കീറിമുറിച്ചുള്ള ജന്തുശാസ്ത്രപഠനം ഇനിയില്ല

സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി ലാബുകളില്‍ ഇനിമുതല്‍ ജീവിവര്‍ഗങ്ങളെ കീറിമുറിച്ചുള്ള പഠനങ്ങളും പരീക്ഷണങ്ങളും അവസാനിപ്പിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ ഹയര്‍സെക്കണ്ടറി ഡയറക്ടറേറ്റ് പുറത്തിറക്കി. 1972ലെ വന്യജീവി സംരക്ഷണനിയമത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയത്. ഇനി കമ്പ്യൂട്ടറിന്റെ സഹായത്തിലായിരിക്കും ജന്തുശാസ്ത്രപഠനം നടക്കുക.

തവള, പാമ്പ്, പാറ്റ തുടങ്ങിയ ജീവികളെ ജീവശാസ്ത്ര ലാബുകളില്‍നിന്ന് ഉടനടി മാറ്റണമെന്നുള്ള സര്‍ക്കുലറാണ് പുറത്തുവന്നിരിക്കുന്നത്. പഠനത്തിന്റെ പേരില്‍ ഇവയെ പിടിക്കുന്നതും കൊല്ലുന്നതും സൂക്ഷിക്കുന്നതിനുമൊക്കെ വിലക്ക് നിലവില്‍ വന്നു. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ജാമ്യമില്ലാ വകുപ്പനുസരിച്ച് ശിക്ഷിക്കപ്പെടും. വന്യജീവി സംരക്ഷണനിയമത്തിന്റെ പരിധിയില്‍ വരുന്ന ചെറുസസ്യങ്ങള്‍, പവിഴപ്പുറ്റുകള്‍ തവളകള്‍,  പാമ്പുകള്‍, പക്ഷികള്‍, ഉരഗങ്ങള്‍, കടല്‍ജീവികള്‍, ഗിനിപ്പന്നികള്‍, മുയലുകള്‍ എന്നിവയെയൊന്നും സ്‌കൂളുകളില്‍ പരീക്ഷണത്തിന് കൊണ്ടുവരാന്‍ പാടില്ല. ഇവയുടെ അസ്ഥിക്കൂടങ്ങള്‍, എല്ലുകള്‍, ഭ്രൂണങ്ങള്‍, തൂവലുകള്‍, തൊലി, സ്പിരിറ്റിലിട്ടുവെച്ച ഉടല്‍ എന്നിവയൊന്നും ലാബില്‍ സൂക്ഷിക്കാന്‍ പാടില്ലെന്നും സര്‍ക്കുലറിലുണ്ട്.

വിവിധ ജന്തുജാലങ്ങളെ സ്പിരിറ്റിലിട്ട് സ്‌കൂള്‍ കോളേജ് ലാബുകളിലും വിദ്യാര്‍ഥികള്‍ക്കിടയിലും ശാസ്ത്രമേളകളിലും ഇവയെ പ്രദര്‍ശിപ്പിക്കുന്നതും സാധാരണമാണ്. എന്നാല്‍, ഇനിമുതല്‍ ഇത്തരം ജീവിവര്‍ഗങ്ങളെ സൂക്ഷിക്കുന്നതിന് വിദ്യാലയങ്ങളിലെ മേധാവികള്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതി തേടണം. നവംബര്‍ അഞ്ചിനാണ് സര്‍ക്കാര്‍ ഇതു സംബന്ധിച്ചുള്ള സര്‍ക്കുലര്‍ പുറത്തിറക്കിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top