മുംബൈ സ്‌ഫോടനം: ദത്തിന് പിന്നാലെ മൂന്ന് പ്രതികള്‍ക്കുകൂടി കീഴടങ്ങാന്‍ സാവകാശം

സഞ്ജയ് ദത്തിന് പിന്നാലെ 1993 മുംബൈ സ്‌ഫോടനക്കേസില്‍ പ്രതികളായ മൂന്ന് പേര്‍ക്കുകൂടി കീഴടങ്ങാന്‍ സാവകാശം അനുവദിച്ചു. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ഇവര്‍ക്ക് നാല് ആഴ്ച്ചത്തെ സമയമാണ് സുപ്രീംകോടതി അനുവദിച്ചിരിക്കുന്നത്. അല്‍ത്താഫ് അലി, ഇസ മേമന്‍, യൂസഫ് നല്‍വാല എന്നിവര്‍ക്കാണ് കാലാവധി നീട്ടി നല്‍കിയത്.

കഴിഞ്ഞദിവസം സഞ്ജയ് ദത്തിന് കീഴടങ്ങാന്‍ നാലാഴ്ച്ചത്തെ സമയം അനുവദിച്ചിരുന്നു. കീഴടങ്ങാന്‍ ആറു മാസത്തെ സമയം വേണമെന്നാവശ്യപ്പെട്ടാണ് സഞ്ജയ് ദത്ത് നല്‍കിയ ഹര്‍ജിയിലായിരുന്നു സുപ്രീംകോടതി സാവകാശം അനുവദിച്ചത്. മുംബൈ സ്‌ഫോടനക്കേസില്‍ കുറ്റം ചുമത്തപ്പെട്ട സഞ്ജയ് ദത്തിന് മാര്‍ച്ച് 21 ന് അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷയാണ് സുപ്രീംകോടി വിധിച്ചത്. താന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ക്ക് നല്‍കിട്ടുള്ള ദയാഹര്‍ജിയില്‍ തീരുമാനം എടുക്കും വരെ ശിക്ഷ മരവിപ്പിക്കണമെന്നാണ് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. കരാറൊപ്പിട്ട സിനിമകള്‍ പൂര്‍ത്തിയാക്കണം എന്നും സഞ്ജയ് ദത്ത് ഹര്‍ജിയിലൂടെ അപേക്ഷിച്ചിരുന്നു.

അതേസമയം, ഇതേ ആവശ്യമുന്നയിച്ച സൈബുന്നീസ് അന്‍വര്‍ കാസിം, ഇസ്ഹാക്ക് മുഹമ്മദ് ഹജ്വന്‍, ഷെരീഫ് അബ്ദുള്‍ ഗഫൂര്‍ പാര്‍ക്കര്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് അല്‍തമാസ് കബീര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തള്ളിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top