നാവുകള്‍ക്ക് വിലങ്ങു വീഴുന്നതിനു മുന്നേ നമുക്ക് ഉറക്കെ ശബ്ദിക്കാം

‘ഭൂതകാലത്തിനോടോ അല്ലെങ്കില്‍ ഭാവികാലത്തിനോടോ എന്നറിയില്ല. ചിന്തകള്‍ സ്വതന്ത്രമായ, മനുഷ്യര്‍ ഒറ്റയ്ക്കല്ലാതെയും വ്യത്യസ്തതകള്‍ പുലര്‍ത്തിയും ജീവിക്കുന്ന കാലത്തിനോട് സത്യം നിലനില്‍ക്കുന്ന, ചെയ്ത കാര്യങ്ങള്‍ തിരുത്താന്‍ കഴിയാത്ത ഒരു കാലത്തിനോട്: ഏകീകരണത്തിന്റെ യുഗത്തില്‍ നിന്നും, ഏകാന്തതയുടെ യുഗത്തില്‍ നിന്നും, വല്യേട്ടന്റെ യുഗത്തില്‍ നിന്നും, ഇരട്ടത്താപ്പിന്റെ യുഗത്തില്‍ നിന്നും അഭിവാദ്യങ്ങള്‍!’
അറുപത്തിയഞ്ചു കൊല്ലം മുന്നേ വിഖ്യാത എഴുത്തുകാരന് ജോര്‍ജ്ജ് ഓര്‍വല്‍ എഴുതിയ ‘1984’ എന്ന നോവലിലെ വിന്സ്റ്റന് സ്മിത്ത് എന്ന കഥാപാത്രം തന്റെ ഡയറിയില്‍ കുത്തിക്കുറിക്കുന്ന വരികളാണിത്. മനോവ്യാപാരം പോലും മരണം ക്ഷണിച്ചു വരുത്താവുന്ന ഒരു കുറ്റകൃത്യമായി മാറിയേക്കാവുന്ന ചിന്തകള്‍ തന്നെ മരണമായ ഓഷ്യാനിയ എന്ന രാജ്യത്തെ പൗരനാണ് സ്മിത്ത്. സ്റ്റാലിന്റെ ടോട്ടാലിട്ടേറിയന് ഭരണത്തെ ആധാരമാക്കിയാണ് ഈ നോവല്‍ രചിക്കപ്പെട്ടിട്ടുള്ളത്. ചിന്തകള്‍ക്ക് കൂച്ചു വിലങ്ങുമായി ഫാസിസം പടിവാതില്ക്കല് നില്ക്കുന്ന ഈ കാലത്ത് സ്വാതന്ത്ര്യബോധമുള്ള ഓരോ ഇന്ത്യന്‍ പൗരനും സ്മിത്തിന്റെ വാക്കുകളിലെ നിരാശയും നിസ്സഹായതയും ഉള്‍കൊള്ളാന്‍ സാധിക്കും.


ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയിലെ ഗവേഷകവിദ്യാര്‍ത്ഥിയായ കനയ്യ കുമാറിനൊപ്പം തീഹാര്‍ ജയിലില്‍ അടയ്ക്കപ്പെട്ടത് നമ്മളോരോരുത്തരുടെയും പ്രതികരണശേഷിയാണ്. പട്യാല ഹൗസ് കോടതി വളപ്പിലിട്ടു കറുത്ത കോട്ടിട്ട ഗുണ്ടകള്‍ കയ്യേറ്റം ചെയ്തത് നമ്മുടെ ഓരോരുത്തരുടേയും അഭിപ്രായസ്വാതന്ത്ര്യത്തെയാണ്. അര്‍ണാബ് ഗോസ്വാമിയുടെ അലര്‍ച്ചകള്‍ക്ക് മുന്നില്‍ പിച്ചിച്ചീന്തപ്പെടുന്നത് ഇന്നാട്ടിലെ ജനാധിപത്യമാണ്. 