പി കെ = ആമിര്‍ ഖാനില്‍ നിന്ന് കോവൂരിലേക്കുള്ള ദൂരം

ആമിര്‍ ഖാനില്‍ നിന്ന് ഏബ്രഹാം കോവൂരിലേക്കുള്ള ദൂരം പി കെ എന്ന രണ്ടക്ഷരം എഴുതാന്‍ വേണ്ടത്ര സ്ഥലമാണ്.പക്ഷേ, ആള്‍ ദൈവങ്ങള്‍ക്ക് അമാനുഷിക കഴിവുണ്ട് എന്ന് തെളിയിച്ചാല്‍ ഒരു ലക്ഷം രൂപ രൊക്കം തരാമെന്ന് തിരുവല്ലക്കാരന്‍ ഏബ്രഹാം കോവൂര്‍ ശ്രീലങ്കയില്‍ നിന്നു പ്രഖ്യാപിക്കുമ്പോള്‍ ആമിര്‍ഖാന്‍ ജനിച്ചിട്ടില്ല.

ഏബ്രഹാം കോവുരിന്റെ ആ പ്രഖ്യാപനം വന്നത് 1963 ല്‍. ആമിര്‍ ഖാന്‍ ജനിച്ചത് 1965 ല്‍. നാലു ദിവസം കൊണ്ട് പികെ എന്ന സിനിമ 100 കോടി രൂപ നേടിയപ്പോള്‍ ആ കണക്കിന് ഒരു വെല്ലുവിളിയുടെ സ്വരമുണ്ട്. ഏബ്രഹാം കോവൂരിന്റെ ആ കുസൃതി നിറഞ്ഞ ചിരിയുടെ കിലുക്കവുമുണ്ട്.

പികെ എന്ന സിനിമയ്ക്ക് പ്രചോദനമായത് ഏബ്രാഹം കോവൂരിന്റെ ജീവിതമാണ് എന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുമ്പോള്‍ അതില്‍ വലിയൊരു കവിതയുണ്ടായിരുന്നു. ഇന്ത്യയിലെ മുഴുവന്‍ ആള്‍ദൈവങ്ങളേയും കുസൃതിച്ചോദ്യങ്ങള്‍കൊണ്ടും പരിഹാസശരങ്ങള്‍കൊണ്ടും പൊറുതുമുട്ടിച്ച കോവൂരിന്റെ അസാമാന്യ കാവ്യഭാഷ. ഗോഡ്‌സ്, ഡെമണ്‍സ് ആന്‍ഡ് സ്പിരിറ്റ് എന്ന പുസ്‌കതം ഏബ്രഹാം കോവൂര്‍ എഴുതുമ്പോള്‍ പിന്നെ ഒരു പാടു കാലം എടുത്തെഴുതപ്പെട്ട ഒരു വാചകം അതിലുണ്ടായിരുന്നു.

He who is prepared to believe without verification is a fool. പരിശോധിക്കാതെ വിശ്വസിക്കാന്‍ തയ്യാറാകുന്നവന്‍ ഒരു വിഡ്ഢിയാണ്. ആ വാചകം ഒരു പക്ഷേ കോവൂര്‍ പറഞ്ഞുവച്ചത് പികെ എന്ന സിനിമ പുറത്തിറങ്ങിക്കഴിഞ്ഞപ്പോള്‍ ഉയരുന്ന വിവാദത്തിനു വേണ്ടിയാകണം. തിരുവല്ലയില്‍ ഐപ്പ് തോമ്മാ കത്തനാര്‍ എന്ന മാര്‍ത്തോമ്മാ സിറിയന്‍ സഭയുടെ ആദ്യ വികാരി ജനറലിന്റെ മകനായി ജനിച്ച് പള്ളിയേയും പട്ടക്കാരേയും കണ്ടു വളര്‍ന്ന കോവൂര്‍ കണ്ടെടുത്ത വിശ്വാസ സത്യമായിരുന്നു അത്. മനുഷ്യന്‍ മാത്രമേയുള്ളു. മനുഷ്യന് അമാനുഷികമായി ഒന്നുമില്ല.

ഒരു ലക്ഷം രൂപ പ്രഖ്യാപിച്ച കോവൂര്‍ 1978 ല്‍ മരിക്കുന്നതിനു മുന്‍പ് മറ്റൊന്നു കൂടി പറഞ്ഞു. ഓരോ വിശ്വാസപ്രവര്‍ത്തിക്കും ഓരോ ലക്ഷം നല്‍കേണ്ടി വന്നിരുന്നെങ്കില്‍ ആസ്തി നശിച്ചു വന്‍കടക്കാരനായി മരിക്കേണ്ടി വരുമായിരുന്നു. ഒരു ലക്ഷം രൂപപോയിട്ട് ഒരു രൂപ കൊടുക്കാവുന്ന ഒരത്ഭുതപ്രവര്‍ത്തിപോലും ഒറ്റ ആള്‍ദൈവവും കോവൂരിന്റെ മുന്നില്‍ അവതരിപ്പിക്കാന്‍ ധൈര്യപ്പെട്ടില്ല.

