നടന്‍ ചിമ്പു പൊലീസ് സ്‌റ്റേഷനില്‍ ഹാജരായി; വിട്ടൊഴിയാതെ ‘ബീപ് സോംഗ്’ വിവാദം

STR

കോയമ്പത്തൂര്‍: തമിഴ് നാട്ടില്‍ ഏറെ വിവാദങ്ങള്‍ക്ക് വഴി തെളിച്ച ബീപ് സോംഗ് വിഷയുമായി ബന്ധപ്പെട്ട് യുവതാരം ചിമ്പു കോയമ്പത്തൂര്‍ പൊലീസ് സ്‌റ്റേഷനില്‍ ഹാജരായി. എത്രയും പെട്ടെന്ന് സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് ചിമ്പുവിന് നോട്ടിസ് അയച്ചിരുന്നു. താരത്തിനെ ഇന്നു തന്നെ കോയമ്പത്തൂര്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പോലിസ് പറഞ്ഞു.

നടനും സംവിധായകനുമായ ചിമ്പു മികച്ചൊരു ഗായകന്‍ കൂടിയാണ്. ചിമ്പു അഭിനയിച്ച സിനിമകളിലും അല്ലാതെയുമായി നിരവധി ചിത്രങ്ങളില്‍ അദ്ദേഹം പാടിയിട്ടുണ്ട്. എന്നാല്‍ താരം സ്വകാര്യമായി സൂക്ഷിക്കാന്‍ സംഗീത സംവിധായകന്‍ അനിരുദ്ധുമായി ചേര്‍ന്ന് റെക്കോര്‍ഡ് ചെയ്ത ഗാനമാണ് ബീപ് സോംഗ്. അനുമതിയില്ലാതെ ആരോ ഇത് ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തതോടെ വിവാദങ്ങള്‍ ആരംഭിക്കുകയായിരുന്നു. സ്ത്രീകളെ അപമാനിക്കുന്ന പദപ്രയോഗങ്ങള്‍ ഗാനത്തിലുണ്ടെന്ന് ആരോപിച്ച് ജനാധിപത്യ മഹിളാ അസോസിയേഷന്‍ ചിമ്പുവിന്റെയും അനിരുദ്ധിന്റെയും പേരില്‍ പരാതി ഫയല്‍ ചെയ്തു.

ബീപ് സോംഗ് വിവാദത്തില്‍ പത്തോളം കേസുകളാണ് താരത്തിന്റെ പേരിലുള്ളത്. എന്നാല്‍ താന്‍ നിരപരാധിയാണെന്നും അനുമതിയില്ലാതെ വേറെ ആരോ ആണ് ഗാനം ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തതെന്നും ചിമ്പു നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top