കനയ്യകുമാര്‍ ഇന്ന് ജയില്‍ മോചിതനാകും

kanhaiya

ദില്ലി: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷന്‍ കനയ്യകുമാര്‍ ഇന്ന് ജയില്‍ മോചിതനാകും. ദേശദ്രോഹക്കുറ്റം ചുമത്തി കഴിഞ്ഞ 12ാം തീയതി അറസ്റ്റ് ചെയ്യപ്പെട്ട കനയ്യയ്ക്ക് ഇന്നലെ ദില്ലി ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇന്ന് വൈകിട്ടോടെയാകും കനയ്യ ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നത്. ഉപാധികളോടെയാണ് കനയ്യയ്ക്ക് കോടതി ജാമ്യം അനുവദിച്ചത്.

ജെഎന്‍യുവില്‍ ഇന്ന് വിജയാഹ്ലാദദിനമായി ആഘോഷിക്കാന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ തീരുമാനിച്ചിട്ടുണ്ട്. വിപുലമായ പ്രകടനം നടത്താനും ജെഎന്‍യുഎസ്‌യു ഉപാധ്യക്ഷ ഷഹല റാഷിദ് ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ പ്രകടനത്തെ കനയ്യ അഭിവാദ്യം ചെയ്ത് സംസാരിക്കാനും സാധ്യതയുണ്ട്.

അതേസമയം കടുത്ത വാക്കുകളിലാണ് കോടതി ഇന്നലെ വിദ്യാര്‍ത്ഥികളെ വിമര്‍ശിച്ചത്. ഉപാകാര്‍ എന്ന സിനിമയിലെ ദേശഭക്തിഗാനം പരാമര്ഞസിച്ചുകൊണ്ടാണ് ജസ്റ്റിസ് പ്രതിഭ റാണി വിധിപ്രസ്താവം ആരംഭിച്ചത്. ഫെബ്രുവരി 9ന് ക്യാമ്പസില്‍ മുഴങ്ങിയ മുദ്രാവാക്യങ്ങളെ മൗലികാവകാശമായോ അഭിപ്രായ സ്വാതന്ത്രമായോ കാണാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ഈ വിദ്യാര്‍ത്ഥികള്‍ക്ക് ബാധിച്ചിരിക്കുന്ന പകര്‍ച്ച വ്യാധി ഉടന്‍ നിയന്ത്രിക്കുകയോ ചികിത്സിച്ച് ബേധമാക്കുകയും വേണം.കാലിന് ഒരു അസുഖം വന്നാല്‍, ആദ്യം ആന്റിബയോട്ടിക് കഴിച്ച് സുഖപ്പെടുത്താനാണ് നോക്കുക. ചിലപ്പോള്‍ ശസ്ത്രക്രീയയും വേണ്ടിവന്നേക്കാം. എന്നിട്ടും ശരിയായില്ലെങ്കില്‍ ചിലപ്പോള്‍ കാല് തന്നെ മുറിച്ചുകളയേണ്ടി വരുമെന്നും കോടതി പറഞ്ഞു.

അതിര്‍ത്തിയില്‍ സൈനികര്‍ കാവല്‍ നില്‍ക്കുന്നതുകൊണ്ടാണ് ജെഎന്‍യുവില്‍ സുഖിച്ച് ജീവിക്കാന്‍ കഴിയുന്നത്. സിയാച്ചിനില്‍ ഓക്‌സിജന്‍ പോലും ലഭിക്കാതെയാണ് സൈനികര്‍ രാജ്യം സംരക്ഷിക്കുന്നത്. വിദ്യാര്‍ത്ഥികളെ നേര്‍വഴിക്ക് നയിക്കേണ്ടത് അധ്യാപകരാണെന്നും കോടതി ഓര്‍മ്മിപ്പിച്ചു.

ജയിലില്‍ കിടക്കുന്ന സമയത്ത് തന്റെ ചെയ്തികളെക്കുറിച്ച് വിപുലമായി ആലോടിക്കാന്‍, കനയ്യയ്ക്ക് സമയം ലഭിച്ചിട്ടുണ്ടാകും. പരമ്പരാഗതമായി നല്‍കുന്ന ചികിത്സയാണ് നിലവില്‍ താന്‍ നിര്‍ദേശിക്കുന്നതെന്നും ജഡ്ജി പ്രസ്താവിച്ചു. ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തിയാല്‍, ഉത്തകരവാദിത്തം കനയ്യയ്ക്കുമുണ്ടെന്നും കോടതി നിരീക്ഷിച്ചു. ജാമ്യ കാലത്ത് ക്യാനപസില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും കോടതി കനയ്യയ്ക്ക് നിര്‍ദേശം നല്‍കി. ആറ് മാസത്തേക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top