ലാറ്റിനമേരിക്കൻ പോരാട്ടവീര്യവുമായി ബ്രസീലും അർജന്റീനയും ഏറ്റുമുട്ടുന്നു

ലാറ്റിനമേരിക്കൻ  പോരാട്ട വീര്യവുമായി നാളെ ബ്രസീലും അർജന്റീനയും സൗഹൃദ മത്സരത്തിൽ ഏറ്റുമുട്ടും.ബെയ്ജിങ്ങിലെ  കിളിക്കൂട് സ്റ്റേഡിയത്തിൽ വൈകിട്ട് 5.30നാണ് മത്സരം.

ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ പ്രേമികളുടെ മുഴുവന്‍ കണ്ണുകളും ഇനി ബെയ്ജിങ്ങിലെ കിളിക്കൂട് സ്‌റ്റേഡിയത്തിലേക്കാണ്. കിളിക്കൂടിലെ പുല്‍നാമ്പുകളെപ്പോലും തീപിടിപ്പിക്കുന്ന പോരാട്ടത്തിനാണ് ലാറ്റിനമേരിക്കന്‍ കരുത്തന്മാര്‍ ബൂട്ട് കെട്ടുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് വരെ കാറ്റലോണിയന്‍ ടീമായ ബാഴ്‌സലോണക്കായി ഗോള്‍ വല ചലിപ്പിച്ച സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിയും നെയ്മറും കിളിക്കൂടില്‍ തേരോടിക്കുന്നത് ചിരവൈരികളുടെ റോളിലാണ്.

23 മാസങ്ങള്‍ക്ക് ശേഷമാണ് അര്‍ജന്റീനയും ബ്രസീലും നേര്‍ക്ക് നേര്‍ വരുന്നത്.ബ്യൂണസ് ഐറിസില്‍ അന്ന് നടന്ന മത്സരത്തില്‍ അര്‍ജന്റീനക്കായിരുന്നു ജയം.ലോകകപ്പിലെ റണ്ണറപ്പുകളായ അര്‍ജന്റീന ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലേറിയാണ് സെലോക്കികള്‍ക്കെതിരെ പന്ത് തട്ടുന്നത്. ലോകജേതാതക്കളെ അടുത്തയിടെ 42 ന് തകര്‍ത്ത ടീം ബ്രസീലിനെതിരെയും മികച്ച വിജയം ആഗ്രഹിക്കുന്നു.മെസിക്കും ഹിഗ്വെയിനും അഗ്യൂറോക്കുമൊപ്പം ഡി മരിയ കൂടി അണിനിരക്കുന്നതോടെ ഏത് പ്രതിരോധത്തിനും പിടിച്ച് കെട്ടാന്‍ പാടുപെടുന്ന കൊമ്പന്മാരാണ് ആല്‍ബിസെലസ്റ്റുകള്‍.ലോകകപ്പില്‍ രണ്ട് കളിയില്‍ നിന്ന് 10 ഗോളിന് തകര്‍ന്നടിഞ്ഞതിന്റെ ക്ഷീണം മാറാന്‍ ചിര വൈരികള്‍ക്കെതിരെ ഒരു അവിസ്മരണീയ ജയമാണ് കാനറികളുടെ ലക്ഷ്യം.

18 മാസത്തിനുശേഷം മഞ്ഞക്കുപ്പായമണിയുന്ന കക്കയാകും നെയ്മര്‍ക്കൊപ്പം ആക്രമണം നയിക്കുന്നത്.പരിശീലന ചുമതലയേറ്റ ശേഷം ജെറാര്‍ഡ് മാര്‍ട്ടിനോയും ഡുംഗെയും ആദ്യമായാണ് നേര്‍ക്ക് നേര്‍ വരുന്നത്.ഇരു ടീമുകളും മുന്‍പ് 95 തവണ ഏറ്റുമുട്ടിയതില്‍ 36 തവണ അര്‍ജന്റീനക്കും 35 തവണ ബ്രസീലിനുമായിരുന്നു ജയം.ഒരു നൂറ്റാണ്ടിന്റെ ചരിത്രം പേറുന്ന ലാറ്റിനമേരിക്കന്‍ ചിരവൈരികളുടെ ത്രസിപ്പിക്കുന്ന പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ഫുട്‌ബോള്‍ പ്രേമികള്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top