2014 മേയ് മാസം പതിനാറാം തീയതി മുതല്‍ ഇന്ന് വരെയുള്ള കാലയളവില്‍ നമ്മുടെ രാജ്യത്തെ ജനാധിപത്യത്തെ ആള്‍ക്കൂട്ടം തീര്‍പ്പുകള്‍ കല്‍പ്പിക്കുന്ന ജനാവലിയാധിപത്യമായി അധഃപതിപ്പിക്കുവാന്‍ സംഘപരിവാരം നടത്തിയ നീചമായ ഗെയിം പ്ലാനുകളുടെ ഭാഗമാണ് ദില്ലിയില്‍ നടക്കുന്ന പൊറാട്ട് നാടകങ്ങള്‍. കനയ്യ കുമാര്‍ ചെയ്ത കുറ്റം എന്താണെന്ന് ഇനിയും പറയുവാന്‍ കഴിയാത്ത നമ്മുടെ കേന്ദ്രസര്‍ക്കാര്‍ അയാള്‍ക്കെതിരെ മാധ്യമങ്ങളെയടക്കം കൂട്ടുപിടിച്ച് വ്യാജവീഡിയോകളും വ്യാജ ആരോപണങ്ങളും ചമച്ച് ജനങ്ങളെ വിഡ്ഢികളാക്കിക്കൊണ്ടിരിക്കുന്നു. ഒമര്‍ ഖാലിദ് എന്ന മതവിശ്വാസി പോലുമല്ലാത്ത വിദ്യാര്‍ത്ഥിയെ പാക്കിസ്ഥാന് സഹായം തേടുന്ന മത തീവ്രവാദിയാക്കി ചിത്രീകരിച്ചുകൊണ്ടിരിക്കുന്നു. ഓരോ ദിവസവും പുറത്ത് വരുന്ന വാര്‍ത്തകള്‍ നമ്മോടു പറയുന്നത് ജെഎന്‍യുവിലേതു ആസൂത്രണം ചെയ്തു നടപ്പാക്കിയ ഒരു ഗെയിം പ്ലാന്‍ ആയിരുന്നു എന്നാണ്. ഇത്തരത്തില്‍ നുണകളുടെ ചീട്ടുകൊട്ടാരങ്ങള്‍ പണിതും അക്രമികളെ അഴിഞ്ഞാടാന്‍ വിട്ട് നിയമവാഴ്ചയെ വെല്ലുവിളിച്ചും മുന്നേറുന്ന സംഘപരിവാറിന്റെ യഥാര്‍ത്ഥ അജണ്ട എന്താണ്? അതിനുള്ള ഉത്തരം നമുക്ക് ചരിത്രത്തില്‍ നിന്നും ലഭിക്കും.

1933 ഫെബ്രുവരി 27-ന് ജര്‍മ്മനിയുടെ പാര്‍ലമെന്റ് മന്ദിരമായ ബെര്‍ലിനിലെ റീഷ്ടാഗ് സൗധത്തിന് തീയിട്ട ശേഷം കമ്യൂണിസ്റ്റുകളുടെ നേര്‍ക്ക് ആരോപണം ഉന്നയിച്ച ഹിറ്റ്ലറുടെ ആശയത്തിന് ഏകദേശം 83 വര്‍ഷം പഴക്കമുണ്ട്. എന്നാല്‍ ഹിറ്റ്ലറുടെ ഇന്ത്യന്‍ രൂപമായ സംഘപരിവാര്‍ ഈ ആശയത്തെ മറ്റൊരു രൂപത്തില്‍ നമ്മുടെ മുന്നില്‍ നടപ്പാക്കുന്ന കാഴ്ചയാണ് ദില്ലിയിലെ സര്‍വകലാശാലയിലെ മതില്‍ക്കെട്ടിനുള്ളില്‍ നമ്മള് കണ്ടത്. റീഷ്ടാഗ് സൗധത്തിന് തീയിട്ട രാത്രിയില്‍ നാലാഴ്ച മുന്നേ ഒരു കൂട്ടുകക്ഷി സര്‍ക്കാരിന്റെ ഭാഗമായി ചാന്‍സലര്‍ ആയി അധികാരത്തിലേറിയ ഹിറ്റ്ലര്‍, ജോസഫ് ഗീബല്‍സിന്റെ വസതിയില്‍ നടന്ന അത്താഴവിരുന്നില്‍ പങ്കെടുക്കുകയായിരുന്നു. ഉടന്‍ തന്നെ സംഭവസ്ഥലത്ത് കുതിച്ചെത്തിയ ഹിറ്റ്ലര്‍, കെട്ടിടം കത്തിച്ചതിനു പിന്നില്‍ കമ്മ്യൂണിസ്റ്റുകാര്‍ ആണെന്ന് ആരോപണമുന്നയിച്ചു. സംഭവസ്ഥലത്ത് നിന്നും നാടകീയമായി അറസ്റ്റ് ചെയ്യപ്പെട്ട മാരിനോസ് വാന്‍ ദേര്‍ ലൂബ് കമ്മ്യൂണിസ്റ്റ് ആണെന്നും ഇതൊരു കമ്മ്യൂണിസ്റ്റ് ഗൂഡാലോചനയാണെന്നും വ്യാപകപ്രചാരണം നടന്നു. പിറ്റേന്ന് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു. അഭിപ്രായ സ്വാതന്ത്ര്യവും, മാധ്യമ സ്വാതന്ത്ര്യവും, പൊതുയോഗവും, സ്വകാര്യതയ്ക്കുള്ള അവകാശവും എല്ലാം റദ്ദാക്കപ്പെട്ടു. ഒരുമാസത്തിനുള്ളില്‍ കമ്മ്യൂണിസ്റ്റുകാരെ രാജ്യദ്രോഹികളായി ചിത്രീകരിക്കാനും വേട്ടയാടി ഇല്ലാതാക്കാനും ഹിറ്റ്ലര്‍ക്ക് കഴിഞ്ഞു. മാര്‍ച്ച് അഞ്ചിന് നടന്ന തെരഞ്ഞെടുപ്പില്‍ പാര്‍ലമെന്റിലെ തങ്ങളുടെ പ്രാതിനിധ്യം 32 ശതമാനത്തില്‍ നിന്നും 52 ശതമാനമാക്കി ഉയര്‍ത്താന്‍ നാസികള്‍ക്ക് സാധിച്ചു. ഈ ഭൂരിപക്ഷം ഉപയോഗിച്ചു പാസ്സാക്കിയ എനേബിളിംഗ് ആക്റ്റ് എന്ന നിയമമാണ് ജര്‍മ്മനിയുടെ സര്‍വ്വാധിപതിയായി ഹിറ്റ്ലറെ വളര്‍ത്തിയത്. നാസികള്‍ അടക്കമുള്ള എല്ലാ പ്രതിവിപ്ലവകാരികളും വ്യാപകമായി ഉപയോഗിച്ച ‘ഫാള്‍സ് ഫ്ലാഗ് ‘ എന്ന ആയുധം തന്നെയാണ് സംഘപരിവാര്‍ ഇന്ത്യയില്‍ എല്ലായ്പ്പോഴും ഉപയോഗിച്ചു കാണാറുള്ളത്. പാക്കിസ്ഥാന് പതാക ഉയര്‍ത്തിയ ശേഷം മുസ്ലീങ്ങളുടെ നേര്‍ക്ക് ആരോപണം ഉന്നയിക്കുന്നതും പോത്തിന്റെ തല അമ്പലത്തിനു മുന്നില്‍ ഇട്ട ശേഷം വര്‍ഗീയ കലാപം ഉണ്ടാക്കുന്നതും മുതല്‍ മലെഗാവ് സ്ഫോടനവും എല്ലാം ഈ ഫാള്‍സ് ഫ്ലാഗിന്റെ വിവിധ രൂപങ്ങള്‍ തന്നെയാണ്.

നാസികളുടെ ഒന്നാമത്തെ ശത്രു ജൂതന്മാരാണെങ്കില് ഇന്ത്യന്‍ നാസികളുടെ ആദ്യത്തെ ശത്രുവായി അവരുടെ ഗുരു ഗോള്‍വള്‍ക്കര്‍ അടയാളപ്പെടുത്തിയത് മുസ്ലീങ്ങളെയായിരുന്നു. ഇത്തരം അപരനിര്മ്മിതികളിലൂടെ മാത്രമേ നാസിസവും ബ്രാഹ്മണിസവും പോലെയുള്ള പ്രതിലോമകരമായ ആശയങ്ങളെ സമൂഹത്തിലേയ്ക്ക് കുത്തിവെയ്ക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ഇത്തരം പ്രതിലോമകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ആശയകരമായി തടയിടുന്നത് പ്രധാനമായും ഇടതുപക്ഷമോ കമ്മ്യൂണിസ്റ്റുകളോ ആണെന്ന തിരിച്ചറിവ് നാസികളെപ്പോലെ തന്നെ സംഘപരിവാറിനും ഉണ്ടായിരുന്നു. ജവഹര്‍ലാല്‍ നെഹ്രുവിനെപ്പോലെ ഒരു ഇടതുപക്ഷമനോഭാവമുള്ള സോഷ്യലിസ്റ്റ് ഉണ്ടായിരുന്നില്ലെങ്കില്‍, നമ്മുടെ ഭരണഘടന അംബേദ്കറെപ്പോലെ ദീര്‍ഘദര്‍ശിയായ ഒരാള്‍ നിര്മ്മിച്ചിരുന്നില്ലെങ്കില്, ഇന്ത്യയുടെ ചരിത്രം തന്നെ മാറിപ്പോയേനെ. നെഹ്രുവും പിന്നാലെ വന്നവരും പിന്തുടര്‍ന്ന നെഹ്രൂവിയന് പോളിസി, നമ്മുടെ അക്കാഡമിക് സ്പെയ്സുകളില്‍ ഒരു ഇടതുപക്ഷ സാന്നിദ്ധ്യം നിലനിര്‍ത്തിയിരുന്നു. അതുകൊണ്ട് തന്നെ ബൗദ്ധികമായി മുന്നില്‍ നില്ക്കുന്ന ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലോ അവിടുത്തെ വിദ്യാര്‍ത്ഥികളുടെ ഇടയിലോ തീവ്രവലതുപക്ഷ നിലപാടുകള്‍ സൂക്ഷിക്കുന്ന സംഘടനകള്‍ക്ക് വലിയ സ്വീകാര്യത കിട്ടുന്നില്ല എന്നത് യഥാര്‍ത്ഥ്യമാണ്. എന്നാല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മുതല്‍ അധികാരദുര്‍വിനിയോഗം വഴി അക്കാദമിക് ഇടങ്ങളിലേയ്ക്ക് നുഴഞ്ഞു കയറാന്‍ സംഘപരിവാരം നടത്തിയ നീചമായ ശ്രമങ്ങളാണ് ഇന്ത്യയിലെ കലാലയങ്ങളെ കലാപഭൂമികളാക്കി മാറ്റിയത്. ഈ ശ്രമങ്ങളുടെ ഭാഗമായി അവര്‍ ഈ ഇടങ്ങളില്‍ കൊണ്ടിടാന്‍ ശ്രമിച്ച മാലിന്യങ്ങളുടെ ദുര്‍ഗന്ധം വര്‍ഷങ്ങളോളം അവിടെ തങ്ങി നില്ക്കാന് സാധ്യതയുണ്ട്. രാജ്യത്തിന്റെ അഭിമാനമായിരുന്ന നാഷണല്‍ സയന്‍സ് കൊണ്ഗ്രസ്സിനെ ഗോമൂത്രശാസ്ത്രത്തിന്റെയും പുഷ്പക വിമാനത്തിന്റെയും മുത്തശിക്കഥകള്‍ പറയാനുള്ള വേദിയാക്കി മാറ്റിയതായിരുന്നു അതില്‍ ആദ്യത്തേത്. സീരിയല്‍ നടനായ ആര്എസ്എസുകാരന് ഗജേന്ദ്ര ചൗഹാനെ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്മാന് ആക്കാന്‍ ശ്രമിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കി. എന്നാല്‍ വിദ്യാര്‍ത്ഥികളും , അധ്യാപകരും, പൂര്‍വ്വവിദ്യാര്‍ത്ഥികളും ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് നടത്തിയ വലിയ പ്രതിഷേധങ്ങളെ പോലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍. ഹൈദരാബാദില്‍ രോഹിത് വെമുല എന്ന ദളിത് വിദ്യാര്‍ത്ഥിയെ അക്ഷരാര്‍ത്ഥത്തില്‍ കൊല ചെയ്തതും ഇഫ്ലു, പോണ്ടിച്ചേരി തുടങ്ങിയ സര്‍വ്വകലാശാലകളിലെ ഇടപെടലുകലുമെല്ലാം മേല്‍പ്പറഞ്ഞ അജണ്ടയുടെ ഭാഗമായിരുന്നു.
