രാജീവ് ഗാന്ധി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സൈന്യം ശ്രമിച്ചിരുന്നതായി മുന്‍ ലെഫ്റ്റനന്റ് ജനറല്‍

ദില്ലി: 1987ല്‍ രാജീവ് ഗാന്ധി സര്‍ക്കാരിനെ സൈനിക അട്ടിമറിയിലൂടെ പുറത്താക്കാന്‍ ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തല്‍. മുന്‍ ആര്‍മി കമാന്‍ഡറായ ലെഫ്റ്റനന്റ് ജനറല്‍ പിഎന്‍ ഹൂണ്‍ന്റേതാണ് വെളിപ്പെടുത്തല്‍. എന്നാല്‍ അന്ന് രാഷ്ട്രപതിയായിരുന്ന ഗ്യാനി സെയില്‍ സിംഗിന്റെ ഇടപെടല്‍ സൈനിക അട്ടിമറി ഒഴിവാക്കിയതെന്നും പിഎന്‍ ഹൂണ്‍ അവകാശപ്പെടുന്നു.

‘അണ്‍ ടോള്‍ഡ് ട്രൂത്ത്’ എന്ന ആത്മകഥയിലാണ് കരസേനയിലെ മുന്‍ ലെഫ്റ്റനന്റ് കമാന്‍ഡറായിരുന്ന പിഎന്‍ ഹൂണ്‍ന്റെ വെളിപ്പെടുത്തല്‍. 1987ല്‍ രാജീവ് ഗാന്ധി സര്‍ക്കാറിനെ അട്ടിമറിക്കുന്നതിനായി മൂന്ന് പാരാമിലിറ്ററി കമാനന്റോ ബറ്റാലിയനുകള്‍ ദില്ലിയിലേക്ക് നീങ്ങാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നതായാണ് പിഎന്‍ ഹൂണിന്റെ അവകാശവാദം. അന്നത്തെ സൈനിക മേധാവിയായിരുന്ന ജനറല്‍ കൃഷ്ണസ്വാമി സുന്ദര്‍ജി, ലഫ്റ്റനന്റ് ജനറല്‍ എസ്എഫ് റോഡ്രിഗ്‌സ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അട്ടിമറി നീക്കം നടന്നത്. രാജീവ് ഗാന്ധി മന്ത്രിസഭയില്‍ അംഗമായിരുന്ന വിഎസ് ശുക്ലയ്ക്ക് സൈനിക നീക്കത്തെക്കുറിച്ച് അറിവ് ഉണ്ടായിരുന്നുവെന്നും ഹൂണ്‍ വെളിപ്പെടുത്തുന്നു.

എന്നാല്‍ രാഷ്ട്രപതിയായിരുന്ന സെയില്‍ സിംഗിന്റെ ഇടപെടലിനെത്തുടര്‍ന്ന് അട്ടിമറി നീക്കം ഉപേക്ഷിക്കപ്പെടുകയായിരുന്നുവെന്നാണ് പിഎന്‍ ഹൂണ്‍ന്റെ അവകാശവാദം. അതേസമയം ഹൂണ്‍ന്റെ വെളിപ്പെടുത്തല്‍ അന്നത്തെ എയര്‍ മാര്‍ഷലായിരുന്ന രണ്‍ധീര്‍ സിംഗ് നിഷേധിക്കുന്നു. അത്തരം ഒരു സൈനികനീക്കം നടന്നിരുന്നുവെന്നത് ഹൂണ്‍ന്റെ മാത്രം തോന്നലാകാമെന്നാണ് രണ്‍ധീര്‍ സിംഗ് അഭിപ്രായപ്പെട്ടു. 1987ല്‍ സൈന്യത്തിന്റെ ഉന്നത പദവി വഹിച്ചിരുന്ന മറ്റ് പ്രമുഖരും ഈ ആരോപണം നിഷേധിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top