ഹൃത്വിക് റോഷന്റെ ജന്മദിനാഘോഷം അതിര് കടന്നു; ഹോട്ടലിന് 25,000 രൂപ പിഴ

hritik

മുംബൈ: ബോളിവുഡ് നടന്‍ ഹൃതിക് റോഷന്റെ 42 ആം ജന്മദിനത്തില്‍ നടത്തിയ ആഘോഷചടങ്ങില്‍  ബഹളം സൃഷ്ടിച്ചുവെന്ന പരാതിയില്‍  ഹോട്ടല്‍ അധികൃതര്‍ക്ക് പൊലീസ് 25,000 രൂപ പിഴ ഈടാക്കി. ശനിയാഴ്ച്ച രാത്രിയാണ് മുംബൈയിലെ വേളിയിലുള്ള ഫോര്‍ സീസണ്‍സ് ഹോട്ടലില്‍ ആഘോഷം നടന്നത്. ഹോട്ടലില്‍ എഇആര്‍ ലോഞ്ചില്‍ 34 ആം നിലയിലായിരുന്നു ഹൃതിക് റോഷന്റെ പിറന്നാള്‍ ആഘോഷം നടന്നത്. ആഘോഷപരിപാടികള്‍ ബഹളമയമായിരുന്നുവെന്ന് ആരോപിച്ച് ദക്ഷിണ മുംബൈ പ്രദേശവാസികള്‍ പരാതിപ്പെടുകയായിരുന്നു.

മറ്റുളളവര്‍ക്ക് അരോചകം സൃഷ്ടിക്കുന്ന തരത്തില്‍ ബഹളം വയ്ക്കുന്നത് നിയമവിരുദ്ധമാണെന്നിരിക്കെ ചട്ടങ്ങള്‍ ലംഘിച്ചാണ്  ജന്മദിനാഘോഷം നടന്നത്. മണിക്കൂറുകളോളം നീണ്ട പരിപാടി അവസാനിച്ചത് പുലര്‍ച്ചെ മൂന്നരയോടു കൂടിയാണ്. എന്നാല്‍ ഇതിനിടയ്ക്ക് രണ്ടുതവണ  പരിപാടി നിര്‍ത്താന്‍  അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. പത്ത് മണി വരെയാണ് ആദ്യം ആഘോഷത്തിന് സമയം അനുവദിച്ചിരുന്നത്, ആ നിര്‍ദ്ദേശം പാലിക്കാതെ വന്നപ്പോഴാണ് 1.30ന് വീണ്ടും  സ്‌പെഷ്യല്‍ ലോക്കല്‍ ആക്ട് പ്രകാരം മാനേജര്‍ക്ക് 12500 രൂപ  പിഴ ഈടാക്കിയത്. എന്നാല്‍ ബഹളം പുലര്‍ച്ച വരെ തുടര്‍ന്നു.

പ്രദേശവാസിയായ അഷ്‌റഫ് ഖാന്‍ ഹോട്ടലിനു മുന്നില്‍കൂടി നടന്നുപോകുമ്പോഴാണ് ബഹളം ശ്രദ്ധയില്‍പ്പെട്ടത്. ഹോട്ടലിനു മുന്നില്‍ തന്നെ സുരക്ഷാ ജീവനക്കാര്‍ ഉണ്ടായിരുന്നെങ്കിലും ബഹളം നിര്‍ത്താനുള്ള യാതൊരു നടപടികളും അവര്‍ കൈകൊണ്ടില്ല. ഹോട്ടലിന് മുന്നില്‍ സന്ദര്‍ശകരുടെ വാഹനങ്ങള്‍ നിര്‍ത്തിയിട്ടത് ട്രാഫിക് ബ്ലോക്കിനും ഇടയാക്കി.

അര്‍ധരാത്രിയിലും ആഘോഷം നടത്തുന്നതിന് പ്രത്യേക അനുവാദം ഉണ്ടോ എന്ന തന്റെ ചോദ്യത്തിന് പ്രമുഖ താരങ്ങള്‍ പങ്കെടുക്കുന്ന പരിപാടിയാണിത്, അവരുടെ സുരക്ഷയ്ക്കാണ് സൈന്യം ഹോട്ടലിനു മുന്നില്‍ തമ്പടിച്ചിരിക്കുന്നത് എന്നായിരുന്നു സുരക്ഷാ ജീവനക്കാരുടെ മറുപടിയെന്ന് അഷ്‌റഫ് ഖാന്‍ പറഞ്ഞു. തുടര്‍ന്ന് രണ്ടു മണിയോടെ അഷ്‌റഫ് പൊലീസിനെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നുവെന്നും ഖാന്‍ പറഞ്ഞു. വീണ്ടും പൊലീസ് എത്തി ഹോട്ടല്‍ അധികൃതര്‍ക്ക് പിഴ ചുമത്തി. അതിനു ശേഷമാണ് ആഘോഷ പരിപാടികള്‍ അവസാനിച്ചത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top