ഉദയപ്പൂരിലെ മോഹന്‍ലാല്‍ സുഖാടിയ യൂണിവേഴ്സിറ്റിയില്‍ (MLSU) ഇക്കഴിഞ്ഞ ഡിസംബറില്‍ നടന്ന സംഭവങ്ങളും ഈ സീരീസില്പ്പെടുത്താവുന്ന ഒന്നാണ്. അവിടുത്തെ ഫിലോസഫി വിഭാഗം നടത്തിയ മതങ്ങളെക്കുറിച്ചുള്ള സെമിനാറില്‍ ഡല്‍ഹി സര്‍വ്വകലാശാലയില്‍ നിന്നും വിരമിച്ച പ്രോഫസ്സര്‍ അശോക് വോറ മതങ്ങളെ വിമര്‍ശനാത്മകമായി സമീപിച്ചിരുന്നു. ഇത് ഹിന്ദുമതത്തെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച് ആര്‍എസ്എസ് വലിയ പ്രക്ഷോഭം നടത്തി. രാജസ്ഥാന് ഭരിക്കുന്ന ബിജെപി സര്‍ക്കാരിലെ മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി കാളി ചരണ്‍ സറഫ് ഉത്തരവിട്ടതു പ്രകാരം അശോക് വോറയ്ക്കെതിരെ മതവികാരം വ്രണപ്പെടുത്തിയതിന് കേസെടുത്തിരിക്കുകയാണ്. എന്നാല്‍ ഫിലോസഫി മേധാവി സുധാ ചൗധരിയെക്കൂടി പ്രതിയാക്കാന്‍ സമരം തുടരുന്നു. സ്വാമി അഗ്നിവേശ് , രജീന്ദര്‍ സച്ചാര്‍, അഭി ദൂബേ എന്നിവരും സെമിനാറില്‍ അതിഥികള്‍ ആയിരുന്നു. ഇവരെപ്പോലെയുള്ള ‘രാജ്യദ്രോഹികളെ ‘ ക്ഷണിച്ച സുധാ ചൗധരിയെ അറസ്റ്റ് ചെയ്യണം എന്നാണു ആര്‍എസ്എസ് വിതരണം ചെയ്ത ലഘുലേഖകള്‍ പറയുന്നത്. കഴിഞ്ഞ അശോക് ഗെലോട്ട് സര്‍ക്കാരിന്റെ കാലത്താണ് ജയ്പ്പൂരില്‍ ഹരിദേവ് ജോഷി യൂണിവേഴ്സിറ്റി ഓഫ് ജേര്‍ണലിസം സ്ഥാപിച്ചത്. മലയാളിയായ മാധ്യമപ്രവര്ത്തകന് സണ്ണി സെബാസ്റ്റ്യനാണ് ഈ സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലര്‍. എന്നാല്‍ വസുന്ധരാ രാജ സിന്ധ്യെയുടെ നേത്രുത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ,നല്ല നിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഈ സര്‍വ്വകലാശാല അടച്ചു പൂട്ടാന്‍ തീരുമാനിച്ചിരിക്കുകയാണ്. കഴിഞ്ഞ സര്‍ക്കാര്‍ സ്ഥാപിച്ച മറ്റൊരു സര്‍വ്വകലാശാലയായ അംബേദ്കര്‍ ലോ യൂണിവേഴ്സിറ്റി ഇതേരീതിയില്‍ അടച്ചു പൂട്ടിയത് കഴിഞ്ഞ നവംബറിലാണ്. രാജ്യത്തിന്റെ ചരിത്രത്തില്‍ത്തന്നെ ആദ്യത്തെ സംഭവമായിരുന്നു ഒരു സര്‍വ്വകലാശാല അടച്ചുപൂട്ടുക എന്നത്. നിരവധി സ്വകാര്യ സര്‍വ്വകലാശാലകള്‍ അനുവദിച്ചുകൊണ്ടിരിക്കുന്ന സര്‍ക്കാര്‍ തന്നെയാണ് സര്‍ക്കാര്‍ സര്‍വ്വകലാശാലകള്‍ അടച്ചുപൂട്ടുന്നത് എന്നോര്‍മ്മിക്കണം. സ്വകാര്യസര്വ്വകലാശാലകളില് പ്രോപ്പഗാണ്ട നടപ്പാക്കാന്‍ എളുപ്പമാണ്. ഉദാഹരണത്തിന് ഉദയപ്പൂരിലെ സ്വകാര്യ സര്‍വകലാശാലയായ പസഫിക് യൂനിവേഴ്സിറ്റിയുടെ വൈസ് ചാന്‍സലര്‍ ബി പി ശര്‍മ്മ , ആര് എസ് എസിന്റെ ചിത്തോഡിലെ പ്രാന്തപ്രമുഖും സ്വദേശി ജാഗ്രന്‍ മഞ്ചിന്റെ ദേശീയ നേതാവുമാണ്. എം എല്‍ എസ യൂവിനെതിരെ ആര് എസ് എസ് നടത്തിയ സമരത്തില്‍ ഇദ്ദേഹം മുന്‍നിരയിലുണ്ടായിരുന്നു. ഇത്തരത്തില്‍ വിദ്യാഭ്യാസരംഗത്ത് സാധ്യമായ ഇടങ്ങളിലെല്ലാം കടന്നുകയറുകയും അതിനു സാധിക്കാത്ത കലാലയങ്ങളെ കലാപഭൂമിയാക്കുകയോ അടച്ചുപൂട്ടുകയോ ചെയ്യാനുമുള്ള വലിയ അജണ്ടയാണ് നടപ്പായികൊണ്ടിരിക്കുന്നത്.

