നാവിഗേഷന്‍ രംഗത്തെ ഇന്ത്യന്‍ കുതിപ്പ് : IRNSS 1 A വിക്ഷേപണം വിജയകരം

ഐയ്റ്റി സിറിയക്

isro_350_062913043920_070113011629ഇന്ത്യന്‍ ശാസ്ത്ര സാങ്കേതിക രംഗത്ത് ചരിത്രം കുറിച്ച് ഐ.ആര്‍എന്‍എസ്എസ് 1 എ (റീജ്യണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം)  വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യയുടെ ആദ്യ പ്രാദേശിക നാവികേഷന്‍ സാറ്റ്‌ലൈറ്റാണ് ഐ.ആര്‍എന്‍എസ്എസ് 1 എ. അമേരിക്കയുടെ ജി.പി.എസ് (ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം) സംവിധാനം പോലെ ഐ എസ് ആര്‍ ഒ വികസിപ്പിച്ചെടുത്ത ഉപഗ്രഹ ശൃംഖലയുടെ ആദ്യ വിക്ഷേപണമാണിത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് തിങ്കളാഴ്ച രാത്രി 11. 47 നാണ് ഉപഗ്രഹം വിക്ഷേപിച്ചത്.

വിക്ഷേപണത്തില്‍ ഇന്ത്യയുടെ പടക്കുതിരയായ പി.എസ്.എല്‍.വിയുടെ സി 22, ഐ.ആര്‍.എന്‍.എസ്.എസ്1 എയെയും വഹിച്ച് പറന്നുയര്‍ന്നപ്പോള്‍ ഇന്ത്യന്‍ നാവിഗേഷന്‍ രംഗത്ത് വിപ്ലവങ്ങള്‍ സൃഷ്ടിക്കാനുള്ള കുതിച്ചുയരലായാണ് ശാസ്ത്ര ലോകം കാണുന്നത്. ഐ എസ് ആര്‍ ഒയുടെ ചരിത്രത്തിലെ പുതിയ നാഴികക്കല്ലാകും ഈ കുതിപ്പ്. തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേയ്‌സ് സെന്ററാണ് സി 22 റോക്കറ്റ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇന്ത്യയുടെ നാവിഗേഷന്‍ സംവിധാനത്തിന്റെ ഭാഗമായി ഐ.എസ് ആര്‍.ഒ വിക്ഷേപിക്കുന്ന ഏഴ് ഉപഗ്രഹങ്ങളില്‍ ആദ്യത്തേതാണ് ഐ ആര്‍ എന്‍ എസ് എസ് 1 എ.

ഐ ആര്‍ എന്‍ എസ് എസ്1 എ തുടങ്ങി ജി വരെയുള്ള ഏഴ് ഉപഗ്രഹങ്ങളാണ് നാവിഗേഷന്‍ ശൃംഖലയിലുള്ളത്. ആറ് മാസത്തില്‍ ഒരു ഉപഗ്രഹം വീതം വിക്ഷേപിച്ച് ബാക്കി ആറു ഉപഗ്രഹങ്ങളും 2015 നു മുമ്പ് ഭ്രമണപഥത്തിലെത്തിക്കണമെന്നാണ് ഐ.എസ്.ആര്‍.ഒയുടെ കണക്കുകൂട്ടല്‍.

IRNSS_Architectureഎതു കാലാവസ്ഥകളിലും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുവാന്‍ ശേഷിയുള്ളവയാണ് ഈ ഉപഗ്രഹങ്ങള്‍. ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 36,000 കി.മീ ഉയരത്തിലായി മൂന്ന് ഉപഗ്രഹങ്ങള്‍ ജിയോസ്‌റ്റേഷനറി ഓര്‍ബിറ്റിലും ശേഷിച്ചവ ജിയോസിംക്രണൈസ് ഓര്‍ബിറ്റുകളിലുമായിരിക്കും പ്രവര്‍ത്തിക്കുക. അതായത് ഭൂമിക്ക് ചുറ്റും അതിന്റെ ഭ്രമണത്തിന് അനുസരിച്ച് എല്ലാദിവസവും ഒരേ സമയം ഭൂമിയെ ചുറ്റുന്ന നാല് ഉപഗ്രഹങ്ങളും. ഭൂമധ്യരേഖയോട് ചേര്‍ന്ന് മുകളിലായി ഭൂമിയെ പ്രദക്ഷിണം ചെയ്യാതെ ഒരു സ്ഥലത്ത് തന്നെ സ്ഥിരമായി നില്‍ക്കുന്ന മൂന്ന് ഉപഗ്രഹങ്ങളുമാണ് ഐ.അര്‍.എന്‍.എസ്.എസില്‍ ഉള്ളത്.

രാജ്യം മുഴുവന്‍ സ്ഥാനനിര്‍ണയം നടത്താനും രാജ്യത്തിന്റെ ഭൂമിശാസ്ത്ര അതിര്‍ത്തികള്‍ക്ക് പുറത്ത് 1500 കിലോമീറ്റര്‍ ചുറ്റളവിലുള്ള വിവരങ്ങളും പകര്‍ന്നു നല്‍കാനും ഉപഗ്രഹങ്ങള്‍ കാര്യക്ഷമമാകുന്നത്തോടെ കഴിയും. കരപ്രദേശത്ത് 10 മീറ്റര്‍ വരെയും കടല്‍പ്രദേശത്ത് 20 മീറ്റര്‍ വരെയുമുള്ള കൃത്യതയുള്ള വിവരങ്ങള്‍ ഐ.ആര്‍.എന്‍.എസ് എസിന് നല്‍കാന്‍ കഴിയുന്ന രീതിയിലാണ് ഇന്ത്യ പദ്ധതി നടപ്പാക്കുന്നത്. വ്യോമ മേഖല, നാവിക മേഖല, ദുരിത നിവാരണം, മൊബൈല്‍ ഫോണ്‍ വഴിയുള്ള നാവിക നിയന്ത്രണം തുടങ്ങിയവയ്ക്കും ഇത് സഹായകമാകും. കപ്പല്‍ ജീവനക്കാര്‍ക്കുള്ള ദൃശ്യ, ശ്രാവ്യ സംവിധാനങ്ങളിലൂടെയുള്ള സന്ദേശങ്ങളുടെ കൈമാറ്റം തുടങ്ങി ഒട്ടേറെ മേഖലകളില്‍ ഉപഗ്രഹം പ്രയോജനം ചെയ്യും.

കഴിഞ്ഞ ജൂണ്‍ 12 ന് ഉപഗ്രഹം വിക്ഷേപിക്കാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചില സാങ്കേതിക തകരാറുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിക്ഷേപണം തിങ്കളാഴ്ച രാത്രി രാത്രി 11.41ലേക്ക് മാറ്റുകയായിരുന്നു. അര്‍ദ്ധരാത്രിയോട് അടുത്ത് ഐ.എസ്.ആര്‍.ഒ ഉപഗ്രഹ വിക്ഷേപണം നടത്തുന്നത് ഇത് ആദ്യമായാണ്. ഭ്രമണപഥത്തിന്റെ സവിശേഷത കണക്കിലെടുത്താണ് വിക്ഷേപണ സമയം രാത്രി 11.41ന് നിശ്ചയിച്ചത്. ശനിയാഴ്ച രാവിലെ 7.11ന് ആരംഭിച്ച 64.5 മണിക്കൂര്‍ നീണ്ട് നിന്ന കൗണ്‍ ഡൗണിനുശേഷമാണ് ഉപഗ്രഹ വിക്ഷേപണം നടന്നത്.

