ഡാന്‍സ് ബാറുകളുടെ നിരോധനത്തെ മുംബൈയിലെ ആ സുന്ദരികള്‍ അതിജീവിച്ചതെങ്ങനെ ?

മുംബൈ: സാല്‍വാറില്‍ പൊതിഞ്ഞ ആ അഞ്ചു സുന്ദരികള്‍ മുംബൈയിലെ ബോരിവാലി എല്ലോറ ഹോട്ടലില്‍ ഭക്ഷണത്തിനു കാത്തിരിക്കുകയാണ്. നല്ല ഗന്ധമുള്ള പുകമറയിലും തെളിഞ്ഞു കാണുന്ന സൗന്ദര്യം. ഇവിടെ തന്നെയാണ് തിളങ്ങുന്ന ലെഹങ്കകള്‍ ധരിച്ച് ഒരിക്കല്‍ ഇവര്‍ നൃത്തമാടിയത്. മഹാരാഷ്ട്രയില്‍ ഡാന്‍സ്ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള സുപ്രീംകോടതിയുടെ അനുമതി പുതിയ പ്രതീക്ഷകള്‍ നല്‍കുകയാണിവര്‍ക്ക്.

പത്തുവര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായ നിരോധനം പായലിന്റെ ജീവിതം ഇരുട്ടിലാക്കി. മീരാ റോഡിലുണ്ടായിരുന്ന വീടു വിറ്റ് വാടകവീട്ടിലേക്കുള്ള പറിച്ചുനടല്‍ വേഗത്തിലായിരുന്നു. ഒരു പെണ്‍കുട്ടി മാത്രമുള്ള പായല്‍ ടൈലറിംഗും വീട്ടുജോലിയും കൊണ്ടാണ് ജീവിതം തള്ളി നീക്കിയത്. ഞങ്ങളുടെ ജീവിതോപാദിയാണ് നൃത്തം ഡാന്‍സ് ബാറുകള്‍ അശ്ലീലം നടക്കുന്ന സ്ഥലങ്ങളാണെന്ന് കരുതരുത്. എല്ലായിടത്തും ക്യാമറാകണ്ണുകളുമുണ്ട്. സിസിടിവി ക്യാമറകള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് പ്രമേഹരോഗിയായ പായല്‍ പറയുന്നു.

2005-ല്‍ ഡാന്‍സ്ബാറുകള്‍ നിരോധിച്ചു കൊണ്ട് നിലവില്‍ വന്ന ഭേദഗതി 25000ത്തോളം ഡാന്‍സ്ബാറുകളെയാണ് ബാദിച്ചത്. ഇതില്‍ മിക്ക ഡാന്‍സ്ബാറുകളും ഫാമിലി റെസ്റ്റോറന്റുകളോ ഓര്‍ക്കസ്ട്രാ ടീമുകളോ ആയി മാറി. ചിലതൊക്കെ എന്നന്നേക്കുമായി പൂട്ടിയിട്ടു. 20,000 മുതല്‍ 70,000 വരെയുള്ള നര്‍ത്തകികള്‍ക്കാണ് ജോലി നഷ്ടമായത് . ഇതില്‍ ഒരുപാട് പേര്‍ ലൈംഗിക തൊഴിലിനായി ഗള്‍ഫിലേക്കും മറ്റും കടത്തപ്പെട്ടു. ചിലര്‍ മുംബെയില്‍ തന്നെ വേശ്യാവൃത്തി ചെയ്യാന്‍ നിര്‍ബന്ധിതരായി. മറ്റുള്ളവര്‍ വീട്ടുജോലിക്കാരായി മാറി.

ഡാന്‍സ്ബാറുകളുടെ നിരോധനം നര്‍ത്തകരെയും ബാറുകളേയും മാത്രമല്ല ബാധിച്ചത്. അനുബന്ധ തൊഴിലുകളേയും സാരമായി ബാധിച്ചു. വസ്ത്രസ്ഥാപനങ്ങളും ടെയ്‌ലറിങ്ങ്‌ ഷോപ്പുകളും സുന്ദരികളുടെ പ്രത്യേകവസ്ത്രങ്ങള്‍ നിര്‍മ്മിച്ച് നല്‍കിയിരുന്നു. അവരും പ്രതിസന്ധിയിലേക്കു കൂപ്പു കുത്തിയ നാളുകളായിരുന്നു ആ നിരോധനകാലം. അന്ധനായിരുന്ന മനുഷ്യന് ഒരു ജോഡി കണ്ണുകള്‍ തിരിച്ചുകിട്ടി എന്നാണ് സുപ്രീംകോടതി വിധിയോട് തയ്യല്‍കടക്കാരനായ അസീസ് മന്‍സൂരി പ്രതികരിച്ചത്. രണ്ട് കുട്ടികളുടെ അമ്മയായ രാഖിക്ക് തന്റെ മകളുടെ പഠനം നിര്‍ത്തിക്കേണ്ടി വന്നത് അവര്‍ ഓര്‍ത്തെടുത്തു. അവളും വീട്ടുജോലി ചെയ്യാന്‍ നിര്‍ബന്ധിതയായെങ്കിലും കോടതിവിധി ഇപ്പോഴും പ്രതീക്ഷ നല്‍കുന്നുണ്ട് രാഖിക്ക്. നിറങ്ങളുടെ ആ ലോകത്തേക്ക് ഇനിയൊരു തിരിച്ച് പോക്ക് പ്രായത്തിന്റെ പരിമിതികള്‍ സമ്മതിക്കുമോ എന്ന ഭയമാണ് ഗീതയ്ക്ക്. ലെഹങ്കകള്‍ ഇളകിമറിഞ്ഞ ആ പഴയകാലത്തിന്റെ തിരിച്ചു വരവ് ജീവിക്കാനുള്ള കൊതി ഇവര്‍ ഓരോരുത്തരിലുമുണ്ടാക്കുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top