ഓണ്‍ലൈന്‍ വിജ്ഞാനകോശം വിക്കിപീഡിയയ്ക്ക് 15 വയസ്

wiki

ലോക വിവരശേഖരണത്തിനായി ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന വെബ്‌സൈറ്റുകളില്‍ ഒന്നായ വിക്കിപീഡിയയ്ക്ക് ഇന്ന് 15 വയസ് തികഞ്ഞു. സംശയങ്ങള്‍ക്കും സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കി ലോകത്തിലെ ഏറ്റവും വലിയ വിജ്ഞാനകോശം എന്ന പദവിയിലേക്ക് വിക്കിപീഡിയ ഇന്ന് എത്തിച്ചേര്‍ന്നിരിക്കുന്നു.

2001 ജനുവരി 15 ന് ആരംഭിച്ച, അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന വെബ്‌സൈറ്റും സര്‍വ്വവിജ്ഞാനകോശവും ആണ് വിക്കിപീഡിയ. വിക്കിപീഡിയയുടെ ഉള്ളടക്കം സ്വതന്ത്രവും, ലോകമെമ്പാടുമുള്ള ജനങ്ങളുടെ സംയുക്ത പ്രവര്‍ത്തനത്തിന്റെ ഫലവുമാണ്.

വിക്കിപീഡിയയുടെ 15-ആം പിറന്നാള്‍ വളരെ വിപുലമായി ലോകമെമ്പാടും ആഘോഷിക്കുമ്പോള്‍ മലയാളം വിക്കിപീഡിയ സമൂഹം തലസ്ഥാനത്തും പിറന്നാളാഘോഷം നടത്തുന്നു. തിരുവനന്തപുരം കേസരി സ്മാരകഹാളില്‍ കേരള ഐടി മിഷന്‍ ഡയറക്ടര്‍ കെ. മുഹമ്മദ് വൈ. സഫിറുള്ള ഐഎഎസ് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ വെച്ച് വിവിധ വിക്കിസംരംഭങ്ങളെ ജനങ്ങള്‍ക്കു പരിചയപ്പെടുത്തുകയും വിക്കിപീഡിയയില്‍ ഉള്ളടക്കം ചേര്‍ക്കുന്നതിനുള്ള പരിശീലനവും നല്‍കും. വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയും.

വിക്കിപീഡിയയുടെ ഉത്ഭവം

നൂപീടിയ എന്ന സ്വതന്ത്ര വിജ്ഞാനകോശത്തിന്റെ അനുബന്ധ സംവിധാനമായാണ് വിക്കിപീഡിയ ആരംഭിച്ചത്. നൂപീടിയക്ക് മറ്റുള്ളവയോടു കിടപിടിക്കാവുന്ന ഗുണമേന്മയും, ഒന്നാന്തരം ലേഖകന്മാരും ഉണ്ടായിരുന്നു. പക്ഷേ ലേഖനങ്ങള്‍ എഴുതപ്പെടുന്നത് വളരെ പതുക്കെ ആയിരുന്നു. 2000-ല്‍ നൂപീടിയയുടെ സ്ഥാപകന്‍ ആയിരുന്ന ജിമ്മി വെയില്‍സും, അവിടുത്തെ ജോലിക്കാരനായിരുന്ന ലാറി സാന്‍ഗറും നൂപീടിയക്ക് ഒരു അനുബന്ധ പ്രസ്ഥാനം തുടങ്ങുന്നതിനെ കുറിച്ച് ഏറെ ആലോചിച്ചു.

2001, ജനുവരി 2ആം തീയതി ഒരു അത്താഴവിരുന്നില്‍ വച്ച് കാലിഫോര്‍ണിയയിലെ സാന്‍ ഡിയാഗോവില്‍ നിന്നും എത്തിയ ബെന്‍ കോവിറ്റ്‌സ് എന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ വേര്‍ഡ് കണ്ണിങ്ഗാം എന്നയാളുടെ ‘വിക്കി’ എന്ന സങ്കല്‍പ്പത്തെ കുറിച്ച് സാന്‍ഗറോടു പറയുകയും വിക്കി എന്ന സങ്കല്‍പ്പത്തെ വിശദീകരിച്ചു കൊടുക്കുകയും ചെയ്തു. സാന്‍ഗര്‍ക്ക് വിക്കി എന്ന ആശയം ബോധിക്കുകയും വെയില്‍സിനെ അതു പറഞ്ഞു മനസ്സിലാക്കുകയും ചെയ്തു. അങ്ങനെ ജനുവരി 10-ആം തീയതി നൂപീടിയയുടെ ആദ്യ വിക്കി പുറത്തിറങ്ങി.

നൂപീടിയയുടെ ലേഖകരില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നും ഉണ്ടായ എതിര്‍പ്പു മൂലം ജനുവരി 15-ആം തീയതി വിക്കിപീഡിയ സ്വന്തം ഡൊമൈനില്‍ വിക്കിപീഡിയ.കോമില്‍ പുറത്തിറങ്ങി. 2001 മെയില്‍ ഇംഗ്ലീഷ് ഇതര വിക്കിപീഡിയകള്‍ ആദ്യമായി പുറത്തിറങ്ങി. 2002 ഡിസംബര്‍ 21 -ന് ആണ് മലയാളം വിക്കിപീഡിയ പിറന്നു വീണത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top