IRNSS_COVERAGE1425 കിലോഗ്രാം ഭാരമാണ് ഐ ആര്‍ എന്‍ എസ് എസ്1 എയ്ക്ക് ഉള്ളത്. ഉപഗ്രഹത്തിന്റെ കാലാവധി പത്ത് വര്‍ഷമാണ്. ഇന്ത്യ സ്വതന്ത്രമായി രൂപകല്പന ചെയ്ത് വികസിപ്പിച്ചെടുത്ത ആദ്യ നാവിഗേഷന്‍ ഉപഗ്രഹമാണിത്. ഈ പദ്ധതിക്ക് 2006ലാണ് കേന്ദ്ര സര്‍ക്കാര്‍ ഐ.എസ്.ആര്‍.ഒയ്ക്ക് അനുമതി നല്‍കിയത്. 1420 കോടി രൂപയാണ് മൊത്തം പദ്ധതി ചെലവ്. ഐ.ആര്‍.എന്‍.എസ്.എസ് നാവിഗേഷന്‍ നിലയത്തെ നിയന്ത്രിക്കുന്നത് കര്‍ണാടകയിലെ ബ്യാലലുവില്‍ ഉള്ള ഐ.എസ്.ആര്‍.ഒ നിലയമായിരിക്കും. 2015ല്‍ പദ്ധതി സമ്പൂര്‍ണമായി പ്രവര്‍ത്തനക്ഷമമാകും.

യൂറോപ്യന്‍ യൂണിയന്‍ വിഭാവനം ചെയ്‌യുന്ന ഉപഗ്രഹ സംവിധാനമായ ഗലീലീലയുടെ ഭാഗമാകാനാണ് ഇന്ത്യ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. മാത്രമല്ല യൂറോപ്യന്‍ പ്രോഗ്രാമില്‍ ഇന്ത്യയുടെ സൈനിക സിഗ്നലുകല്‍ ഭദ്രമല്ല എന്ന തോന്നലും ഇന്ത്യക്കുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന് 1420 കോടി മുടക്കി സ്വന്തമായി നാവിഗേഷന്‍ സാറ്റലൈറ്റ് വികസിപ്പിച്ചെടുക്കാന്‍ ഇന്ത്യ തീരുമാനിക്കുകയായിരുന്നു.

ലോകത്ത് തന്നെ ചുരുക്കം നാവിഗേഷന്‍ സംവിധാനങ്ങളില്‍ ഒന്നാണ് ഇന്ത്യന്‍ റീജണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സംവിധാനം (ഐ.ആര്‍.എന്‍.എസ്.എസ്). റഷ്യക്കും, ചൈനയ്ക്കുമാണ് സ്വന്തമായി നാവിഗേഷന്‍ സംവിധാനമുള്ള മറ്റ് രാജ്യങ്ങള്‍. അമേരിക്കയുടെ ജിപിഎസ് പോലെ നാവിഗേഷന്‍ സംവിധാനം സ്വന്തം നിലയില്‍ വികസിപ്പിച്ചെടുക്കുകയാണ് പല രാഷ്ട്രങ്ങളുടേയും ലക്ഷ്യം. ജപ്പാനും, ഫ്രാന്‍സും ഇതിനായുളള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

യുദ്ധങ്ങളും മറ്റ് ആഭ്യന്തര കലാപങ്ങളും നടക്കുന്ന സമയം നാവിഗേഷന്‍ സംവിധാനത്തിനായി വാടക ഉപഗ്രഹങ്ങളെയാണ് ഇന്ത്യ ആശ്രയിക്കുന്നത്. പുതിയ ഉപഗ്രഹത്തിന്റെ വിക്ഷേപണത്തോടെ ഇന്ത്യക്ക് മറ്റൊരു രാജ്യത്തെ ആശ്രയിക്കാതെ തന്നെ ജിപിഎസിന് തത്തുല്യമായ നാവിഗേഷന്‍ സംവിധാനം ഉപയോഗിക്കാം.ഇന്ത്യയിലെ ഓരോ മുക്കും മൂലയും തിരയാന്‍ വ്യാപകമായി ഉപയോഗിക്കുന്നത് ജിപിഎസ് സംവിധാനമാണ്. ഐ.ആര്‍.എന്‍.എസ്.എസ് 1 എ ഭ്രമണപഥത്തിലെത്തുന്നതോടെ ദിശാനിര്‍ണയത്തില്‍ ഇന്ത്യയ്ക്ക് വന്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

നാവിഗേഷന്‍ ഗവേഷണ രംഗത്തിന്റെ തുടക്കം ജി.പി.എസ്സിലൂടെ

smart-phone-gpsനാവിഗേഷന്‍ ഗവേഷണ രംഗത്തിന്റെ തുടക്കം സൈനിക ലക്ഷ്യത്തോടെയെങ്കിലും ഇന്ന് എല്ലാവര്‍ക്കും ഉപയോഗപ്രതമാകുന്ന സംവിധാനമായി ഇവ വളര്‍ന്നു കഴിഞ്ഞു. ഭൗമോപരിതലത്തില്‍ എവിടെയുമുള്ള കൃത്യമായ സ്ഥാനം, സമയം, ദിശ എന്നിവ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 1973ല്‍ യുഎസ് പ്രതിരോധ വകുപ്പാണ് ഇത്തരമൊരു പദ്ധതിയുമായി രംഗത്തെത്തിയത്. കൃത്യമായ സ്ഥാനം കണക്കാക്കുന്നത് അക്ഷാംശം, രേഖാംശം, സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം ഇവയുടെ അടിസ്ഥാനത്തിലാണ്. 1980ല്‍ ലോകരാഷ്ട്രങ്ങള്‍ക്കെല്ലാം ഇതു പൊതുജനാവശ്യത്തിന് ഉപയോഗിക്കാന്‍ യുഎസ് അനുമതി നല്‍കി. പിന്നീടങ്ങോട്ടു ലോകമെമ്പാടും ജിപിഎസ് വിപ്ലവമായിരുന്നു.

നാവിഗേഷന്‍ സിസ്റ്റം വിത്ത് ടൈം ആന്‍ഡ് റേഞ്ചിങ് ഗ്‌ളോബല്‍ പൊസിഷനിങ് സിസ്റ്റം എന്നതിന്റെ ചുരുക്കപ്പേരാണു ജിപിഎസ്. ഒറ്റവാക്കില്‍ പറയുകയാണെങ്കില്‍ ഒരു വഴികാട്ടിയെന്ന് നമുക്കിതിനെ വിശേഷിപ്പിക്കാം. നമുക്ക് പോകാനുള്ള സ്ഥലം കാണിച്ച് തന്ന് ശരിയായ വഴിയിലൂടെ നമ്മെ നിശ്ചിത സ്ഥലത്തെത്തിക്കാന്‍ ജിപിഎസ് സംവിധാനം സഹായിക്കുന്നു. ജി.പി.എസ് അധിഷ്ഠിത പേഴ്‌സണല്‍ നാവിഗേറ്ററുകള്‍ ഇന്ന് കേരളത്തിലും വ്യാപകമാണ്.

ജിപിഎസിനെ വെല്ലാന്‍ 1982ല്‍ റഷ്യ രൂപംനല്‍കിയ ഉപഗ്രഹ അധിഷ്ഠിത റേഡിയോ നാവിഗേഷന്‍ സംവിധാനമാണു ഗ്‌ളോനസ് (ഗ്‌ളോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം). നൂറോളം ഉപഗ്രഹങ്ങള്‍ ഈ പദ്ധതിയുടെ ഭാഗമായി ബഹിരാകാശത്തുണ്ടെങ്കിലും ജിപിഎസിനെ കടത്തിവെട്ടുന്ന രീതിയില്‍ പ്രവര്‍ത്തന മികവ് കൈവരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. 2000ത്തില്‍ ചൈനയും ബെയ്‌ഡോ എന്ന പേരില്‍ നാവിഗേഷന്‍ സംവിധാനം പുറത്തിറക്കി എന്തായാലും ഇന്നു രാജാവ് ജിപിഎസ് തന്നെയാണ്.

ജിപിഎസിന്റെ സ്ഥാനം ഇന്ത്യയില്‍ നമ്മുടെ ഐ.ആര്‍.എന്‍.എസ്.എസ് കൈയ്യടക്കുമോ എന്ന് കാത്തിരുന്ന് കാണാം. ഇന്ത്യയുടെ ഈ നീക്കത്തെ ലോക രാഷ്ട്രങ്ങളെല്ലാം ആകാംഷയോടെയാണ് ഉറ്റ് നോക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top