വിശക്കുന്നവര്‍ക്കു ഭക്ഷണം സൗജന്യമായി നല്കുന്ന റൊട്ടി ബാങ്ക്
ഔറംഗാബാദ്: വിശന്നുവലയുന്നവര്‍ക്ക് സൗജന്യമായി ഭക്ഷണം നല്കി കാരുണ്യത്തിന്റെ മഹത്തായ മാതൃക കാണിച്ചുതരികയാണ് ഔറംഗാബാദിലെ റൊട്ടി ബാങ്ക്. വൃദ്ധരും തൊഴില്‍രഹിതരും ഒരുനേരത്തെ ഭക്ഷണത്തിനു വകയില്ലാത്തവരുമായ പാവപ്പെട്ടവര്‍ക്ക് ഈ റൊട്ടി ബാങ്കില്‍ നിന്നും ഭക്ഷണം വാങ്ങിക്കഴിക്കാം.
പൊതുജനത്തിന്റെ സഹായം കൊണ്ടു തന്നെയാണ് ഈ റൊട്ടി ബാങ്കും പ്രവര്‍ത്തിക്കുന്നത്. പാവങ്ങള്‍ക്ക് ഭക്ഷണം നല്കാന് ആഗ്രഹിക്കുന്നവര്‍ക്ക് ഈ റൊട്ടി ബാങ്കിലേക്ക് ഭക്ഷണം സംഭാവന ചെയ്യാം. വെറുതെ നല്‍കുകയാണെന്നു കരുതി പഴകിയതോ മോശമായതോ ആയ ഭക്ഷണ സാധനങ്ങള്‍ റൊട്ടി ബാങ്കിലേക്ക് നല്‍കാനാവില്ല. ഫ്രഷ് ആയ ഭക്ഷണം മാത്രമേ ഇവിടെ സ്വീകരിക്കുകയുള്ളൂ.

ഹാരൂണ്‍ മുക്തി ഇസ്ലാമിക് സെന്ററിന്റെ സ്ഥാപകന്‍ യൂസഫ് മുകതിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ അഞ്ചിനാണ് റൊട്ടി ബാങ്ക് തുടങ്ങിയത്. തുടങ്ങിയതു മുതല്‍ നൂറുണക്കിനു പേരാണ് ഇതുവരെ റൊട്ടി ബാങ്കിലേക്ക് ഭക്ഷണം സംഭാവന നല്‍കിയത്. റൊട്ടി ബാങ്കിലേക്ക് ഭക്ഷണം നല്കാന് ആഗ്രഹിക്കുന്നവര്‍ ഇവിടെ രജിസ്റ്റര്‍ ചെയ്ത് അംഗത്വമെടുക്കണം. അംഗത്വമുള്ളവര്‍ക്ക് ഒരു പ്രത്യേക കോഡും കോഡ് നമ്പര്‍ പതിപ്പിച്ച ഒരു ക്യാരി ബാഗും ഇവിടെ നിന്നും നല്‍കും. ഇവര്‍ക്ക് വെജിറ്റേറിയനും നോണ്‍ വെജിറ്റേറിയനുമായ ഭക്ഷണം ബാങ്കിലേക്ക് സംഭാവന ചെയ്യാം.
ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാത്ത നിരവധി പോരെ ഞാന്‍ കണ്ടിട്ടുണ്ട്. സ്വന്തം അഭിമാനത്തിന്റെ പേരില്‍ ഭക്ഷണം ചോദിച്ചു കഴിക്കാന്‍ മടിയുള്ളവര്‍, ഇങ്ങനെയുള്ളവരെ നിരന്തരം കണ്ടതിന്റെ ഫലമായാണ് ഇങ്ങനെയൊരു റൊട്ടി ബാങ്ക് ആരംഭിക്കാനുള്ള ആശയം ആദ്യമായി ഉണ്ടായതെന്ന് യൂസഫ് മുകതി പറയുന്നു. തന്റെ കുടുംബാഗങ്ങളെമാത്രം ഉള്‍ക്കൊള്ളിച്ച് ആരംഭിച്ച ബാങ്കിലേക്ക് പിന്നീട് പൊതുജനങ്ങളെക്കൂടി ഉള്‍ക്കൊള്ളിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെ പൊതുജനങ്ങള്‍ക്കു വേണ്ടിക്കൂടി തുറന്നുകൊടുത്ത റൊട്ടിബാങ്കില് ഇപ്പോള്‍ 250ലധികം അംഗങ്ങളാണുള്ളത്.
രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ് റൊട്ടി ബാങ്കിന്റെ പ്രവര്‍ത്തന സമയം. ഇതിനിടയിലുള്ള സമയങ്ങളില്‍ എപ്പോള്‍
വേണമെങ്കിലും പാവപ്പെട്ടവര്‍ക്ക് ഇവിടെ വന്ന് ഭക്ഷണം വാങ്ങാവുന്നതാണ്. 500ഓളം പേര്‍ക്ക് നിത്യേന ഇവിടെ നിന്നും ഭക്ഷണം നല്‍കുന്നുണ്ട്.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക