ബംഗളൂരു സംഭവത്തില്‍ വ്യാപക പ്രതിഷേധം: രാജ്യത്തിന് അപമാനമെന്ന് സുഷമ, അടിയന്തിര റിപ്പോര്‍ട്ട് തേടി രാഹുല്‍

bangalore

ബംഗളൂരുവില്‍ ടാന്‍സാനിയന്‍ യുവതിയെ വസ്ത്രമുരിഞ്ഞ് നഗ്‌നയാക്കി നടത്തിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി റിപ്പോര്‍ട്ട് തേടി. സംഭവത്തെ പറ്റി അടിയന്തരമായി വിശദീകരിക്കണമെന്നാണ് കര്‍ണാടക ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനോട് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടത്. രാഹുല്‍ ഗാന്ധി ആദ്യം സ്വന്തം പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ക്രമസമാധാനം ഉറപ്പുവരുത്തണമെന്നും. അതിന് ശേഷം കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു

കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നടുക്കം രേഖപ്പെടുത്തി. അപമാനകരമായ സംഭവത്തില്‍ അതീവ ദുഖിതയാണെന്നും അവര്‍ പറഞ്ഞു. ആക്രമണം രാജ്യത്തിനാകെ നാണക്കേടുണ്ടാക്കിയെന്നും പ്രതികളെ ഉടന്‍ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു. കര്‍ണാടക സര്‍ക്കാരിനോട് അടിയന്തിര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. വിദേശ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അവര്‍ നിര്ദേശിച്ചു.

അതേസമയം, ആക്രമണത്തില്‍ ഉള്‍പ്പെട്ട നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്‌തെന്നും ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തയായും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി.ടാന്‍സാനിയന്‍ എംബസി വിദേശകാര്യമന്ത്രാലയത്തോട് സംഭവത്തില്‍ അടിയന്തിരവും കര്‍ശനവുമായ നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നും അത്തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ എന്‍എസ് മെഗ്ഹാറിക് പറഞ്ഞു. 200 ഓളം ആളുകള്‍ ഇവരെ ആക്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.സ്ത്രീത്വത്തെ അപമാനിച്ചുവെന്ന വകുപ്പ് ചുമത്തി ഐപിസി 354  വകുപ്പ് പ്രകാരമാണ് ബംഗലൂരു പോലീസ് കേസെടുത്തത്.

ഞായറാഴ്ചയാണ് ബംഗലൂരുവില്‍ ബിബിഎ വിദ്യാര്‍ത്ഥിയായ 21കാരിയെ ആള്‍ക്കൂട്ടം കാറില്‍ നിന്ന് വലിച്ചിറക്കി വസ്ത്രമുരിഞ്ഞ് നഗ്നയാക്കി നടത്തിച്ചത്. രക്ഷപ്പെട്ട് ആശുപത്രിയിലെത്തിയപ്പോള്‍ ചികിത്സ നല്‍കിയില്ലെന്നും, പോലീസീല്‍ പരാതിപ്പെട്ടപ്പോള്‍ കേസെടുത്തില്ലെന്നുമുള്ള ഗുരുതരമായ ആരോപണങ്ങളും യുവതി ഉയര്‍ത്തിയിട്ടുണ്ട്. സംഭവത്തില്‍ അടിയന്തിര നടപടി ആവശ്യപ്പെട്ട് വിവിധ സാമൂഹ്യസംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top