ജാതിപ്പേര് പറഞ്ഞ് അധിക്ഷേപം; സിപിഐഎമ്മില്‍ അയിത്ത വിവേചനമെന്ന് പരാതി

പത്തനംതിട്ട: പരുമലയില്‍ സിപിഐഎമ്മില്‍ അയിത്ത വിവേചനം എന്ന് പരാതി. പാര്‍ട്ടി അംഗങ്ങളായ പുലയ സമുദായത്തില്‍പ്പെട്ടവരെ ലോക്കല്‍ കമ്മിറ്റി അംഗം ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചു എന്നാണ് ആക്ഷേപം. പരാതിയില്‍ നടപടിയുണ്ടായില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്നാണ് മുപ്പതോളം പാര്‍ട്ടി മെമ്പര്‍മാരുടെ മുന്നറിയിപ്പ്. ഇത് സംബന്ധിച്ച് പരാതിക്കാര്‍ ലഘുലേഖയിറക്കി.

പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ പുലയ സമുദായത്തില്‍ പെട്ട ഒരാളെ സ്ഥാനാര്‍ത്ഥിയാക്കണം എന്ന് ആവശ്യം ഉയര്‍ന്നപ്പോഴാണ് ലോക്കല്‍ കമ്മിറ്റി അംഗം ജാതിപറഞ്ഞ് അധിക്ഷേപിച്ചത്. പുലയനും പറയനുമൊന്നും പാര്‍ട്ടിക്ക് വേണ്ടി മത്സരിക്കേണ്ട എന്ന് ലോക്കല്‍ കമ്മിറ്റി അംഗം പറഞ്ഞു എന്നാണ് ആക്ഷേപം. പാര്‍ട്ടി പ്രവര്‍ത്തകരെ അവര്‍ണ്ണര്‍ സവര്‍ണ്ണര്‍ എന്നിങ്ങനെ രണ്ട് തട്ടിലാക്കി എന്ന് പരാതിക്കാര്‍ പുറത്തിറക്കിയ ലഘുലേഖ പറയുന്നു.

ഇക്കാര്യത്തില്‍ എ.സിക്കും ഡിസിക്കും പരാതി നല്‍കിയിട്ടും അന്വേഷണം നടത്താനോ നടപടി സ്വീകരിക്കാനോ തയ്യാറായില്ല എന്നും പരാതിക്കാര്‍ കുറ്റപ്പെടുത്തുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top