സൂര്യതാപം ഒഴിവാക്കിയാല്‍ 20 വയസ് കുറയ്ക്കാം: വെള്ളം കുടിക്കുന്നത് സൗന്ദര്യത്തിന് ഗുണമാകില്ലെന്നും പഠനം

skin
ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നാതിരിക്കാന്‍ സൂര്യതാപം ഒഴിവാക്കണമെന്ന് പഠനം.സൂര്യതാപമേല്‍ക്കാതെ സൂക്ഷിച്ചാല്‍ കാണാന്‍ 20 വര്‍ഷം വരെ ചെറുപ്പമായി തോന്നുമെന്ന് കണ്ടെത്തല്‍. അമേരിക്കയിലെ മസാചൂസിറ്റ്‌സിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തലുള്ളത്. സൂര്യതാപം ഏല്‍ക്കാതിരിക്കുകയും, സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുകയും ചെയ്യുന്നവര്‍ക്ക് ശരിക്കുമുള്ളതിന്റെ 20 വയസുവരെ കാഴ്ചയില്‍ പ്രായം കുറവ് തോന്നുമെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. അമേരിക്കന്‍ അക്കാദമി ഓഫ് ഡെര്‍മ്മറ്റോളജിയിലാണ് പഠന റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.

231 സ്ത്രീകളെയാണ് പഠനത്തിന് വിധേയരാക്കിയത്. കൃത്യമായ വ്യായാമവും, രാത്രിയില്‍ നന്നായി വെള്ളം കുടിക്കുന്നതും മികച്ച ഉറക്കവുമെല്ലാം ചര്‍മ്മത്തിന്റെ പ്രായക്കുറവിന് കാരണമായി പലരും പറയുന്നുണ്ട് . എന്നാല്‍ ധാരാളം വെള്ളം കുടിക്കുന്നതിന് സൗന്ദര്യവുമായി വലിയ ബന്ധമില്ലെന്നാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ. അലക്‌സ കിംബോള്‍ പറയുന്നത്. എത്രമാത്രം വെള്ളം ആവശ്യമാണെന്നത് തിരിച്ചറിയാന്‍ ശരീരത്തിന് കഴിയുമെന്നും, അധികം വെള്ളം കുടിക്കുന്നതിന് വലിയ മാറ്റമുണ്ടാകാനാകില്ലെന്നും അവര്‍ പറയുന്നു.

സ്ത്രീകളുടെ തൊലിയില്‍ നടത്തിയ ഡിഎന്‍എ പരിശോധനയില്‍, സൂര്യതാപം കൊണ്ടുണ്ടാകുന്നത് ഗുരുതരമായ തകരാറുകളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മുഖത്തുനിന്നെടുത്ത തൊലിയില്‍ കാണപ്പെടുന്ന സിഡികെഎന്‍2എ എന്ന ജീന്‍, മറ്റ് ശരീരഭാഗങ്ങളേക്കാള്‍ കൂടുതല്‍ സജീവമായി കാണപ്പെടുന്നതായും പഠനം കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ പ്രായമായി കാണപ്പെടുന്ന, സൂര്യതാപമേല്‍ക്കുന്ന സ്ത്രീകളിലും ഈ ജീന്‍ കൂടുതല്‍ സജീവമാണെന്നും കണ്ടെത്തലുണ്ട്.

സജീവമായ സിഡികെഎന്‍2എ ജീനിന്റെ പ്രകടനം, സെല്ലുകള്‍ പ്രായമായി വിശ്രമം ആവശ്യപ്പെടുന്നതിന്റെ സൂചനയാണെന്നും ഡോ കീംബോള്‍ പറയുന്നു. ചര്‍മ്മത്തിന് പ്രായമാകുന്നതിനെക്കുറിച്ചുള്ള ആധികാരിക പഠനമാണ് നടന്നതെന്ന് പ്രമുഖ ശാസ്ത്രജ്ഞന്‍ ഡോ.ഫ്രോക് ന്യൂസറും അഭിപ്രായപ്പെട്ടു. ദിവസവും സൂര്യതാപത്തില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും പഠനം നിര്‍ദേശിക്കുന്നു

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top