രാജ്യത്ത് വിദ്വേഷം വളര്‍ത്തുന്നവരെ പ്രധാനമന്ത്രി തടയണമെന്ന് ആമിര്‍ഖാന്‍

amir-khan

ദില്ലി: ഇന്ത്യ സഹിഷ്ണുതയുടെ രാജ്യമാണെന്നും എന്നാല്‍ വിദ്വേഷം വളര്‍ത്തുന്നവര്‍ രാജ്യത്തുണ്ടെന്നും ബോളിവുഡ് നടന്‍ ആമിര്‍ ഖാന്‍. വിദ്വേഷം പ്രചരിപ്പിക്കുന്നവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി തടയണമെന്നും ആമിര്‍ഖാന്‍ പറഞ്ഞു. നേരത്തെ അസഹിഷ്ണുതാ പരാമര്‍ശത്തില്‍ ഏറെ ആക്രമിക്കപ്പെട്ടയാളാണ് ആമിര്‍ഖാന്‍.

സര്‍ക്കാര്‍ ഒഴിവാക്കിയാലും ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി തുടരുമെന്നും ഇന്ത്യ ഒരു ബ്രാന്‍ഡ് അല്ല, തനിക്ക് അമ്മയാണെന്നും ആമിര്‍ വ്യക്തമാക്കി. പത്ത് വര്‍ഷം ഇന്‍ക്രഡിബ്ള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി. ഇത്തരം പൊതുസേവന കാമ്പയിനുകള്‍ക്ക് ഇതുവരെ താന്‍ ഒരു നയാപൈസപോലും സര്‍ക്കാറില്‍ നിന്ന് പ്രതിഫലം പറ്റിയിട്ടില്ലെന്നും ആമിര്‍ പറഞ്ഞു. രാജ്യത്തെ വിഭജിക്കണമെന്ന് പറയുന്നവരില്‍ എല്ലാ മതസ്ഥരുമുണ്ട്. പ്രധാനമന്ത്രിയായ മോദിക്ക് മാത്രമേ അവരെ തടയാന്‍ സാധിക്കൂമെന്നും ആമിര്‍ പറഞ്ഞു.

ഇന്ത്യ അസഹിഷ്ണുത രാജ്യമാണ് എന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. രാജ്യത്ത് അരക്ഷിതാവസ്ഥയും അസഹിഷ്ണുതാന്തരീക്ഷവും വളരുന്നു എന്നാണ് പറഞ്ഞത്. അസഹിഷ്ണുത വളരുന്നുണ്ട് എന്ന് പറയുന്നതും ഇന്ത്യ അസഹിഷ്ണത രാജ്യമാണ് എന്ന് പറയുന്നതും രണ്ടാണ്. തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്നും ആമിര്‍ വ്യക്തമാക്കി.

രാജ്യത്ത് നടക്കുന്ന അക്രമണങ്ങളുടെ വാര്‍ത്തകള്‍ കൊടുക്കാതിരിക്കാന്‍ വാര്‍ത്താ ചാനലുകള്‍ ശ്രമിക്കണം. ഇത് സാധാരണക്കാരില്‍ ഭീതിയുണ്ടാക്കുമെന്നും ആമിര്‍ ചൂണ്ടിക്കാട്ടി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top