ഇടതുപക്ഷത്തെയാകെ ദേശദ്രോഹി എന്ന ലേബലിന് കീഴില്‍ കൊണ്ട് വരിക എന്നതാണ് ഡല്‍ഹിയില്‍ നടക്കുന്ന പൊറാട്ട്നാടകങ്ങളുടെ പ്രധാന ലക്ഷ്യം. അഫ്സല് ഗുരുവിന്റെ വധശിക്ഷയെ എതിര്‍ത്തവരെല്ലാം ദേശദ്രോഹികളാകുന്ന ജനാധിപത്യവിരുദ്ധമായ രാഷ്ട്രീയം ഊട്ടിയുറപ്പിക്കാനുള്ള ശ്രമം ചെറുക്കപ്പെടെണ്ടതുണ്ട്. സര്‍ക്കാരിനെതിരെയോ രാജ്യത്തിനെതിരെ തന്നെ മുദ്രാവാക്യം വിളിക്കുന്നത് ഐ പി സി 124 എ പ്രകാരം രാജ്യദ്രോഹത്തിനു കേസെടുക്കാന്‍ പാകത്തിനുള്ള കുറ്റമല്ല. 1962ലെ കേദാര്‍ നാഥ് സിംഗ് Vs സ്റ്റേറ്റ് ഓഫ് ബീഹാര്‍ കേസില്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ബഞ്ച് വിധിച്ചത് ‘ അക്രമത്തിനു ആഹ്വാനം ചെയ്യുകയോ ക്രമസമാധാന ലംഘനത്തിന് മുതിരുകയോ ‘ ചെയ്യാത്ത പ്രവൃത്തികള്‍ ഒന്നും തന്നെ രാജ്യദ്രോഹത്തിന്റെ പട്ടികയില്‍ വരില്ല എന്നാണ്. 124 എ അടക്കമുള്ള നിയമങ്ങള്‍ വ്യാഖ്യാനിക്കുമ്പോള്‍ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നില്ല എന്ന് ഉറപ്പു വരുത്തണമെന്നു 2011ലെ ഇന്ദ്രദാസ് Vs സ്റ്റേറ്റ് ഓഫ് ആസ്സാം കേസില്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ വിഷയത്തെ വികാരപരമായി ഇളക്കിവിടാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയടക്കമുള്ളവര് സ്വീകരിച്ച ഉത്തരവാദിത്ത രഹിതമായ നിലപാടിന്റെ ഫലമാണ് ഡല്‍ഹിയില്‍ നടക്കുന്ന ആഭ്യന്തരകലാപം. അമിതമായ ദേശീയതയടക്കം ഫാസിസത്തിന്റെ പതിന്നാലു ലക്ഷണങ്ങളെ നിര്‍വചിച്ച ഇറ്റാലിയന്‍ എഴുത്തുകാരന് ഉമ്പര്‍ട്ടോ എക്കോ ഇന്ന് ഈ ലോകത്തോട് വിടപറയുമ്പോള്‍ നമ്മുടെ രാജ്യം ആ ലക്ഷണങ്ങളെല്ലാം തികഞ്ഞ ഒരു ഫാസിസ്റ്റ് സാമൂഹിക വ്യവസ്ഥയിലെയ്ക്ക് നടന്നടുക്കുകയാണ്. നാവുകള്‍ക്ക് വിലങ്ങു വീഴാതിരിക്കാന്‍ നമുക്ക് ഉറക്കെ ശബ്ദിക്കാം.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക