ഇന്ത്യക്കാരുടെ പരാതികള്‍ സൗദി മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷിക്കും

riadhറിയാദ്: ഇരുനൂറ് ഇന്ത്യക്കാരടക്കം 69 മലയാളികളുടെ പരാതി സൗദി മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷിക്കും. മനുഷ്യക്കടത്ത് മാഫിയയുടെ കെണിയില്‍ പെട്ട്  താമസാനുമതി  ഇഖാമ മരവിപ്പിച്ചതിനെ തുടര്‍ന്ന് റിയാദില്‍ കുടുങ്ങിയവരുടെ പരാതികളാണ് കമ്മീഷന്‍ അന്വേഷിക്കുന്നത്.  നിതാഖത്തിനെ തുടര്‍ന്ന്  ചുവന്ന പട്ടികയിലായ കമ്പനി കൈയൊഴിഞ്ഞ തൊഴിലാളികള്‍ കഴിഞ്ഞ ദിവസം മനുഷ്യാവകാശ കമ്മീഷന്‍ ആസ്ഥാനത്ത് നേരിട്ടെത്തി പരാതി നല്‍കിയിരുന്നു. എത്രയും പെട്ടെന്ന് പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് കമ്മീഷന്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.

സൗദി പാസ്‌പോര്‍ട്ട് വകുപ്പുമായി ബന്ധപ്പെട്ട് ഫൈനല്‍ എക്‌സിറ്റിനോ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിനോ കമ്മീഷന്‍ ഇടപെടുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികള്‍. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ടര്‍ നേരത്തെ വാര്‍ത്ത നല്‍കിയിരുന്നു. നിയമപരമായി എക്‌സിറ്റ് ലഭിച്ചാല്‍ നാട്ടിലേക്കു മടങ്ങാന്‍ ഇവര്‍ തയ്യാറാണ്. ചിലരെ ഇപ്പോള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ തന്നെ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ അറബ് പ്രാദേശിക മാധ്യമങ്ങള്‍ തൊഴിലാളികളുടെ പ്രശ്‌നം പ്രാധാന്യത്തോടെ ഏറ്റെടുത്തതോടെ തൊഴില്‍, ആഭ്യന്തര മന്ത്രാലയങ്ങളും തൊഴിലാളികള്‍ക്കു അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. ഇന്ത്യന്‍ എംബസിയും ഗൗരവമായ ഇടപെടല്‍ നടത്തുന്നുണ്ട്. തൊഴിലാളികള്‍ ഇന്നലെ റിയാദ് ഗവര്‍ണറേറ്റിലും പരാതി നല്‍കി.

2010 ല്‍ തുര്‍ക്കി ആസ്ഥാനമായ മാപ്പ കണ്‍സ്ട്രക്ഷന്‍ ആന്റ് കോണ്‍ട്രാക്ടിംഗ് കമ്പനിയുടെ പേരില്‍ സൗദി അറേബ്യന്‍ ജനറല്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനത്തില്‍ ജോലിക്കെത്തിയവരാണ് വഞ്ചിതരായത്. രണ്ടു ലക്ഷത്തില്‍ കൂടുതല്‍ രൂപ ചിലവഴിച്ചാണ് ഇവര്‍ വിസ സമ്പാദിച്ചത്. ഫ്രീ വിസയാണെന്നും സ്‌പോണ്‍സര്‍ഷിപ്പ് മാറുന്നതിന് അവസരം ഒരുക്കുമെന്നും ഏജന്റുമാര്‍ വാഗ്ദാനം നല്‍കി. എന്നാല്‍ നിതാഖാത് പ്രാബല്യത്തിലായതോടെ കമ്പനി ചുവപ്പ് വിഭാഗത്തിലായി. ഇതോടെ പുറത്തു ജോലി ചെയ്തിരുന്ന എഞ്ചിനീയര്‍മാര്‍ ഉള്‍പ്പെടെയുളളവരുടെ തൊഴിലനുമതി റദ്ദാക്കിയതാണ് മലയാളികളടക്കമുളളവരെ ദുരിതത്തിലാക്കിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top