‘ഇവിടെ’ ആസ്വാദനത്തില്‍ അകലെ
വിദേശ ക്രൈം ഡ്രാമകളുടെ പ്രതീതിയും പശ്ചാത്തലവും സൃഷ്ടിക്കുകയും ഒരു ശ്യാമപ്രസാദ് സിനിമയുടെ വൈകാരിക സങ്കീര്‍ണ്ണതകളെ പിന്‍പറ്റി കഥയവസാനിപ്പിക്കുകയും ചെയ്യുന്ന സിനിമയാണ് ഇവിടെ. ഒരു ക്രൈം ത്രില്ലറിന്റെ ഉദ്വേഗമോ മനുഷ്യബന്ധങ്ങളുടെ അകവേവുകളുള്ള ഒരു ശ്യാമപ്രസാദ് ചിത്രത്തിന്റെ വൈകാരികാനുഭവമോ ആകാതെ അറ്റ്ലാന്റയിലെ മലയാളികളായ പ്രവാസികള്‍ നേരിടുന്ന വംശീയവും ധാര്‍മ്മികവുമായ പ്രശ്നങ്ങളുടെ വിവരണത്തിലൊതുങ്ങുകയാണ് സിനിമ. എങ്കിലും മലയാളം സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതമല്ലാത്തൊരു അവതരണരീതിയും ശൈലിയുമാക്കെ പരിചയപ്പെടുത്തിപ്പോകാന് സംവിധായകന് കഴിഞ്ഞിട്ടുണ്ട്. അകമേയും പുറമേയും സംഘര്‍ഷത്തിലകപ്പെട്ട വരുണ്‍ ബ്ളേക്ക് എന്ന ഇന്ത്യന്‍ വംശജനായി പൃഥ്വിരാജ് എന്ന നടന് ശരീരഭാഷകൊണ്ടും ഭാവം കൊണ്ടും പ്രസരിപ്പാര്‍ന്ന പ്രകടനം കാഴ്ച വയ്ക്കുന്നു.
ശ്യാമപ്രസാദിന്റെ തന്നെ ഇംഗ്ലീഷ് ലണ്ടനിലെ മലയാളിയെ ഫ്രെയിമിലെത്തിച്ച ചിത്രമാണെങ്കില്‍ ഇവിടെ തുടങ്ങുന്നത് അമേരിക്കയിലെ ഐടി കേന്ദ്രങ്ങളിലൊന്നായ അറ്റ്ലാന്റയില്‍ നിന്നാണ്. ഒരു കൊലപാതകവും തുടര്‍ന്നുണ്ടാകുന്ന ഒന്നിലേറെ കൊലയും സീരിയല്‍ കില്ലറുടേതാണെന്ന് നിഗമനവും. വരുണ്‍ ബ്ളേക്ക് എന്ന ഇന്ത്യന്‍ വംശജനായ പോലീസ് ഉദ്യോഗസ്ഥാനാണ് അന്വേഷണചുമതല. സമാന്തരമായി കേരളത്തില്‍ നിന്ന് അറ്റ്ലാന്റയിലെ ഇന്‍ഫോടെക് എന്ന ഐടിസ്ഥാപനത്തിന്റെ തലപ്പെത്തിയ ക്രിഷ് ഹെബ്ബാര്‍ എന്ന നിവിന്‍ പോളി കഥാപാത്രവും പ്രവേശിക്കുന്നു. കുറ്റകൃത്യവും അന്വേഷണവും അടങ്ങുന്ന ചുറ്റുപാടില്‍ നിന്ന് വരുണ്‍ ബ്ളേക്കിന്റെ കഥാപാത്രവിശദീകരണത്തിന് സിനിമ മുതിരുന്നു. വരുണിന്റെ സ്വത്വം,ദേശം,വളര്‍ച്ച,തളര്‍ച്ച ഇങ്ങനെ ജീവിതത്തെ അടയാളപ്പെടുത്തുന്നു. പിന്നീട് അയാളുമായി ബന്ധപ്പെട്ടവരിലേക്കും