കശ്മീര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മൂന്നാം കക്ഷിയായി അമേരിക്ക ഇടപെടണം: നവാസ് ഷെരീഫ്

കാശ്മീര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മൂന്നാം കക്ഷിയായി അമേരിക്ക ഇടപെടണമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. അമേരിക്കന്‍ സന്ദര്‍ശനവേളയിലാണ് ഷെരീഫ് ഇക്കാര്യം പറഞ്ഞത്. അതിനിടെ ആണവരാജ്യമായ ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ആക്രമണങ്ങളെ തടുക്കാന്‍ ആണവായുധങ്ങള്‍ ഉപയോഗിക്കുമെന്ന് പാകിസ്ഥാന്‍ വ്യക്തമാക്കി. അതിര്‍ത്തി പ്രശ്‌നം ചര്‍ച്ചകളിലൂടെ ഇരു രാജ്യങ്ങളും പരിഹരിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ പറഞ്ഞു.

അമേരിക്കന്‍ സെനറ്റര്‍മാരുമായി നടത്തിയ ചര്‍ച്ചയിലാണ് ഇന്ത്യ-പാക് പ്രശ്‌നപരിഹാരത്തിന് മൂന്നാം കക്ഷിയുടെ സാന്നിധ്യം ആവശ്യമാണെന്ന് നവാസ് ഷെരീഫ് വ്യക്തമാക്കിയത്. കശ്മീര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അമേരിക്കന്‍ ഇടപെടല്‍ കൂടുതല്‍ പ്രസക്തമാണെന്ന് പാക് പ്രധാനമന്ത്രി പറഞ്ഞു.സമാധാന ശ്രമങ്ങള്‍ക്ക് താന്‍ നടത്തിയ ശ്രമങ്ങളെ ഐക്യരാഷ്ട്രസംഘടനയില്‍ നടത്തിയ പ്രസംഗം ചൂണ്ടിക്കാട്ടി ഷെരീഫ് വിശദീകരിച്ചു.

അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുമായി നവാസ് ഷെരീഫ് കൂടിക്കാഴ്ച നടത്തി. അതിര്‍ത്തി പ്രശ്‌നം ചര്‍ച്ചകളിലൂടെ ഇരു രാജ്യങ്ങളും പരിഹരിക്കണമെന്ന് ഒബാമ പറഞ്ഞു. അതിര്‍ത്തിയില്‍ തുടരുന്ന സംഘര്‍ഷങ്ങളില്‍ ഒബാമ ആശങ്ക പ്രകടിപ്പിച്ചു. അതേസമയം അമേരിക്കയുമായി ആണവകരാര്‍ സംബന്ധിച്ച് ചര്‍ച്ച നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പാകിസ്താന്‍ തള്ളി. പാക്കിസ്ഥാന്റെ ആണവസുരക്ഷ സംബന്ധിച്ചാണ് ചര്‍ച്ചകള്‍ നടന്നതെന്ന് പാക് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. പാകിസ്താന്‍ ആണവായുധങ്ങള്‍ നിര്‍മിക്കുന്നത് ഇന്ത്യയുമായുള്ള യുദ്ധത്തിനല്ലെന്നും എന്നാല്‍ ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ആക്രമണങ്ങളെ തടുക്കാന്‍ ആണവായുധങ്ങള്‍ ഉപയോഗിക്കുമെന്നും പാക് വിദേശകാര്യ സെക്രട്ടറി ഐസാസ് അഹമ്മദ് ചൗധരി പറഞ്ഞു. പാകിസ്ഥാന്റെ ആണവസുരക്ഷ സംബന്ധിച്ച് മുമ്പ് അമേരിക്ക ആശങ്ക പ്രകടിപ്പിച്ചിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top