special page

56 ഇഞ്ച് നെഞ്ചിലായിരുന്നു കനയ്യയുടെ കാളിയമര്‍ദ്ദനം: സഖാവ് കനയ്യയ്ക്ക് ഹൃദയത്തില്‍ നിന്ന് ലാല്‍സലാമുമായി എംബി രാജേഷ്

MB RAJESH

കനയ്യയുടെ പ്രസംഗത്തെ അഭിനന്ദിച്ച് പാലക്കാട് എംപിയും ഡിവൈഎഫ്‌ഐ അധ്യക്ഷനുമായ എംബി രാജേഷ് എംപി ഫെയ്‌സ്ബുക്കില്‍. കനയ്യ എന്നാല്‍ ഹിന്ദിയില്‍ കൃഷ്ണന്‍ എന്നര്‍ത്ഥമാണെന്ന് പറഞ്ഞായിരുന്നു പോസ്റ്റ് തുടങ്ങുന്നത്. സാക്ഷാല്‍ ശ്രീകൃഷ്ണന്‍ കാളിയന്റെ പത്തിയില്‍ നര്‍ത്തനമാടിയതുപോലെ സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ വിഷപ്പത്തി ചവിട്ടി മെതിച്ച ഒരു കാളിയമര്‍ദ്ധനമായിരുന്നു, ജയില്‍ മോചിതനായ കനയ്യ ജെഎന്‍യുവില്‍ നടത്തിയ പ്രസംഗമെന്നും രാജേഷ് പറഞ്ഞു.

വാക്കുകള്‍ക്ക് വെടിയുണ്ടകളേക്കാള്‍ സ്‌ഫോടന ശക്തിയുണ്ടെന്ന് തെളിയിച്ച പ്രസംഗത്തില്‍, ഒരു പ്രസംഗത്തിനു വേണ്ട എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയിരുന്നുവെന്നും രാജേഷ് അഭിപ്രായപ്പെട്ടു. തികഞ്ഞ ആശയ വ്യക്തത, അതിനൊത്ത രാഷ്ട്രീയ മൂര്‍ച്ച, ഏത് സാധാരണക്കാരനുമായും അനായാസേന ആശയവിനിമയം സാധ്യമാക്കുന്ന ലാളിത്യം,നര്‍മ്മം, പരിഹാസം,യുക്തിഭദ്രത,വാക്കുകളുടെ ഒഴുക്ക്, സ്വാഭാവികത, എതിരാളികളെക്കുറിച്ച് പറയുമ്പോഴും പുലര്‍ത്തിയ അന്തസ്സും മിതത്വവും ഇതെല്ലാം ആ പ്രസംഗത്തെ അനുപമമാക്കിയെന്നും രാജേഷ് പറഞ്ഞു. കാരാഗ്രഹത്തിനു തളക്കാനാവാത്ത പോരാട്ടവീര്യം അതിലുടനീളം സ്ഫുരിച്ചു നിന്നുവെന്നും രാജേഷ് കനയ്യയെ അഭിനന്ദിച്ചുകൊണ്ട് ഫെയ്‌സ്ബുക്കില്‍ പറഞ്ഞു.

kanhaiya

ജെഎന്‍യു അടച്ചു പൂട്ടണം എന്നാവശ്യപ്പെട്ട സുബ്രഹ്മണ്യം സ്വാമിയെ സംവാദത്തിന് ക്ഷണിക്കുകയും താങ്കളുടെ വാദം ശരിയാണെന്ന് സംവാദത്തിലൂടെ ബോധ്യപ്പെടുത്താനായാല്‍ അതംഗീകരിക്കാമെന്ന് പറയുന്നിടത്തോളമുള്ള ആത്മവിശ്വാസം, തങ്ങള്‍ ശരിയുടേയും ന്യായത്തിന്റേയും പക്ഷത്താണെന്ന വിശ്വാസത്തില്‍ നിന്നുണ്ടായതാണ്. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ കാണാപ്പാഠം പഠിച്ച് അവതരിപ്പിക്കുന്ന സീരിയല്‍ അനുഭവത്തില്‍ നിന്നും പിആര്‍ ഏജന്‍സികള്‍ പഠിപ്പിച്ചു വിട്ട കൃത്രിമ ആംഗ്യ വിക്ഷേപങ്ങളും പൗരുഷ പ്രകടനങ്ങളും ചേര്‍ത്ത അരോചക പ്രകടനങ്ങളില്‍ നിന്നും ,കനയ്യയുടെ ഹൃദയത്തില്‍ നിന്നുള്ള വാക്കുകള്‍ തികച്ചും വ്യത്യസ്ഥമാകുന്നുവെന്നും രാജേഷ് മോദിയെയും സ്മൃതി ഇറാനിയെയും പരിഹസിച്ചുകൊണ്ട് പറഞ്ഞു.

സംഘപരിവാരത്തിന്റെ 56 ഇഞ്ച് വീതിയുള്ള നെഞ്ചില്‍ ആയിരുന്നു ഈ 28കാരന്‍ പയ്യന്റെ കാളിയമര്‍ദ്ദനമെന്നും രാജേഷ് പറഞ്ഞു. കനയ്യ ഉന്നയിച്ച ഒരു ചോദ്യത്തിനും മറുപടി പറയാനുള്ള കഴിവും ബുദ്ധിയും ആത്മവിശ്വാസവുമില്ലാത്ത ഭീരുക്കള്‍, കനയ്യയുടെ പ്രസംഗത്തിനെതിരെ പതിവുപോലെ തെറി ചൊരിഞ്ഞ് തുടങ്ങിയിട്ടുണ്ടെന്നും രാജേഷ് നിരീക്ഷിച്ചു. സംഘപരിവാര്‍ വിളിക്കുന്ന ഓരോ തെറിയും ഉത്തരം മുട്ടിയ പരാജിതരുടെ ദീനരോദനങ്ങളാണ്. സഖാവ് കനയ്യയ്ക്ക് ഹൃദയത്തില്‍ നിന്നൊരു ലാല്‍സലാം എന്ന് പറഞ്ഞുകൊണ്ടാണ് രാജേഷ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

കന്‍ഹയ്യ എന്നാല്‍ ഹിന്ദിയില്‍ കൃഷ്ണന്‍ എന്നര്‍ത്ഥം. സാക്ഷാല്‍ ശ്രീകൃഷ്ണന്‍ കാളിയന്‍റെ പത്തിയില്‍ നര്‍ത്തനമാടിയതുപോലെ സംഘ…

Posted by M.B. Rajesh on Saturday, 5 March 2016

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top