ലോകത്തെ ഭീതിയിലാഴ്ത്ത്ത്തിയ സിക്ക വൈറസിനെപ്പറ്റി അറിയേണ്ടതെല്ലാം

sikka-virus

ഫെബ്രുവരി ഒന്നിനാണ് ലോകത്തെ ഭീതിയിലാഴ്ത്തി സിക്ക വൈറസിനെപ്പറ്റിയും അതുണ്ടാക്കുന്ന രോഗത്തെക്കുറിച്ചും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയത്.  ഇന്നു ലോകമെങ്ങും ഭീതി പരത്തി അമേരിക്കന്‍ ഭൂഖണ്ഡങ്ങളും യൂറോപ്പും കടന്ന് ഏഷ്യയില്‍ വരെ എത്തി നില്‍ക്കുന്നു സിക്ക വൈറസ്. ഗര്‍ഭിണികളെയും കുട്ടികളെയുമാണ് ഈ വൈറസ്‌ കൂടുതലായും പിടികൂടിയിരിക്കുന്നത്. ജനങ്ങളെ ഭീതിയിലാഴ്ത്തിയ ഈ രോഗത്തിന്റെ മരുന്നിന് വേണ്ടി ഡോക്ടര്‍മാരും രോഗികളും പരക്കം പായുന്നുണ്ടെങ്കിലും ഇതുവരെ ഒന്നും കണ്ടെത്തിയിട്ടില്ല എന്നുള്ളതാണ് വാസ്തവം.

എന്താണ് സിക്ക വൈറസ്‌?

zika-virus

ഫ്‌ലാവിവിറിഡേ എന്ന വൈറസ് കുടുംബത്തിലെ ഫ്‌ലാവിവൈറസ് ജനുസിലെ ഒരു അംഗമാണ് സിക്ക വൈറസ്. പകല്‍ പറക്കുന്ന ഈഡിസ് ഇനത്തില്‍പ്പെട്ട കൊതുകുകളാണ് ഈ വൈറസ്‌ പകരാന്‍ ഇടയാക്കുന്നത്. മനുഷ്യരില്‍ സിക്ക പനി എന്നു പേരുള്ള ലഘുപനി വരാന്‍ ഇത് ഇടയാക്കുന്നു. 1950 കള്‍ മുതല്‍ ആഫ്രിക്കയിലെയും ഏഷ്യയിലെയും ഒരു ചെറിയ മധ്യരേഖാപ്രദേശത്തുമാത്രം ഈ പനി കാണപ്പെട്ടിരുന്നു. 2014 ആയപ്പോഴേക്കും ഈ വൈറസ് പസഫിക് സമുദ്രത്തിലെ ഫ്രഞ്ച് പോളിനേഷ്യയിലേക്കും പിന്നീട് ഈസ്റ്റര്‍ ദ്വീപ് 2015 ല്‍ മെക്‌സിക്കോ, മധ്യ അമേരിക്ക, കരീബിയന്‍, തെക്കേ അമേരിക്ക എന്നിവിടങ്ങളിലേക്കും വ്യാപിച്ചു. 1947–ല്‍ ആഫ്രിക്കന്‍ രാജ്യമായ യുഗാണ്ടയിലെ കുരങ്ങുകളിലാണ് രോഗം ആദ്യമായി കണ്ടെത്തിയത്. 2014ല്‍ ആണ് അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ ഈ വൈറസ്‌ കണ്ടെത്തിയത്. 2014–ലെ ലോകകപ്പ്  കാണാനെത്തിയ വിദേശികളിലൂടെയാണ് വൈറസ് രാജ്യത്തു പ്രവേശിച്ചതെന്നാണ് ബ്രസീല്‍ അധികൃതര്‍ കരുതുന്നത്.

രോഗം പകരുന്നതെങ്ങനെ?

Aedes_aegypti_mosquito

ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ എന്നീ രോഗങ്ങള്‍ പരത്തുന്ന ഈഡിസ് കൊതുകുകള്‍ തന്നെയാണ് സിക്ക രോഗവും പകര്‍ത്തുന്നത്. ചൂടുള്ള കാലാവസ്ഥയില്‍ വളരുന്ന ഈഡിസ് പോലുള്ള കൊതുകുകളുടെ കടിയേല്‍ക്കുന്നതു മൂലമാണ് രോഗം പകരുന്നത്. ശൈത്യകാലാവസ്ഥയുള്ള സ്ഥലങ്ങളില്‍ രോഗം പെട്ടെന്നു പടരില്ല. കൊതുകിന്റെ കടിയേല്‍ക്കുന്നതു കൂടാതെ രോഗിയുമായുള്ള ലൈംഗികബന്ധത്തിലൂടെയും രക്തദാനത്തിലൂടെയും രോഗം പകരാന്‍ സാധ്യതയുണ്ട്. വൈറസ് ബാധിച്ച അമ്മയില്‍ നിന്നും കുഞ്ഞിലേക്ക് രോഗം പകരാം. സിക വൈറസ് ബാധിച്ച രോഗികളുടെ ഉമിനീര്‍, മൂത്രം എന്നിവയില്‍ വൈറസിന്റെ സാന്നിധ്യമുണ്ടാകാമെന്ന് ബ്രസീലിലെ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട് പക്ഷെ ഇത് വഴി രോഗം പകരുമോയെന്ന് സ്ഥിരീകരിച്ചിട്ടില്ല

രോഗലക്ഷണങ്ങള്‍

sikka-symptoms

തലവേദന, പനി, പേശിവേദന, കണ്ണുവീക്കം, ചര്‍മ്മത്തില്‍ ചുവന്ന പാടുകള്‍, ചെങ്കണ്ണ്, സന്ധിവേദന എന്നിങ്ങനെ ഡെങ്കിപ്പനിയോടു സാദൃശ്യമുള്ള ലക്ഷണങ്ങളാണ് രോഗത്തിനുള്ളത്. മിക്ക രോഗികളിലും ലഘുവായ രീതിയിലാണ് ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രോഗലക്ഷണങ്ങള്‍ അപ്രത്യക്ഷമാകാറുമുണ്ട്. ആശുപത്രിയില്‍ കിടത്തിയുള്ള ചികിത്സ വേണ്ടി വരാറില്ല. മരണസാധ്യത തീരെയില്ല. വിശ്രമം, ശരിയായ ഭക്ഷണം, പാനീയങ്ങള്‍ എന്നിവ കൊണ്ടു തന്നെ രോഗശമനമുണ്ടാകുന്നു. രോഗബാധിതന്റെ കോശങ്ങള്‍, രക്തം എന്നിവ പരിശോധിക്കുന്നതിലൂടെ രോഗനിര്‍ണ്ണയം നടത്താം. എന്നാല്‍ ഇത്തരം പരിശോധനകള്‍ ചെയ്യാന്‍ സംവിധാനമുള്ള ലാബുകള്‍ വളരെ കുറവാണ്.  മുതിര്‍ന്നവരില്‍ നാഡികളെ ബാധിക്കുന്ന ഗില്യന്‍ ബാരി സിന്‍ഡ്രോം എന്ന അവസ്ഥയ്ക്കും ഈ രോഗം കാരണമാകുന്നതായി സംശയിക്കുന്നു. സിക്ക രോഗം ബാധിച്ചു മരണം സംഭവിച്ചതായി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ഗില്യന്‍ ബാരി സിന്‍ഡ്രോം ബാധിച്ചു മരണം സംഭവിച്ചിട്ടുണ്ട്.

ഗര്‍ഭിണികളില്‍

microcephaly

രോഗബാധയുള്ള അമ്മമാര്‍ പ്രസവിക്കുന്ന കുഞ്ഞുങ്ങള്‍ വലിപ്പം കുറഞ്ഞ തലച്ചോറും ചുരുങ്ങിയ തലയോട്ടിയുമായി ജനിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. രോഗബാധിതയായ മാതാവിന്റെ അമ്‌നിയോട്ടിക് ദ്രവത്തിലും പ്ലാസെന്റയിലും, ശിശുവിന്റെ തലച്ചോറിലും വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്.  ബ്രസീലില്‍ നാലായിരത്തോളം കുഞ്ഞങ്ങള്‍ തലയോട്ടി ചുരുങ്ങിയ അവസ്ഥയില്‍ ജനിച്ചിരുന്നു. കുഞ്ഞുങ്ങളില്‍ മസ്തിഷ്‌കമരണം വരെ സംഭവിക്കാവുന്ന അവസ്ഥയാണിത്.

രോഗപ്രതിരോധം

രോഗത്തിനെതിരെയുള്ള പ്രതിരോധ മരുന്നുകളൊന്നുംതന്നെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക് എന്ന സ്ഥാപനം സിക്ക വാക്‌സിന്‍ വികസിപ്പിക്കുന്നതില്‍ സുപ്രധാന ചുവടുവച്ചതായി അവകാശപ്പെട്ടിരുന്നു. ഇവര്‍ തയ്യാറാക്കിയ രണ്ടു വാക്‌സിനുകളില്‍ ഒരെണ്ണം മൃഗങ്ങളില്‍ പരീക്ഷിക്കാവുന്ന ഘട്ടത്തിലാണ്.

കൊതുകുനിര്‍മ്മാര്‍ജ്ജനം മാത്രമാണ് ഇപ്പോള്‍ സിക്ക രോഗത്തെ പ്രതിരോധിക്കാനുള്ള ഫലപ്രദമായ മാര്‍ഗ്ഗം. ഇതിനായി  വീടിനും സമീപത്തും വെള്ളം കെട്ടി നില്‍ക്കുന്ന സാഹചര്യം ഒഴിവാക്കണം. ചെടിച്ചട്ടി, ചിരട്ടകള്‍, ടയറുകള്‍ എന്നിവയില്‍ വെള്ളം കെട്ടി നില്‍ക്കാതിരിക്കാനും ശ്രദ്ധിക്കണം. പ്രത്യേകിച്ച്  വേനല്‍ക്കാലത്തു ഉണ്ടാകുന്ന വെള്ളക്കെട്ടുകള്‍ ഒഴിവാക്കിയും ചുറ്റുപാടുകള്‍ വൃത്തിയാക്കിയും കൊതുകു വളരാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക. അസുഖ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍ സ്വയംചികിത്സ ചെയ്യാതെ ഉടന്‍ വൈദ്യസഹായം തേടുക.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top