ക്രിഷ് ഹെബ്ബാറിന്റെയും രോഷ്നിയുടെയും ജീവിതത്തിലേക്കും ഇവിടെ ഇറങ്ങിചെല്ലുന്നു. ഒരു കുറ്റാന്വേഷണ ചിത്രത്തിന്റെ ആസ്വാദനാന്തരീക്ഷത്തിലേക്ക് പ്രേക്ഷകരെ ക്ഷണിക്കുകയും തുടര്‍ന്നുള്ള കഥാപ്രയാണത്തില് പുതുതായൊന്നും സംഭവിക്കുകയും ഉദ്വേഗഭരിതമാവുകയോ ചെയ്യാതെ മന്ദതാളത്തില്‍ അറ്റ്ലാന്റയിലെ പ്രവാസജീവിതത്തിന്റെ സെല്‍ഫി വീഡിയോയായി മാറുകയും ചെയ്യുന്നു ഇവിടെ. കഥാപാത്രങ്ങളുടെ ധാര്‍മ്മികവും വൈകാരികവും സ്വത്വപരവുമായ പ്രശ്നങ്ങളുടെയും വ്യഥകളുടെയും കാഴ്ചക്കാരനാവുകയാണ് പ്രേക്ഷകര്‍. കേന്ദ്രപ്രമേയത്തിന്റെ വൈകാരിക മുറുക്കത്തിലേക്കോ, കുറ്റകൃത്യമുള്പ്പെടുന്ന കഥാപ്രതലത്തിന്റെ ഉദ്വേഗത്തിലേക്കോ രണ്ടാംപകുതിയിലെത്തുമ്പോഴും പ്രേക്ഷകനെത്തുന്നില്ല.

പ്രവാസിയുടെ വംശീയപ്രശ്നങ്ങള്‍, ആന്തരിക സംഘര്‍ഷങ്ങള്‍,ധാര്‍മ്മിക ആകുലതകള്‍,വൈകാരിക ദൗര്ബല്യങ്ങളില് ചുഴിയില്‍പ്പെട്ടുപോകുന്ന മനുഷ്യന്,അന്യവത്ക്കരണം ഇങ്ങനെ ശ്യാമപ്രസാദിന്റെ ഒരേ കടല്‍, ഇംഗ്ലീഷ്, ഋതു എന്നീ സിനിമകളുടെ പ്രമേയത്തുടര്ച്ചയിലേക്ക് ഇവിടെയും എത്തുന്നു. വരുണിന്റെയും ക്രിഷിന്റെയും റോഷ്നിയുടെയും ദൈനംദിനജീവിതത്തിനിടെ അപ്രധാനമായി കടന്നുപോകുന്നവയാകുന്നു കൊലപാതകപരമ്പരകള്‍. പ്രമേയഭൂമിക അറ്റ്ലാന്റയിലേക്ക് മാറ്റിയെന്നൊഴിച്ചാല് തന്റെ മുന്ചിത്രങ്ങളെന്ന പോലെ കഥാപാത്രങ്ങളുടെ വൈകാരികാവസ്ഥകളുടെ പ്രതിനിധാനം എന്ന നിലയിലേക്കാണ് ശ്യാമപ്രസാദ് ഈ സിനിമയും പരിഗണിച്ചിരിക്കുന്നത്. വൈകാരിക സംഘര്‍ഷങ്ങളുടെ കുഴമറിച്ചിലും സ്വത്വപ്രതിസന്ധിയുമൊക്കെ തൊലിപ്പുറത്ത് തട്ടിപ്പോവുകയുമാണ്. സ്വീകരിക്കുന്ന പ്രമേയങ്ങളുടെ പരിചരണത്തിലും പശ്ചാത്തലസൃഷ്ടിയിലും കഥാപാത്രങ്ങളെ ചിട്ടപ്പെടുത്തുന്നതില്‍ ശൈലീഭദ്രത അനുഭവപ്പെടുത്താറുള്ള ശ്യാമപ്രസാദ് ഇവിടെയിലെത്തുമ്പോള് ആത്മാനുകരണത്തിനപ്പുറം അടയാളപ്പെടുത്താന്‍ ശ്രമിക്കുന്നില്ല.
കോര്‍പ്പറേറ്റ് രംഗത്തെ അധിക്കാരക്കൊതിയും കുതികാല്‍വെട്ടും ഋതു എന്ന സിനിമയുടെ തുടര്‍ച്ചയെന്ന പോലെയാണ് ക്രിഷ് ഹെബ്ബാറിലൂടെ അവതരിപ്പിക്കുന്നത്. എഫ് റേഡിയോയുടെയും കണ്ട്രോള് റൂം മെസ്സേജുകളുടെയും പശ്ചാത്തലപിന്തുണയിലും പശ്ചാത്തല ശബ്ദവിന്യാസത്തിലും ഒരു വിദേശ ചിത്രത്തിന്റെ രൂപഭാവങ്ങളെ തോന്നിപ്പിക്കുന്നതിപ്പുറം ആഖ്യാനഘടന ശ്യാമപ്രസാദ് സിനിമകളുടെ സ്ഥിരവഴിയേ തന്നെയാണ്. എറിക് ഡിക്സണിന്റെ ഛായാഗ്രഹണത്തിലും ഗോപീസുന്ദറിന്റെ പശ്ചാലസംഗീതപിന്തുണയിലും കഥാപാത്രങ്ങളുടെ ചിട്ടപ്പെടുത്തലിലും ഇവിടെ നവീനമായ സാങ്കേതിസൗന്ദര്യം സമ്മാനിക്കുന്നുണ്ട്. ക്രിഷ് ഹെബ്ബാറിന്റെ ശരീരഭാഷയിലേക്ക് നിവിന്‍ പോളിക്ക് പൂര്‍ണ്ണമായും പ്രവേശിക്കാനായില്ലെങ്കിലും മോശമാക്കിയില്ല. പ്രവാസജീവിതത്തിലെ ഉള്‍വ്യഥകളും നഷ്ടബോധവുമായി ജീവിക്കുന്ന റോഷ്നിയെ ഭാവന മികച്ചതാക്കിയിട്ടുണ്ട്. ഒരു അമേരിക്കന്‍ പോലീസ് ഉദ്യോഗസ്ഥനെ ശരീരഭാഷയിലും ശബ്ദനിയന്ത്രണത്തിലും സൂക്ഷ്മചലനങ്ങളിലും വരെ പകര്‍ത്തിയിട്ടുണ്ട് പൃഥ്വിയുടെ വരുണ്‍ ബ്ളേക്ക്. വൈകാരിക രംഗങ്ങളിലും കയ്യടക്കത്തോടെ പൃഥ്വി അഭിനയിച്ചിട്ടുണ്ട്. സെവന്ത് ഡേയ്ക്ക് പിന്നാലെ പൃഥ്വിരാജിന്റെ മലയാളം വോയ്സ് ഓവര്‍ അസ്വാഭാവിക ശൈലിയുടെ ആവര്‍ത്തനമാകുന്നു. ഒരു യാത്രാവിവരണത്തിന്റെ ശൈലിയാണ് ആ നരേഷനുള്ളത്.
ആഖ്യാനഘടനയില്‍ കുറ്റാന്വേഷണ സ്വഭാവമെന്ന നിലയിലോ വൈകാരികതീവ്രതയുള്ള സിനിമയെന്ന നിലയിലോ ഉള്ള പരിഗണന കൈവിടുമ്പോള്‍ പ്രവാസിയായ ഇന്ത്യക്കാരന് അമേരിക്കയില്‍ നേരിടുന്ന വംശീയ വിവേചനത്തിന്റെ ദീര്ഘവിവരണവുമാകുന്നുണ്ട് ചിത്രം. ഋതു ഇംഗ്ലീഷ് എന്നീ സിനിമകളിലെന്ന പോലെ മലയാള സിനിമയ്ക്ക് അപരിചിതമായ കുറെ ജീവിതപരിസരങ്ങളെയും പ്രമേയഭൂമികയെയും പരാമര്‍ശിച്ച് പോവുന്നതിനപ്പുറം വൈകാരികസ്പര്ശിയാകുന്നില്ല ഇവിടെ. വാണിജ്യനിര്ബന്ധമെന്ന തലത്തിലാവാം ആവശ്യപ്പെടാത്ത ഇടത്തേക്ക് പാട്ടുകളെ തിരുകിവച്ചതായും അനുഭവപ്പെടുന്നു. ശ്യാമപ്രസാദിന്റെ കയ്യൊപ്പില്ലാതെ പോയതും മികച്ച വൈകാരികാനുഭവം ആകാതെ പോകുന്നതുമായൊരു ചിത്രമെന്ന വിലയിരുത്തലാവും ഇവിടെയ്ക്ക് യോജിക്കുക.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക