ഫോണ്‍ മോഷ്ടാവിനെ സെറീന വില്ല്യംസ് പിന്തുടര്ന്ന് പിടികൂടി – വീഡിയോ
സാന്‍ഫ്രാന്‍സിസ്കോ: ടെന്നീസില്‍ മാത്രമല്ല ജീവിതത്തിലും താന്‍ ഒരു സൂപ്പര്വുമണാണെന്ന് തെളിയിച്ചിരുക്കുകയാണ് സെറീന വില്യംസ്. റസ്റ്റോറന്റില്‍ വച്ച് തന്റെ ഫോണ്‍ മോഷ്ടിച്ച് കടന്നയാളെ ഓടിച്ചിട്ട് പിടിച്ചാണ് സെറീന വാര്‍ത്തകളില്‍ താരമാകുന്നത്. മോഷ്ടാവിനെ പിന്തുടര്ന്ന് സെറീന ഫോണ്‍ തിരിച്ചു വാങ്ങുന്നതിന്റെ വീഡിയോയും തരംഗമായി.
സാന്‍ ഫ്രാന്‍സിസ്കോയില്‍ റസ്റ്റോറന്റില്‍ സുഹൃത്തിനൊപ്പം ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെയാണ് സെറീനയുടെ ഫോണ്‍ മോഷ്ടിക്കപ്പെട്ടത്. തൊട്ടടുത്തിരുന്ന മേശയ്ക്കരികിലാണ് സെറീന ഫോണ്‍ വച്ചിരുന്നത്. സെറീനയുടെ അടുത്തായി വന്ന മോഷ്ടാവ് ഞൊടിയിടയില്‍ ഫോണ്‍ എടുത്ത് സ്ഥലം വിടുകയായിരുന്നു. സംശയം തോന്നിയ സെറീന അയാളുടെ പിറകെ ഓടി. പിടിക്കപ്പെട്ടതോടെ ഫോണ്‍ മാറി എടുത്തതാണെന്ന് പറഞ്ഞ് മോഷ്ടാവ് ഫോണ്‍ തിരികെ നല്കി.

ഫെയ്സ്ബുക്ക് വഴിയാണ് സംഭവത്തെ പറ്റി സെറീന വിശദീകരിച്ചത്. സ്ത്രീകള്‍ വേണ്ട സാഹചര്യങ്ങളില്‍ സൂപ്പര്‍ വുമണ്‍ ആകണമെന്നും തങ്ങള്‍ക്ക് ശരിയെന്ന് തോന്നുന്നതിനായി പോരാടണമെന്നും പോസ്റ്റില്‍ സെറീന കുറിക്കുന്നു.