സഹോദരന്റെ ജാരവൃത്തി; യുവതിക്ക് കൂട്ടബലാത്സംഗവും നിര്‍ബന്ധിത വിവാഹവും ശിക്ഷ
തികച്ചും പ്രാകൃതവും അപരിഷ്കൃതവുമായ ഈ ശിക്ഷ വിധിച്ചത് ഉത്തര്‍പ്രദേശിലെ നാട്ടുകൂട്ടമാണ്. കണ്ണിന് കണ്ണ് പല്ലിന് പല്ല് എന്നതാണ് ഞങ്ങളുടെ രീതിയെന്നാണ് ഇവരുടെ വിശദീകരണം.
സഹോദരന് ഭര്‍ത്തൃമതിയായ കാമുകിയുമായി ഒളിച്ചോടിയതിനാണ് വിചിത്രവും ക്രൂരവുമായ ശിക്ഷ 24കാരിയായ യുവതിക്ക് ഏറ്റുവാങ്ങേണ്ടിവന്നത്. സഹോദരന്റെ കാമുകിയുടെ ഭര്‍ത്താവിനെ വിവാഹം കഴിക്കണമെന്നായിരുന്നു നാട്ടുകൂട്ടം വിധിച്ചത്. ഗ്രാമത്തില്‍ ചോരപ്പുഴ ഒഴുകുന്നത് തടയാന്‍ നാട്ടുകൂട്ടത്തിന്റെ തീരുമാനം അംഗീകരിക്കുകയായിരുന്നുവെന്നാണ് യുവതി പറഞ്ഞത്.

വിവാഹദിനം തന്നെ ഭര്‍ത്താവിന്റെ സഹോദരന്മാര് യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തു. ഇത് പിന്നീടുള്ള ദിവസങ്ങളിലും ആവര്‍ത്തിച്ചു. എന്റെ കുടുംബത്തെ അപമാനിച്ചതിന്റെ പ്രതികാരമായാണ് നിന്നെ മകനെക്കൊണ്ട് വിവാഹം കഴിപ്പിച്ചതെന്നാണ് ഭര്‍ത്തൃപിതാവ് യുവതിയോടെ പറഞ്ഞത്. നിരന്തര പീഡനം സഹിക്കവയ്യാതെ വീട്ടില്‍ നിന്നും ഒളിച്ചോടിയ യുവതി പോലീസില്‍ പരാതി നല്‍കിയപ്പോഴാണ് സംഭവം പുറംലോകം അറിഞ്ഞത്.
യുവതിയുടെ സഹോദരന് ഒളിച്ചോടിയതിന് ശേഷം കൂടിയ നാട്ടുകൂട്ടമാണ് വിചിത്രമായ ഈ വിധി പുറപ്പെടുവിച്ചത്. യുവതിയുടെ വീട്ടുകാര്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് 75000 രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും നാട്ടുകൂട്ടം വിധിച്ചു. യുവതി പോലീസില്‍ പരാതി നല്‍കിയതിന് ശേഷവും തങ്ങളുടെ നിലപാടില്‍ നാട്ടുകൂട്ടം ഉറച്ചു നില്‍ക്കുകയാണ്. കണ്ണിന് കണ്ണ് പല്ലിന് പല്ല് എന്നതാണ് തങ്ങളുടെ രീതിയെന്നാണ് ഇവരുടെ വിശദീകരണം.
കഴിഞ്ഞ മാര്‍ച്ച് 26ന് യുവതിയുടെ സഹോദരനെതിരെ ഭര്‍ത്തൃവീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. പരാതിയെ തുടര്‍ന്ന് ഇയാളെ ജയിലിലടച്ചെങ്കിലും തന്റെ ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്ന് പെണ്‍കുട്ടി അറിയിച്ചതിനെ തുടര്‍ന്ന് കോടതി വെറുതെ വിടുകയായിരുന്നു.
കഴിഞ്ഞ ജൂലൈ 21ന് പുലര്‍ച്ചെ വീട്ടില്‍ നിന്നും രക്ഷപ്പെട്ട യുവതി ജൂലൈ 27നാണ് മുസാഫറാനഗര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. കുറ്റക്കാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇവര്‍ ഉടന്‍ പിടിയിലാകുമെന്നും മുസഫറാനഗര് എസ്.പി മന്‍സില്‍ സൈനി പറഞ്ഞു.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക