നൂറ് വര്‍ഷത്തെ ഭൂകമ്പങ്ങള്‍ രേഖപ്പെടുത്തിയ ഭൂപടം പ്രസിദ്ധീകരിച്ചു

Earth_quake_Map

കഴിഞ്ഞ നൂറ് വര്‍ഷക്കാലത്തിനുള്ളില്‍ എവിടെയൊക്കെ ഭൂമികുലുക്കങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നതിന്റെ വ്യക്തമായ വിവരം നല്‍കുന്ന ഭൂപടം ഗവേഷകര്‍ പുറത്തിറക്കി. 1898 മുതല്‍ ഭൂകമ്പമാപിനിയില്‍ 4.0 ല്‍ കൂടുതല്‍ തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഭൂപടം തയ്യാറാക്കിയിരിക്കുന്നത്. ഭൂകമ്പതീവ്രത കൂടുന്നതിന് അനുസരിച്ച് തിളക്കം കൂട്ടി രേഖപ്പെടുത്തുന്ന രീതിയാണ് ഭൂപട നിര്‍മ്മാണത്തിന് സ്വീകരിച്ചിരിക്കുന്നത്.

ഭൂപാളികളുടെ ചലനമാണ് ഭൂകമ്പത്തിനുള്ള ഒരു കാരണമെന്ന ശാസ്ത്ര നിഗമനത്തിന് കൂടുതല്‍ ബലം നല്‍കുന്നതാണ് ഭൂകമ്പ ഭൂപടത്തിന്റെ രൂപം. ചങ്ങലപോലെ പരസ്പരം ബന്ധപ്പെട്ട് നീണ്ടുകിടക്കുന്ന ഭൂകമ്പ മേഖലകള്‍ ഭൂപടത്തില്‍ വ്യക്തമാണ്. ഭൂമിയെ ഒന്നിലേറെ പാളികളായി വേര്‍തിരിക്കുന്ന രീതിയിലുള്ള ദൃശ്യമാണ് ഭൂകമ്പ ഭൂപടം നല്‍കുന്നത്. കഴിഞ്ഞ 115 വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ 2,03,186 ഭൂകമ്പങ്ങള്‍ ഉപയോഗിച്ചാണ് ഭൂപടം തയ്യാറാക്കിയിരിക്കുന്നത്.

ഭൂപടത്തില്‍ ഏറ്റവും വ്യക്തമായി കാണാനാകുന്നത് അറ്റ്‌ലാന്റിക് മഹാസമുദ്രത്തെ രണ്ടായി വിഭജിക്കുന്ന ഭാഗമാണ്. ഏറ്റഴും കൂടുതല്‍ ഭൂകമ്പസാധ്യതയുള്ളതും ഇതേ പ്രദേശത്തു തന്നെയാണെന്നും വ്യക്തമാണ്. പസഫിക് സമുദ്രം കേന്ദ്രീകരിച്ച് ഭൂപടം നിര്‍മ്മിക്കാനുള്ള തീരുമാനവും നിര്‍ണ്ണായകമായി. ഇത് ഭുകമ്പ ബാധിത പ്രദേശങ്ങളുടം കൂടുതല്‍ വ്യക്തമായ രൂപം ലഭിക്കുന്നതിന് സഹായകരമായി.

1898 മുതല്‍ ഇതു വരെയുള്ള സമയത്തിനിടെ ഭൂകമ്പ നിര്‍ണയ സംവിധാനത്തില്‍ ഏറെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. 1960 ന് ശേഷം രേഖപ്പെടുത്തിയ ഭൂകമ്പങ്ങളുടെ എണ്ണത്തിലും വലിയ തോതിലുള്ള വര്‍ധനവുണ്ടായിട്ടുണ്ട്. യു.എസ് ജിയോളജിക്കല്‍ സര്‍വേ, കാലിഫോര്‍ണിയ സര്‍വ്വകലാശാല, നാസ എന്നിവയുടെ ശേഖരത്തിലുള്ള വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഭൂപടം തയ്യാറാക്കിയിരിക്കുന്നത്.

ഞങ്ങള്‍ പുതിയവിവരങ്ങള്‍ ഒന്നും കൊണ്ടുവന്നിട്ടില്ല. വ്യത്യസ്ഥമായ രീതിയില്‍ ഒറ്റനോട്ടത്തില്‍ പരമാവധി വിവരം ലഭിക്കുന്ന രീതിയില്‍ അവതരിപ്പിക്കുക മാത്രമാണ് ഞങ്ങള്‍ ചെയ്തതെന്ന് ഗവേഷക സംഘം മേധാവി ജോണ്‍ നെല്‍സണ്‍ പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top