വിചിത്രമായ തൊപ്പിയും ബുള്‍ഗാന്‍ താടിയും അതിമനോഹരമായ ഭാഷയും കൊണ്ട് കോവൂര്‍, ലോകത്തെ സര്‍വ ആള്‍ദൈവങ്ങളെയും വെല്ലുവിളിച്ചു. അത്ഭുതപ്രവര്‍ത്തികളെല്ലാം തരിമ്പ് അത്ഭുതമില്ലാതെ തെരുവുകളില്‍ കാണിച്ചു. പ്രതിഷേധിച്ചതും ചെരുപ്പെറിഞ്ഞതുമല്ലാതെ കോവൂരിനു മുന്നില്‍ ഒരത്ഭുതവും കാണിക്കാന്‍ ഇന്ത്യയിലേയോ ശ്രീലങ്കയിലെയോ ജീവനുള്ള ദൈവങ്ങള്‍ക്കു കഴിഞ്ഞില്ല. അന്യഗ്രഹത്തില്‍ നിന്നെന്നപോലെ ഇറങ്ങിവന്ന് ആമിര്‍ഖാന്‍ പികെയില്‍ പറയുന്നതും അതാണ്.

കോവൂര്‍ സ്വന്തം ജനനത്തെക്കുറിച്ച് എഴുതിയ വാചകം അതിമനോഹരമാണ്. Like all others I too was born as an accidental byproduct of a momentary biological activity of my parents, over which I had neither control nor choice. മറ്റെല്ലാവരേയും പോലെ, മാതാപിതാക്കള്‍ക്കിടയില്‍ ജൈവികമായി ഉണ്ടായ നൈമിഷിക പ്രവൃത്തിയില്‍ നിന്നുണ്ടായ ഉപോല്‍പന്നമാണ് ഞാന്‍. അത് എന്റെ തെരഞ്ഞെടുപ്പല്ല, എന്റെ നിയന്ത്രണത്തിലുമല്ല. ഏതു മതത്തില്‍ ജനിക്കുന്നതിനേക്കുറിച്ചും ഏതു തരത്തില്‍ വളരുന്നതിനെക്കുറിച്ചും കോവൂര്‍ എഴുതിയതാണിത്. അവിടെ നിന്ന് മനുഷ്യനാണ് എന്നു തിരിച്ചറിയുന്നതിനെക്കുറിച്ചാണ് അനേകം ലേഖനങ്ങളിലൂടെയും അതിലും അനേകം പ്രസംഗങ്ങളിലൂടെയും തിരുവല്ലയില്‍ നിന്ന് അധ്യാപനത്തിനായി ശ്രീലങ്കയിലെത്തി അവിടെ സ്ഥിരതാമസമാക്കിയ കോവൂര്‍ പറഞ്ഞുകൊണ്ടിരുന്നത്. ജനനത്തെ നിസ്സാരമായി കണ്ടതുപോലെ മരണത്തേയും അങ്ങനെ തന്നെ കോവൂര്‍ കണ്ടു. 1978 ല്‍ അത്ര സാധാരണമല്ലാത്ത ഒരു പ്രവൃത്തി ചെയ്തു. സ്വന്തം കണ്ണുകള്‍ രണ്ടു പേര്‍ക്ക് ദാനം ചെയ്ത് ശരീരം മെഡിക്കല്‍ കോളജിലെ കുട്ടികളുടെ പഠനത്തിനു വിട്ടുകൊടുത്തു.

ഇനി ഓരോ ആള്‍ ദൈവത്തിനും ഓരോ ലക്ഷം വീതം എന്ന കോവൂര്‍ പ്രഖ്യാപനത്തിന്റെ ആ കണക്ക് എടുക്കാം. 1963 ല്‍ സമ്മാനം പ്രഖ്യാപിക്കുമ്പോള്‍ സ്വര്‍ണം പത്തു ഗ്രാമിന്റെ വില 97 രൂപ. ഒരു ലക്ഷം രൂപയ്ക്ക് 10,000 ഗ്രാം അഥവാ 10 കിലോ സ്വര്‍ണം ലഭിക്കും. ഇന്ന് വില രണ്ടരക്കോടി രൂപ. ഇന്ത്യയിലെ ആള്‍ദൈവങ്ങളെല്ലാവരും അത്ഭുതപ്രവര്‍ത്തി തെളിയിച്ചിരുന്നെങ്കില്‍ പി കെ നാലു ദിവസം കൊണ്ടു നേടിയ 100 കോടി മതിയാകുമായിരുന്നില്ല എന്ന് അര്‍ഥം. ശ്രീലങ്കയിലേയും ആഫ്രിക്കയിലേയുമൊക്കെ ആള്‍ദൈവങ്ങള്‍ പിന്നെയും ശേഷിക്കുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top