മഹാരാഷ്ട്ര സദന്‍ അഴിമതി; എന്‍സിപി നേതാവ് അറസ്റ്റില്‍

Untitled-4
മുംബൈ: മഹാരാഷ്ട്ര സദന്‍ അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍മന്ത്രിയും നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി(എന്‍സിപി) നേതാവുമായ ഛഗന്‍ ഭുജ്ബാലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസമാണ് മഹാരാഷ്ട്ര സദന്‍ നിര്‍മ്മാണത്തില്‍ അഴിമതിയുണ്ടെന്നും അതില്‍ ഭുജ്പാലിനും കുടുംബത്തിനും വ്യക്തമായ പങ്കുണ്ടെന്നും ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര ആന്റി കറപ്ഷന്‍ ബ്യൂറോ മുംബൈ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.ഫെബ്രുവരി ഒന്നിന് ഛഗന്‍ ഭുജ്ബാലിന്റെ സഹോദരീപുത്രനായ സമീര്‍ ഭുജ്ബാലിനെ കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു.

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് നിലവില്‍ ഛഗന്‍ ഭുജ്ബാലിന്റെ പേരില്‍ ചുമത്തപ്പെട്ടിരിക്കുന്നത്. ഭൂരിഭാഗം കേസുകളും എന്‌ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിലുമാണ്. മഹാരാഷ്ട്ര സദന്‍ അഴിമതി,കലിന ഭൂമി തട്ടിപ്പ് എന്നിവയുടെ അന്വേഷണവുമായി ബന്ധപ്പെട്ട് കള്ളപ്പണ നിരോധന നിയമപ്രകാരം രണ്ട് എഫ്‌ഐആറുകളാണ് ഭുജ്ബാലിനെതിരെ ആന്റി കറപ്ഷന്‍ ബ്യൂറോ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൂടാതെ ഭുജ്ബാല്‍ മഹാരാഷ്ട്ര പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോള്‍ അനുവദിച്ചുനല്‍കിയ കോണ്‍ട്രാക്റ്റുകളെക്കുറിച്ചും പരിശോധിക്കുന്നുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top