ശനി ശിംഗനാപൂർ ക്ഷേത്ര ട്രസ്റ്റിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് ആദ്യമായി ഒരു വനിത

Untitled-13

മുംബൈ: മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയിലെ 500 വര്‍ഷം പഴക്കമുള്ള ശനി ശിംഗനാപൂർ ക്ഷേത്രത്തിന്റെ അഞ്ചാമത്തെ അധ്യക്ഷയായി 53ക്കാരിയായ അനിത ഷെത്യേ തെരഞ്ഞെടുക്കപ്പെട്ടു. ക്ഷേത്ര കമ്മറ്റിയിലെ പ്രധാനസ്ഥാനം വഹിച്ചിരുന്ന അനിത ഇന്നലെയാണ് ക്ഷേത്ര ട്രസ്റ്റിന്റെ അധ്യക്ഷ സ്ഥാനമേറ്റത്. 11 അംഗ ട്രസ്റ്റില്‍ അനിതയെ കൂടാതെ ഷാലിനി ലാന്‍ഡെയെന്ന മറ്റൊരു വനിതയും ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ക്ഷേത്രത്തിനകത്തേക്ക് സ്ത്രീകള്‍ക്ക് പ്രവേശനമില്ലെന്ന ആചാരം മാറ്റമില്ലാതെ തുടരും.

ഒരു വനിതയായ താന്‍ ട്രസ്റ്റിന്റെ തലപ്പത്തിരിക്കുന്നു എന്നു കരുതി ട്രസ്റ്റിന്റെ നിയമങ്ങളൊന്നും പാലിക്കപ്പെടാതിരിക്കില്ലെന്നും, പക്ഷപാതം കാണിക്കില്ലെന്നും അനിത പറഞ്ഞു. സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നതിനുള്ള തീരുമാനങ്ങള്‍ ഉണ്ടാവില്ലെന്നും, പാരമ്പര്യരീതികളില്‍ തന്നെ ക്ഷേത്രകാര്യങ്ങള്‍ മുന്നോട്ടു പോകുമെന്നും തെരഞ്ഞെടുക്കപ്പെട്ട ശേഷം അനിത ഷെത്യേ പറഞ്ഞു.

കഴിഞ്ഞ നവംബര്‍ 28ന് നൂറ്റാണ്ടുകളായി പാലിച്ചുവരുന്ന ക്ഷേത്രാചാരം തെറ്റിച്ച് ഒരു സ്ത്രീ ക്ഷേത്രത്തിലേക്ക് പ്രവേശിച്ചിരുന്നു. അതിനുശേഷം വീണ്ടും നാല് നാല് സ്ത്രീകള്‍ ക്ഷേത്രപ്രവേശനത്തിന് എത്തിയെങ്കിലും ഇവരെ സുരക്ഷ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു. താന്‍ സ്ത്രീശാക്തീകരണത്തിന് എതിരല്ലെന്നും, ശനി ശിംഗനാപൂരിലെ സ്ത്രീകളുടെ ധാര്‍മിക മൂല്യങ്ങളെ സംരക്ഷിക്കുമെന്നും, എന്നാല്‍ ട്രസ്റ്റ് നിയമങ്ങളെ ലംഘിക്കാന്‍ ശ്രമിക്കുന്നവരോട് ക്ഷമിക്കില്ലെന്നും അനിത ഷെത്യേ പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top