അലറുന്ന വിജയവുമായി സിങ്കം റിട്ടേണ്‍സ്

നാലുവര്‍ഷം മുന്‍പ് തമിഴിലൊരു സിങ്കം വന്നു. സൂര്യയായിരുന്നു അലര്‍ച്ചയുടെ മൊത്തട്ടെന്‍ഡറെടുത്തത്. അതുകേറിയങ്ങു പൊലിച്ചു. പിന്നിതുവരെ സൂര്യ സിങ്കം വേഷം അഴിച്ചിട്ടില്ലെന്നതുവേറേ കാര്യം. ഏതായാലും അതുവരെ നല്ല നടനായി നല്ല നടപ്പിലായിരുന്ന അജയ് ദേവ്ഗണ്‍ ആ പടം പേരുപോലും മാറ്റാതെ കേറി ഹിന്ദിയില്‍ എടുത്തു. അവിടെയും അലറുന്ന വിജയം അഥവാ റോറിംഗ് ഹിറ്റായി സംഗതി.

സിങ്കം സിങ്കിളാത്താന്‍ വരുവേ എന്നു രജനീകാന്തിന്റെ ഫത്വ ഉണ്ടായിരുന്നിട്ടും സിംഗം രണ്ടാമനും വന്നു. ഒന്നായിട്ടേ വരൂ ഒറ്റപ്രാവശ്യമേ വരൂ എന്ന് ഫത്വയില്‍ പറയുന്നില്ലെന്നായിരുന്നു ന്യായം. അതും വിജയവൈജയന്തിമാല ചൂടി. അതിന്റെ പശ്ചാത്തലത്തിലാണ് സംവിധായകന്‍ രോഹിത് ഷെട്ടി ഈ സിങ്കത്തിനെയും വീണ്ടും കൂടുതുറന്നുവിടുന്നത്. ആദ്യത്തെ ബോളിവുഡ് സിങ്കത്തിനും രണ്ടാമത്തെ സടജഡാധാരിക്കും തമ്മില്‍ വ്യത്യാസം ഒന്നുമാത്രം. കാജോല്‍ അഗര്‍വാള്‍ പോയി ആ സ്ഥാനത്ത് ആടിപ്പാടാനും ആട നീക്കിക്കാട്ടാനും കരീനാ കപൂര്‍ വന്നു.

ശരിക്കും ഒരു ഘോര ഗിര്‍ വനാന്തരത്തില്‍ ചെന്നുപെട്ടാലത്തെ അവസ്ഥ. വി.കെ.എന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു ഘോര റിസര്‍വ് കാന്താരം. ഗിര്‍ വനവും റിസര്‍വ് ഫോറസ്റ്റും കുറ്റിച്ചെടിക്കൂട്ടമാണെന്ന് വേറേ പറയേണ്ടതില്ലല്ലോ. അവിടെ പുളയ്ക്കുകയാണ് സിംഹങ്ങള്‍, കരടികള്‍, കാട്ടുനായകള്‍, കുറുനരികള്‍.

എന്തായാലും ജനാധിപത്യമെന്ന പൈത്യത്തിലേക്ക് ജനം കൂട്ടമായി തിരിച്ചുപോയ ഒരു കാലഘട്ടത്തിലാണ് മൂന്നു പതിറ്റാണ്ടിനുശേഷം ഇന്ത്യന്‍ ജനത. ഇപ്പോഴും കാക്കിയിട്ട ഒരു സിങ്കപ്പുലി ഇങ്ങനെ വന്ന് സകല തിന്മകളും അഴിമതികളും തൊഴിമതിയെന്ന ഒറ്റ ശിക്ഷകൊണ്ട് വിധി നടപ്പിലാക്കി പരിഹരിച്ചുകളയുന്ന ഈ ചിത്രാഭാസം കാണാന്‍ ഇങ്ങനെ ജനം തള്ളിക്കൂടുന്നത് വിചിത്രം തന്നെ. വോട്ടായാലും സിനിമയായാലും ജനത്തിന് ഒന്നേയുള്ളൂ. സൂപ്പര്‍ ഹീറോകളെ കണ്ടാല്‍ ഇടിച്ചുകയറണം. നിസ്സാരകാരണം മതി ജനം ഇടിച്ചുകേറിക്കളയും എന്നാണല്ലോ ഗോപാലകൃഷ്ണന്‍ ഉര്‍വശി തീയേറ്റേഴ്‌സ് പറഞ്ഞിരിക്കുന്നത്.

കാറുകള്‍ ആകാശത്തിലൂടെ പറക്കുന്നു. തീപിടിച്ച് ചുറ്റോടുചുറ്റും എരിയുന്നതിനു നടുവിലൂടെ നായകന്‍ ഒരു നളനെപ്പോലെ നടന്നുവരുന്നു. കാര്‍ക്കോടകന്മാരായ രാഷ്ട്രീയക്കാരെ പത്തിക്കു ചവിട്ടി പതംവരുത്തുന്ന, കാളകൂടം തുപ്പിക്കുന്നു കൈത്തോക്കു മുതല്‍ കുഞ്ചന്‍ നമ്പ്യാരുടെ ഭീരങ്കി വരെയുള്ള അധുനാധുന യന്ത്രത്തോക്കുള്‍ അനവരതം നിറയൊഴിക്കുന്നു. മിസൈലുകള്‍ കൈ കൊണ്ടു പിടിച്ചെടുത്തു ചവച്ചരച്ചു തിന്നുന്നു. ഇങ്ങനെയൊക്കെയുള്ള ഇന്ദ്രജാലപ്രകടനങ്ങള്‍ കാണണമെങ്കില്‍ കാശെടുത്തുവീശൂ… കാണൂ… കലിയടക്കൂ…

ഇടയ്‌ക്കൊരിടത്ത് ഇന്ത്യന്‍ പീനല്‍ കോഡിനു പകരം പോലീസ് പുംഗവന്‍ ഭഗവദ്ഗീതയെ ഉദ്ധരിച്ച് നീതിസാരം സംസാരിച്ചുകാണാം. തെറ്റുപറയാനില്ല. സിങ്കമായി അജയ് ദേവ്ഗണ്‍ മാറിയ സന്ദര്‍ഭങ്ങളിലെല്ലാം ഈയൊരു ഗീതാദര്‍ശനവ്യാഖ്യാനപരത കാണാനുണ്ട്. കാലം മാറുന്നു കൂടെ അവരും എന്നാണല്ലോ പരസ്യവാക്യം.

വീരരസപ്രധാനവും ചോരരസപ്രധാനവുമായ ഈ സിനിമയില്‍ പ്രധാനവിഷയമായ പോലീസ് രാജിനു പുറമേ, മരുന്നിനു പ്രേമവും മേമ്പൊടിക്ക് ആക്ഷന്‍ ബേസ്ഡ് ഹാസ്യവും കുത്തിത്തിരുകിയിട്ടുണ്ട്. ആ വെണ്ണയില്ലാതെ ഈ റൊട്ടിയിറങ്ങാത്തവര്‍ക്ക് അങ്ങനെ. ഇന്ത്യക്കാര്‍ക്ക് അങ്ങനെ തന്നെ വരണം എന്ന് ഇപ്പോള്‍ ഹോളിവുഡുകാര്‍ രസിച്ചു ചിരിക്കുന്നുണ്ടാകണം.

[jwplayer mediaid=”124357″]

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top