15 വര്‍ഷത്തിനുള്ളില്‍ ആത്മഹത്യ ചെയ്തത് 2.7 ലക്ഷം കര്‍ഷകര്‍
കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ 2,70,000 കര്‍ഷകര്‍ ആത്മഹത്യ ചെയ്തെന്ന രേഖയുള്ളത് കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയിലാണ്. നല്കിക്കൊണ്ടിരുന്ന സഹായ സഹകരണങ്ങള്‍ പലഘട്ടങ്ങളിലായി സര്‍ക്കാരുകള്‍ പിന്‍വലിച്ചതാണ് രാജ്യത്തെ കാര്‍ഷിക മേഖലയുടെ തകര്‍ച്ചക്ക് മൂലകാരണമായത്. രാജ്യത്തെ കര്‍ഷകരുടേയും കുടുംബങ്ങളുടേയും ദുരവസ്ഥയെക്കുറിച്ചുള്ള ഡോക്യുമെന്ററിയാണ് എ ഫിലിം ഓണ്‍ ഫാര്‍മര്‍ സൂയിസൈഡ് ആന്റ് അഗ്രേറിയന്‍ ക്രൈസ് ഇന്‍ ഇന്ത്യ.
അളകനന്ദ നാഗ് സംവിധാനം ചെയ്തിരിക്കുന്ന ഡോക്യുമെന്ററി നിര്‍മ്മിച്ചിരിക്കുന്നത് ആക്ഷന്‍ എയ്ഡ് ഇന്ത്യയാണ്. അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ(സര്‍ക്കാരിതര സംഘടന) ആയ ആക്ഷന്‍ എയ്ഡ് 1972 മുതല്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കര്‍ഷക സമൂഹം നേരിടുന്ന പ്രതിസന്ധികളുടെ ആഴങ്ങളിലേക്കാണ് ഒമ്പത് മിനുറ്റ് ദൈര്‍ഘ്യമുള്ള ഈ ഡോക്യുമെന്ററി കടന്നു ചെല്ലുന്നത്.

കര്‍ഷകരുടെ ദുരിതങ്ങളെ കണ്ടില്ലെന്ന നടിക്കുന്ന സര്‍ക്കാരുകളെയാണ് ഡോക്യുമെന്ററി രൂക്ഷമായി വിമര്‍ശിക്കുന്നത്. അന്തകവിത്തുകളും, സ്വകാര്യ പണമിടപാടുകാരുടെ കുരുക്കുകളും, കാലാവസ്ഥാ വ്യതിയാനവുമെല്ലാം കര്‍ഷകരുടെ അകാലചരമങ്ങളുടെ കാരണങ്ങളായി പലയിടത്തും ഇടം പിടിച്ചു. രാഷ്ട്രപുരോഗതിക്കും രാഷ്ട്രനിര്‍മ്മാണത്തിനുമായി ജീവന് നല്കേണ്ടിവരുന്ന കര്‍ഷകരുടെ ജീവന് അര്‍ഹിക്കുന്ന പരിഗണന നല്കാന് ഇനിയെങ്കിലും സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന ഓര്‍മ്മപ്പെടുത്തലാണ് ഈ ഡോക്യുമെന്ററി.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക