കേരളയാത്രയുടെ സമാപന സമ്മേളനം രാഹുല്‍ ഗാന്ധി ഉത്ഘാടനം ചെയ്തു
തിരുവനന്തപുരം: കെപിസിസി പ്രസിഡണ്ട് രമേശ് ചെന്നിത്തല നയിച്ച കേരളയാത്ര തിരുവനന്തപുരത്ത് സമാപിച്ചു. സമാപന സമ്മേളനം എഐസിസി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉത്ഘാടനം ചെയ്തു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സമാപന സമ്മേളനത്തില്‍ കേന്ദ്രമന്ത്രിമാരായ എ.കെ ആന്റണി. വയലാര്‍ രവി ശശി തരൂര്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കെ.സി വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.
തിരുവനന്തപുരത്ത് വിമാനമിറങ്ങിയ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സമാപന സമ്മേളന വേദിയിലെത്തിയത്.

രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് നഗരത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ആയിരത്തഞ്ഞൂറോളം പോലീസുകാരും നാന്നൂറോളം ട്രാഫിക് പോലീസിനെയും ഇതിനായി നിയോഗിച്ചിട്ടുണ്ട്.
സന്ദര്‍ശനത്തിന്റെ ഭാഗമായി നഗരത്തില്‍ പാര്‍ക്കിംഗ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളം മുതല്‍ മസ്ക്കറ്റ് ഹോട്ടല്‍ വരെയും ഇവിടുന്ന് സെന്‍ട്രല്‍ സ്റ്റേഡിയം വരെയുമാണ് നിയന്ത്രണം. പ്രകടനമില്ലാത്തതിനാല് മറ്റു ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ മാസമാണ് രമേശ് ചെന്നിത്തലയുടെ കേരളയാത്രക്ക് തുടക്കമായത്. കാസര്‍ഗോട് നിന്നും ആരംഭിച്ച ജാഥാപര്യടനം കഴിഞ്ഞ ദിവസം പാറശ്ശാലയില്‍ സമാപിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ജാഥ പാര്‍ട്ടി പ്രവര്‍ത്തകരെ സജീവമാക്കിയതായി നേതൃത്വം അവകാശപ്പെടുന്നു. എന്നാല്‍ കെപിസിസി പ്രസിഡണ്ട് സ്ഥാനത്തു നിന്നും രമേശ് മന്ത്രിസഭയിലേക്ക് വരുന്നുവെന്നതാണ് സമാപന സമ്മേളനത്തിലെ സജീവ ചര്‍ച്ച.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക