയുള്ള ജനതയുടെ മനസിലെ ക്രിക്കറ്റ് ഇതിഹാസം.. ഒരേയൊരു സച്ചിന്‍. ഇന്ന് ഈദന്‍ ഗാര്‍ഡനിലും ഏറ്റവുമുറക്കെ മുഴങ്ങിയത് ‘സച്ചിന്‍ സച്ചിന്‍’ വിളികള്‍ തന്നെ..

ഇന്ത്യ-പാക്ക് ക്രിക്കറ്റെന്ന ആവേശപ്പോരാട്ടത്തിന് സാക്ഷ്യം വഹിച്ച കൊല്‍ക്കത്തയിലെ ഈദന്‍ ഗാര്‍ഡന്‍സില്‍ ഇന്ന് ആരാധകര്‍ തൊട്ടപൊട്ടി വിളിച്ചത് സച്ചിനെന്ന പേര് തന്നെയായിരുന്നു. മത്സരത്തിന്റെ ഭാഗമായി, ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ഇതിഹാസ താരങ്ങളെ അനുമോദിച്ച ചടങ്ങാണ്, കളിക്കളത്തില്‍ നിറഞ്ഞുകളിച്ച പഴയകാലത്തെ അനുസ്മരിപ്പിച്ച്, ഈദന്‍ ഗാര്‍ഡന്‍സില്‍ ഒത്തുചേര്‍ന്ന പതിനായിരങ്ങള്‍ ഒരിക്കല്‍ കൂടി ആ ആരവം ഉയര്‍ത്തിയത്. അനുമോദന ചടങ്ങില്‍ സച്ചിന്റെ പേര് പറഞ്ഞപ്പോളായിരുന്നു കാണികളാകെ ‘സച്ചിന്‍ സച്ചിന്‍’ വിളികളുമായി എഴുന്നേറ്റത്.

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയില്‍ നിന്ന് സച്ചിന്‍ പുരസ്‌കാരം ഏറ്റുവാങ്ങി. പാക്കിസ്ഥാന്‍ ടീമംഗങ്ങളെ സ്വാഗതം ചെയ്യുന്നതായി സച്ചിന്‍ പറഞ്ഞു. നല്ലൊരു കളിക്കായി കാത്തിരിക്കുന്നതായും എല്ലാത്തിലും ഉപരിയായി ക്രിക്കറ്റ് ആസ്വദിക്കാമെന്നും സച്ചിന്‍ പറഞ്ഞു.

sachins

പാക്കിസ്ഥാന്‍ മുന്‍ നായകന്മാരായ ഇമ്രാന്‍ഖാന്‍, വസിം അക്രം, വഖാര്‍ യൂനിസ്, ഇന്ത്യന്‍ താരങ്ങളായ സുനില്‍ ഗവാസ്‌കര്‍, വിരേന്ദര്‍ സെവാഗ് എന്നിവരെയും, മെഗാസ്റ്റാര്‍ അമിതാബ് ബച്ചനെയും, മകന്‍ അഭിഷേക് ബച്ചനേയും ചടങ്ങില്‍ അഭിനന്ദിച്ചു. കൊല്‍ക്കത്ത പാക്കിസ്ഥാന്‍ ടീമിന് നല്‍കിയ ഊര്‍ജസ്വലമായ സ്വീകരണത്തിന് ഇമ്രാന്‍ഖാന്‍ നന്ദി പറഞ്ഞു. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ എന്നും സമാധാനം നിലനില്‍ക്കട്ടെയെന്നായിരുന്നു ബിഗ്ബി അമിതാബ് ബച്ചന്റെ പ്രതികരണം. പ്രാവിന്റെ രൂപമാണ് തങ്ങള്‍ക്ക് സമ്മാനമായി നല്‍കിയതെന്നും ബച്ചന്‍ പറഞ്ഞു. സമാധാനത്തിന്റെ ചിഹ്നമായ പ്രാവിന്റെ രൂപം തന്നെ സമ്മാനമായി തിരഞ്ഞൈടുത്തതില്‍ മമതാ ബാനര്‍ജിയെ അഭിനന്ദിക്കുന്നതായും അമിതാബ് ബച്ചന്‍ പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top