കേജ്രിവാളിന്റെ വസതിക്കു മുന്നില്‍ ആത്മഹത്യാ ശ്രമം

aravindദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ വസതിക്കു മുന്നില്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമം. വടക്കുപടിഞ്ഞാറന്‍ ദില്ലിയിലെ ധാബ്രി സ്വദേശിയാണ് ഇന്ന് രാവിലെ കേജ്രിവാളിന്റെ വസതിയുടെ മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചത്. ഒരു ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് ദ്വാരക പൊലീസില്‍ ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി പൊലീസ് അറിയിച്ചു.

45 വയസ്സ് പ്രായം തോന്നുന്ന മധ്യവയസ്‌കനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തന്റെ ശത്രുക്കളാണ് തനിക്കെതിരെ മാനഭംഗ കേസില്‍ ആരോപണമുന്നയിച്ചതെന്നും ഇതേപറ്റി മുഖ്യമന്ത്രിയോട് സംസാരിക്കാനാണ് ഇയാള്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ എത്തിയതെന്നും പൊലീസ് പറഞ്ഞു.

തന്റെ കൈയ്യിലുണ്ടായിരുന്ന എന്തോ ഒരു വസ്തു ഇയാള്‍ കേജ്രിവാളിന്റെ വസതിയുടെ പരിസരത്തേക്ക് വലിച്ചെറിഞ്ഞതായും ദൃക്‌സാക്ഷികള്‍ പറയുന്നു. സെക്യൂരിറ്റി ഗേറ്റ് തുറന്നപ്പോള്‍ അയാള്‍ അതിക്രമിച്ച് അകത്ത് കടക്കാന്‍ ശ്രമിച്ചതായും അധികൃതര്‍ അറിയിച്ചു. എന്നാല്‍ സംഭവത്തിന്റെ യഥാര്‍ത്ഥ ചിത്രം എന്താണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. ഗേറ്റിനകത്ത് പ്രവേശിക്കാന്‍ സെക്യൂരിറ്റി സമ്മതിക്കാതിരുന്നതോടെയാണ് ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വായില്‍ നിന്ന് നുരയുംപതയും വരുന്നത് കണ്ട് സെക്യൂരിറ്റി ജീവനക്കാരന്‍ പൊലീസുമായി ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് അയാളെ ലോക് നായക് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചതായും, ഗുരുതര നില തരണം ചെയ്തതായും പൊലീസ് അറിയിച്ചു.

ആശുപത്രി വിട്ടിറങ്ങിയാല്‍ ഉടന്‍തന്നെ അയാളെ ബലാത്സംഗ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്നും, കൂടാതെ ആത്മഹത്യാശ്രമത്തിന് കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. സംഭവസമയത്ത് അരവിന്ദ് കേജ്രിവാള്‍ പശ്ചിമബംഗാള്‍ ഗ്ലോബല്‍ ബിസിനസ് ഉച്ചക്കോടിയില്‍ പങ്കെടുക്കുന്നതിനായി കൊല്‍ക്കത്തയിലായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top